അഫ്ഗാൻ മണ്ണിൽ പാകിസ്ഥാന്റെ പ്രത്യാക്രമണം; സ്ത്രീകളും കുട്ടികളുമടക്കം 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്


22, February, 2026
Updated on 22, February, 2026 8


അഫ്ഗാനിസ്ഥാൻ അതിർത്തിക്കുള്ളിൽ ഭീകരവാദ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് പാകിസ്ഥാൻ മിന്നലാക്രമണം നടത്തി. അഫ്ഗാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരവാദ ഗ്രൂപ്പുകളെ അടിച്ചമർത്താനാണ് ഈ നീക്കമെന്ന് പാക് വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി ഏഴോളം ഭീകരതാവളങ്ങളിലാണ് ആക്രമണം നടന്നതെന്ന് പാകിസ്ഥാൻ അവകാശപ്പെടുമ്പോഴും, പക്തിക, നംഗർഹാർ പ്രവിശ്യകളിലെ ജനവാസ മേഖലകളിലും മതപഠനശാലകളിലുമാണ് പാക് സൈന്യം ബോംബിട്ടതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ആരോപിക്കുന്നു.


പാക് ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 17 സാധാരണക്കാർ കൊല്ലപ്പെട്ടതായാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. അടുത്തിടെ പാകിസ്ഥാനിലെ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനമുൾപ്പെടെയുള്ള ആക്രമണങ്ങൾക്ക് പിന്നിൽ അഫ്ഗാൻ കേന്ദ്രീകരിച്ചുള്ള സംഘടനകളാണെന്ന പാക് ആരോപണമാണ് പുതിയ സൈനിക നടപടിക്ക് കാരണമായത്. 2008-ന് ശേഷം പാകിസ്ഥാൻ നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നായ ഇസ്ലാമാബാദ് സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടിരുന്നു.സൗദി അറേബ്യയുടെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടുവരുന്നതിനിടെയുണ്ടായ ഈ ആക്രമണം മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തടവിലാക്കിയ മൂന്ന് പാക് സൈനികരെ അഫ്ഗാൻ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയുണ്ടായ പാകിസ്ഥാന്റെ ഈ നീക്കം അഫ്ഗാൻ ഭരണകൂടത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. ആക്രമണത്തെ ശക്തമായി അപലപിച്ച അഫ്ഗാനിസ്ഥാൻ, ഇതിന് തക്കതായ മറുപടി നൽകുമെന്ന സൂചനയാണ് നൽകുന്നത്




Feedback and suggestions