1, February, 2026
Updated on 1, February, 2026 27
അമേരിക്ക നൽകിയ അന്ത്യശാസനത്തിന് വഴങ്ങില്ലെന്ന് ഇറാൻ വ്യക്തമാക്കിയത് ഇസ്ലാമിക് റിപ്പബ്ലിക്കിൻ്റെ നിശ്ചയദാർഢ്യം പ്രകടമാക്കുന്നത് തന്നെയാണ്. ഒറ്റയ്ക്ക് നിന്ന് ലോക വൻ ശക്തിയെ വെല്ലുവിളിക്കാനുള്ള ആ തൻ്റേടത്തിന് എന്തായാലും സല്യൂട്ട് നൽകാതിരിക്കാൻ കഴിയുകയില്ല. സംഘർഷമുണ്ടായാൽ കൊല്ലപ്പെടുന്ന അമേരിക്കൻ സൈനികരെ സംസ്‌കരിക്കുന്നതിനായി ആയിരക്കണക്കിന് ശവകുടീരങ്ങൾ സ്ഥാപിക്കാൻ ശേഷിയുള്ള ഒരു സ്ഥലം ടെഹ്‌റാനിലെ ബെഹെഷ്ത് സഹ്‌റ സെമിത്തേരിയിൽ ഒരുക്കിയിട്ടുണ്ടെന്നാണ്, ഇറാൻ സർക്കാറുമായി ബന്ധമുള്ള മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് അമേരിക്കയെ മാത്രമല്ല, മറ്റ് ലോക രാജ്യങ്ങളെയും അമ്പരിപ്പിക്കുന്ന ഒരു വാർത്തയാണ്.
അമേരിക്ക ഇറാനെ ആക്രമിച്ചാൽ, ഏത് രാജ്യത്ത് തമ്പടിച്ചാണോ അമേരിക്കൻ സേന ആക്രമിക്കുന്നത് ആ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക ആസ്തികളിലും, കൂടാതെ, അമേരിക്കൻ എംബസികളെയും ആക്രമിക്കുമെന്ന മുന്നറിയിപ്പും ഔദ്യോഗികമായി തന്നെ ഇറാൻ നൽകിയിട്ടുണ്ട്. ജനുവരി 31 ന് വന്ന ഏറ്റവും പുതിയ വാർത്തകളും ഇതു തന്നെയാണ്. ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാരിജാനിയാണ്, സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ഗൾഫ് രാജ്യങ്ങൾ അമേരിക്കയെയും അറിയിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് തങ്ങളുടെ മണ്ണ് ഇറാന് എതിരായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഈ രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം അമേരിക്കയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്.
സുന്നി-ഷിയാ ഭിന്നത മുതലെടുത്ത് ഗൾഫ് രാജ്യങ്ങളെ ഒപ്പം നിർത്താൻ കഴിയുമെന്നാണ് അമേരിക്ക കരുതിയിരുന്നത്. എന്നാൽ ആ പണി ഇത്തവണ ഏറ്റില്ല എന്നു വേണം കരുതാൻ. അറബ് രാജ്യങ്ങളിൽ ചിലതുമായി ഇറാന് അഭിപ്രായ വ്യത്യാസങ്ങൾ പലതുണ്ടെങ്കിലും, ഇറാൻ ഒരു ഇസ്ലാമിക രാജ്യമാണ് എന്നത് പലപ്പോഴും അമേരിക്ക മറന്നു പോകുന്നു. ജൂത രാജ്യമായ ഇസ്രയേലിന് വേണ്ടി അവരുടെ അജണ്ട നടപ്പാക്കാനായാണ് യുദ്ധകപ്പലും മറ്റ് സന്നാഹങ്ങളുമായി ഇപ്പോൾ അമേരിക്ക ഇറങ്ങി തിരിച്ചിരിക്കുന്നത്. ഇതെല്ലാം കൃത്യമായി തന്നെ ലോകത്തെ ഇസ്ലാമിക വിശ്വാസികൾക്ക് അറിയാം. ഇറാനിലെ പ്രക്ഷോഭകരെ ഭരണകൂടം കൂട്ടക്കൊല ചെയ്യുന്നതിനാലാണ് തങ്ങൾ ഇടപെടുന്നത് എന്ന് പറയുന്ന അമേരിക്ക, അരലക്ഷത്തിലധികം പലസ്തീനികളെ ഗാസയിൽ ഇസ്രയേൽ കൊന്നൊടുക്കിയപ്പോൾ എന്ത് ഇടപെടലാണ് നടത്തിയത് എന്നതും നാം കണ്ടിട്ടുള്ളതാണ്. ലോക ചരിത്രത്തിലെ ഭയാനകമായ കൂട്ട കുരുതി ഗാസയിൽ നടക്കുമ്പോൾ കയ്യും കെട്ടി നോക്കി നിൽക്കുക മാത്രമല്ല, ഇസ്രയേലിനെ പിന്തുണക്കുക കൂടിയാണ് അമേരിക്ക ചെയ്തിരുന്നത്.ഇസ്രയേലിൻ്റെ കൈവശമുള്ള ആയുധങ്ങളിൽ നല്ലൊരു പങ്കും അമേരിക്ക നൽകിയതാണ് എന്നതും നമ്മൾ മറന്ന് പോകരുത്. അതായത്, ഇസ്രയേൽ എവിടെ ആക്രമണം നടത്തിയാലും അതിനെ ന്യായീകരിക്കുക മാത്രമല്ല, സംരക്ഷിക്കേണ്ടതും തങ്ങളുടെ ഉത്തരവാദിത്വമായാണ് അമേരിക്കൻ ഭരണകൂടം കാണുന്നത്. ഗാസയിൽ മൗനം പാലിച്ചവർക്ക്, ഇറാനിൽ ഇടപെടാൻ എന്ത് അവകാശമാണുള്ളത് ?
ഇസ്രയേൽ ചെയ്തതു പോലെ ഇറാൻ ഭരണകൂടം പരിധിവിട്ട ഒരു അതിക്രമവും കാണിച്ചിട്ടില്ല. അമേരിക്കയുടെയും ഇസ്രയേലിൻ്റെയും അട്ടിമറി ശ്രമത്തിൻ്റെ ഭാഗമായി നടന്ന കലാപത്തിന് നേരെയാണ് അവർ പ്രതികരിച്ചത്. ഏത് രാജ്യത്ത് കലാപ ശ്രമമുണ്ടായാലും, ആ രാജ്യത്തെ ഭരണകൂടം എന്താണോ ചെയ്യുക അതു തന്നെയാണ് ഇറാനും ചെയ്തിരിക്കുന്നത്. ഇക്കാര്യം തിരിച്ചറിഞ്ഞത് കൊണ്ടാണ്, യു.എൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യ പോലും ഇറാനെ പിന്തുണച്ചിരിക്കുന്നത്.
ലോകത്ത് തങ്ങളുടെ മേധാവിത്വം ഉറപ്പിക്കുക എന്നത് തന്നെയാണ് അമേരിക്കയുടെ ലക്ഷ്യം. സ്വന്തം ആയുധ വിപണി എപ്പോഴൊക്കെ താഴെ പോയിട്ടുണ്ടോ, അപ്പോഴൊക്കെ അമേരിക്ക ലോകത്ത് സംഘർഷം വിതച്ചിട്ടുമുണ്ട്. ഇറാനും ഗൾഫ് രാജ്യങ്ങളുമായി സംഘർഷം നിലനിൽക്കേണ്ടതും അമേരിക്കയുടെ ആവശ്യമാണ്. എന്നാൽ, അടുത്ത കാലത്തായി ഗൾഫ് രാജ്യങ്ങളുമായുള്ള ഇറാൻ്റെ ബന്ധം വളരെ ഊഷ്മളമാണ്. ഇതും , അമേരിക്കയെ ചൊടിപ്പിച്ച ഒരു ഘടകമാണ്. ഇറാൻ്റെ പേര് പറഞ്ഞ് ഭയപ്പെടുത്തിയാണ്, ഗൾഫ് രാജ്യങ്ങളിൽ അമേരിക്കയുടെ താവളങ്ങളും സന്നാഹങ്ങളും തുടരുന്നത്. ഇറാൻ സുഹൃദ് രാജ്യമായാൽ, അമേരിക്കയുടെ സംരക്ഷണം പിന്നെ എന്തിനാണ് ഗൾഫ് രാജ്യങ്ങൾക്ക് എന്നത് ട്രംപിനും നന്നായി അറിയാം. ആ ഒരു ഘട്ടത്തിൽ എത്തും മുൻപ് തന്നെ ഇറാനെ ആക്രമിച്ച് തകർക്കുക എന്നതാണ് അമേരിക്കയുടെ മറ്റൊരു അജണ്ട.
