ബംഗ്ലാദേശ് സൈന്യത്തിൽ വൻ മാറ്റങ്ങൾ; ഡിജിഎഫ്ഐയ്ക്കും സിജിഎസിനും പുതിയ തലവൻമാർ


23, February, 2026
Updated on 23, February, 2026 3


ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ രാജ്യത്തെ സൈനിക തലപ്പത്ത് വൻ അഴിച്ചുപണി നടത്തി. സൈനിക ആസ്ഥാനത്തെ തന്ത്രപ്രധാനമായ തസ്തികകളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള ഉത്തരവ് ഭരണകൂടം പുറത്തിറക്കി. ഇതിന്റെ ഭാഗമായി ലെഫ്റ്റനന്റ് ജനറൽ എം. മൈനൂർ റഹ്മാനെ പുതിയ ചീഫ് ഓഫ് ജനറൽ സ്റ്റാഫായി (സിജിഎസ്) നിയമിച്ചു. വിരമിക്കൽ അവധിയിലുള്ള ലെഫ്റ്റനന്റ് ജനറൽ മിസാനൂർ റഹ്മാൻ ഷമീമിന് പകരമാണ് ഈ നിയമനം. കൂടാതെ, രാജ്യത്തെ പ്രധാന രഹസ്യാന്വേഷണ ഏജൻസിയായ ഡി.ജി.എഫ്.ഐയുടെ തലവനായി മേജർ ജനറൽ കൈസർ റഷീദ് ചൗധരിയും ചുമതലയേൽക്കും.


സൈന്യത്തിലെ മറ്റ് പ്രധാന പദവികളിലും നിർണ്ണായകമായ പുനഃക്രമീകരണങ്ങൾ നടന്നിട്ടുണ്ട്. പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസറായി ലെഫ്റ്റനന്റ് ജനറൽ മിർ മുഷ്ഫിഖുർ റഹ്മാനെ നിയമിച്ചപ്പോൾ, മുൻപ് ഈ പദവിയിലുണ്ടായിരുന്ന എസ്.എം. കമ്രുൽ ഹസനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മാറ്റി. ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിൽ ഡിഫൻസ് അഡ്വൈസറായിരുന്ന ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഹഫീസുർ റഹ്മാനെ തിരിച്ചുവിളിക്കുകയും അദ്ദേഹത്തിന് മേജർ ജനറലായി സ്ഥാനക്കയറ്റം നൽകി 55-ാം ഇൻഫൻട്രി ഡിവിഷന്റെ ചുമതല നൽകുകയും ചെയ്തു.


പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ സൈന്യത്തെയും പ്രതിരോധ സംവിധാനങ്ങളെയും പുനഃക്രമീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.എൻ.പി സർക്കാർ ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇൻ്റലിജൻസ് വിഭാഗങ്ങളിലും തന്ത്രപ്രധാന കമാൻഡുകളിലും തങ്ങളുടെ വിശ്വസ്തരെ എത്തിക്കാൻ താരിഖ് റഹ്മാൻ ഭരണകൂടത്തിന് സാധിച്ചു. ബംഗ്ലാദേശിലെ പുതിയ ഭരണമാറ്റത്തിന് ശേഷമുള്ള ഏറ്റവും നിർണ്ണായകമായ സൈനിക പരിഷ്കാരങ്ങളായാണ് അന്താരാഷ്ട്ര നിരീക്ഷകർ ഈ മാറ്റങ്ങളെ വിലയിരുത്തുന്നത്.




Feedback and suggestions