നൈജീരിയയിൽ ട്രക്ക് അപകടം: 30 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്


9, February, 2026
Updated on 9, February, 2026 6


നൈജീരിയയിലെ കാനോ സ്റ്റേറ്റിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ ഭീകരമായ ട്രക്ക് അപകടത്തിൽ 30 പേർ കൊല്ലപ്പെട്ടു. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടത്തിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. കാനോയിലെ ഗെസാവ ലോക്കൽ ഗവൺമെൻ്റ് പരിധിയിലുള്ള ക്വാനർ ബാർഡിലെ ഹൈവേയിൽ വെച്ചാണ് യാത്രക്കാരും സാധനങ്ങളും കയറ്റി വരികയായിരുന്ന ട്രെയിലർ നിയന്ത്രണം വിട്ട് മറിഞ്ഞത്.ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിൽ റോഡുകളുടെ മോശം അവസ്ഥയും ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതും ഇത്തരത്തിലുള്ള ദുരന്തങ്ങൾ പതിവാക്കുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.ഗുജുംഗു ടൗണിലേക്ക് പോവുകയായിരുന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടതെന്ന് കാനോ ഗവർണറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പരിക്കേറ്റ നിരവധി പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ഇതിൽ പലരുടെയും നില ഗുരുതരമാണെന്ന് ഗവർണർ അബ്ബ കബീർ യൂസഫിന്റെ വക്താവ് സനുസി ബട്ടൂർ ദാവക്കിൻ ടോഫ അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെയും കാനോയിലെ ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ഗവർണർ വ്യക്തമാക്കി. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകാൻ ആരോഗ്യ മന്ത്രാലയത്തിന് അദ്ദേഹം നിർദ്ദേശം നൽകി.നൈജീരിയയിൽ റോഡ് അപകടങ്ങൾ ഒരു വലിയ സാമൂഹിക പ്രശ്നമായി തുടരുകയാണ്. കഴിഞ്ഞ ഡിസംബറിൽ ബ്രിട്ടീഷ് ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യൻ ആന്തണി ജോഷ്വയ്ക്കും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും ലാഗോസ്-ഇബാദാൻ എക്സ്പ്രസ് വേയിൽ വെച്ച് സമാനമായ രീതിയിൽ അപകടം സംഭവിച്ചിരുന്നു.


നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ചുകയറി ജോഷ്വയ്ക്ക് പരിക്കേൽക്കുകയും രണ്ട് സഹപ്രവർത്തകർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഡ്രൈവറുടെ അമിതവേഗതയായിരുന്നു അന്നത്തെ അപകടത്തിനും കാരണമായത്.


ഞായറാഴ്ചത്തെ അപകടത്തെത്തുടർന്ന് ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. നിയമലംഘകർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.ഗെസാവയിലെ ക്വാനർ ബാർഡിൽ നടന്ന അപകടം ഇത്തരത്തിലുള്ള വലിയ വാഹനങ്ങൾ ഓടിക്കുന്നവരുടെ അശ്രദ്ധ വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാൻ ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് വിഭാഗത്തെയും ഗവർണർ ചുമതലപ്പെടുത്തിയിട്ടുണ്ട്.






Feedback and suggestions