ഇസ്രയേലിൻ്റെ സുരക്ഷിതത്ത്വത്തിന് ഇറാൻ ഒരിക്കലും ഇസ്ലാമിക് റിപ്പബ്ലിക്കിൻ്റെ കീഴിൽ ആണവ ശക്തി ആകരുത് എന്നതും അമേരിക്കയുടെ പ്രഖ്യാപിത അജണ്ടയാണ്. അതിന് വേണ്ടി തന്നെയാണ് അവർ ആറ് മാസം മുൻപ് ഇറാൻ്റെ ആണവ നിലയങ്ങളിൽ ബോംബിട്ടിരുന്നത്. എന്നാൽ, ആ നീക്കം പാളുകയാണ് ഉണ്ടായത്. ഇറാൻ്റെ സമ്പുഷ്ടീകരിച്ച യുറേനിയത്തിന് ഒരു പോറൽ പോലും ഏൽപ്പിക്കാൻ അമേരിക്കയ്ക്ക് കഴിയാത്തതിനാൽ, ഇത്തവണത്തെ ആക്രമണ ലക്ഷ്യത്തിൽ അതും ട്രംപ് ഉൾപ്പെടുത്തിയിട്ടുണ്ട്. കൊടുത്ത് മാത്രം ശീലമുള്ള അമേരിക്കയ്ക്ക് തിരിച്ച് കിട്ടിയ ശീലം വളരെ കുറവായതാണ് ഈ അഹങ്കാരത്തിന് എല്ലാം മൂല കാരണം. അതു കൊണ്ടു തന്നെ, ഇറാനോട് എതിർപ്പുള്ള രാജ്യങ്ങൾ പോലും, അമേരിക്കയ്ക്ക് ഒരു തിരിച്ചടി ഇറാൻ നൽകണമെന്നാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. ഇറാൻ-അമേരിക്ക ഏറ്റുമുട്ടൽ ഉണ്ടായാൽ, ഇസ്രയേലും അതിൻ്റെ ഭാഗമാകും. ചിലപ്പോൾ ചില നാറ്റോ രാജ്യങ്ങളും അമേരിക്കയ്ക്ക് ഒപ്പം കളത്തിലിറങ്ങിയേക്കും. ഈ സാധ്യത എല്ലാം മുന്നിൽ കണ്ടു തന്നെയാണ്, ഇറാനും ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്. വിജയ – പരാജയങ്ങളേക്കാൾ, അമേരിക്കക്കും ഇസ്രയേലിനും വലിയ പരിക്കേൽപ്പിക്കുക എന്നതായിരിക്കും ഇറാൻ്റെ ടാർഗറ്റ്.
ഒരിക്കലും ഇസ്രയേലിന് ഇറാനോട് യുദ്ധം ചെയ്ത് വിജയിക്കാൻ പറ്റില്ല. ആറ് മാസം മുൻപ് നടന്ന ഏറ്റുമുട്ടൽ തന്നെ അതിന് ഉദാഹരണമാണ്. അമേരിക്ക ഇറാനെ ആക്രമിച്ചാലും, ആദ്യ തിരിച്ചടി ഇസ്രയേലിനായിരിക്കും ഇറാൻ നൽകുക. അമേരിക്കയുടെ പശ്ചിമേഷ്യയിലെ താവളങ്ങളും, വിമാന വാഹിനി കപ്പലുകളും എല്ലാം ആക്രമിക്കപ്പെടുമെന്നതും ഉറപ്പാണ്. യുദ്ധമുഖത്ത് ഡ്രോണുകൾ പോലും ഹീറോയാകുന്ന പുതിയ കാലമാണിത്. അതുകൊണ്ടു തന്നെ പശ്ചിമേഷ്യയിലെ പ്രധാന സൈനിക ശക്തിയായ ഇറാൻ്റെ ആവനാഴിയിലും പലതും കാണുമെന്നതും ഉറപ്പാണ്. ഒരേസമയം ഇറാൻ സൈന്യവും, ഹൂതികളും, ഹിസ്ബുള്ളയും എല്ലാംകൂടി ആക്രമിച്ചാൽ, എന്തൊക്കെ പ്രതിരോധ സംവിധാനങ്ങൾ ഉണ്ടായാലും, പിടിച്ച് നിൽക്കാൻ മേഖലയിലെ അമേരിക്കൻ സംവിധാനങ്ങൾക്ക് കഴിയണമെന്നില്ല.
