9, February, 2026
Updated on 9, February, 2026 10
പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഡൽഹിയിലേക്ക് തിരിക്കുന്ന ബിജെപി കൗൺസിലർമാരുടെ സംഘത്തോടൊപ്പം മുൻ ഡിജിപി ആർ. ശ്രീലേഖ പോകില്ല. മൂന്ന് ദിവസം നീളുന്ന ട്രെയിൻ യാത്രയിലെ ബുദ്ധിമുട്ടുകൾ കാരണമാണ് താൻ സംഘത്തിനൊപ്പം ചേരാത്തതെന്ന് ശ്രീലേഖ പാർട്ടി നേതൃത്വത്തെ അറിയിച്ചു. എന്നാൽ, പ്രധാനമന്ത്രി വിരുന്നൊരുക്കുന്ന ദിവസം ശ്രീലേഖ വിമാനമാർഗ്ഗം ഡൽഹിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാരും വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരും ഇന്ന് ഉച്ചയ്ക്ക് 12.30-ന് കേരള എക്സ്പ്രസിലാണ് യാത്ര തിരിക്കുന്നത്.
യാത്ര തിരിക്കുന്ന സംഘത്തിന് ട്രെയിൻ കടന്നുപോകുന്ന വിവിധ സംസ്ഥാനങ്ങളിൽ ബിജെപി സ്വീകരണം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ആർ. ശ്രീലേഖയ്ക്ക് പുറമെ സ്റ്റാൻഡിങ് കമ്മിറ്റി അംഗം എം.ആർ. ഗോപനും ഈ യാത്രയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. മാതാവിന്റെ ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് താൻ വരാത്തതെന്ന് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ മാസം 12-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനപ്രതിനിധികൾക്കായി പ്രത്യേക വിരുന്ന് ഒരുക്കിയിരിക്കുന്നത്.
അടുത്തിടെ തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ സ്ഥാനത്തെച്ചൊല്ലി ആർ. ശ്രീലേഖ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത് വലിയ വാർത്തയായിരുന്നു. പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തിയ ചടങ്ങിൽ ശ്രീലേഖ സ്റ്റേജിൽ ഒറ്റപ്പെട്ടു നിൽക്കുന്ന വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ശ്രീലേഖ കൗൺസിലർമാരുടെ സംഘത്തോടൊപ്പം യാത്ര ചെയ്യാത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വിവിധ വ്യാഖ്യാനങ്ങൾക്ക് ഇട നൽകുന്നുണ്ട്. എങ്കിലും പ്രധാനമന്ത്രിയുടെ വിരുന്നിൽ അവർ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.