ഒരു യുദ്ധമാകുമ്പോൾ ഒരിക്കലും വിജയം ഏകപക്ഷീയമാകില്ല. സംഘർഷം ഉണ്ടായാൽ തീർച്ചയായും ഇറാന് വലിയ നഷ്ടങ്ങൾ ഉണ്ടാകും. ആ രാജ്യത്തെ ബോംബിട്ട് തകർക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞാലും, സൈനികരെ അയച്ച് കീഴ്പെടുത്താൻ ഒരിക്കലും കഴിയുകയില്ല. അതിന് കാരണം, ഭൂമി ശാസ്ത്ര പരമായ കവചം തന്നെയാണ്. മലകൾ സംരക്ഷണം തീർക്കുന്ന ഇറാനിൽ അമേരിക്കൻ സൈനികർ ഇറങ്ങിയാൽ, വിയറ്റ്നാമിൽ സംഭവിച്ചതിൻ്റെ പുതിയ രൂപമാണ് അവർക്ക് കാണേണ്ടി വരിക. പേർഷ്യൻ പോരാളികളായി അറിയപ്പെടുന്ന ഇറാൻ സൈന്യത്തോടും അവിടുത്തെ ജനങ്ങളുടെ പോരാട്ട വീര്യത്തോടും പിടിച്ചു നിൽക്കാൻ, മാസ ശമ്പളത്തിന് സേവനം അനുഷ്ടിക്കുന്ന അമേരിക്കൻ സൈനികരുടെ വീര്യം പോരാതെ വരും. ഇതൊക്കെ , വൈകിയെങ്കിലും തിരിച്ചറിഞ്ഞത് കൊണ്ടാണ്, അമേരിക്കൻ സൈനിക നേതൃത്വം തന്നെ സ്വന്തം പ്രസിഡൻ്റായ ട്രംപിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. സംഘർഷം പൊട്ടിപ്പുറപ്പെട്ടാലുള്ള ഭവിഷത്ത് ഏറ്റവും കൂടുതൽ അറിയാവുന്നതും അവർക്കാണല്ലോ ?
ആണവ കേന്ദ്രങ്ങളിൽ കമാൻഡോ റെയ്ഡുകൾ, ഭരണമാറ്റം സാധ്യമാക്കുന്നതിനായി നേതൃത്വത്തിനെതിരെയുള്ള ആക്രമണം ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ സേനയ്‌ക്കെതിരായ പുതിയ ആക്രമണങ്ങൾ, എന്നിവയുൾപ്പെടെയുള്ള വിപുലമായ സൈനിക ഓപ്ഷനുകളാണ് ഇറാന് എതിരെ അമേരിക്കൻ പ്രസിഡന്റ് പരിഗണിക്കുന്നത് എന്നാണ്, ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതിൽ ഏത് മാർഗ്ഗം ട്രംപ് തിരഞ്ഞെടുത്താലും, അത് വലിയ സംഘർഷത്തിനാണ് തിരികൊളുത്തുക. ഒരു മൂന്നാം ലോക മഹായുദ്ധമായി ഈ സംഘർഷം മാറിയാൽ പോലും അത്ഭുതപ്പെടേണ്ടതില്ല. കാരണം, വെനസ്വേലയല്ല ഇറാൻ, അതു പോലെ തന്നെ നിക്കോളാസ് മഡൂറയല്ല ആയത്തുള്ള അലി ഖമേനി എന്നതും ഓർക്കണം. യുദ്ധം സംഭവിച്ചാൽ, ഇറാന് മാത്രമല്ല, അമേരിക്കയ്ക്കും ഇസ്രയേലിനും വൻ നഷ്ടമാണ് ഉണ്ടാകുക. ലോകത്ത് അമേരിക്കൻ മേധാവിത്വത്തിന് ഏൽക്കുന്ന ആദ്യ അടിയും ഇറാനിൽ നിന്ന് തന്നെ ആയിരിക്കും.