നമ്മ മെട്രോ മൂന്നാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നു; 222 കിലോമീറ്ററിലേക്ക് വ്യാപിപ്പിക്കും


15, January, 2026
Updated on 15, January, 2026 16


 ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. പദ്ധതിയുടെ ആദ്യഘട്ട സിവിൽ ജോലികൾക്കായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ടെൻഡറുകൾ ക്ഷണിച്ചു. 2031ഓടെ ബെംഗളൂരു മെട്രോ റെയിൽ ശൃംഖല 222 കിലോമീറ്ററായി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.



മൂന്നാം ഘട്ട ടെൻഡർ മൂന്ന് പാക്കേജുകളാണ്. 18.58 കിലോമീറ്റർ ദൂരത്തേക്ക് ക്ഷണിച്ചിരിക്കുന്ന ടെൻഡറിനായി ഏകദേശം 4,187.41 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രധാനമായും രണ്ട് പുതിയ ഇടനാഴികളാവും മൂന്നാം ഘട്ടത്തിലുണ്ടാവുക. ജെപി നഗർ നാലാം ഘട്ടം മുതൽ ഔട്ടർ റിംഗ് റോഡ് വഴി കെമ്പാപുര വരെയുള്ള 32.15 കിലോമീറ്ററുള്ള ഒന്നാം ഇടനാഴിയും ഹൊസഹള്ളി മുതൽ മഗഡി റോഡിലെ കടബഗേരെ വരെയുള്ള 12.5 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഇടനാഴിയുമാണ് ഇത്.


ഈ പദ്ധതിയിൽ ഡബിൾ ഡെക്കർ ഫ്ലൈഓവറുകളാവും നിർമ്മിക്കുക. താഴെ സാധാരണ വാഹനങ്ങൾക്കും മുകളിൽ മെട്രോ ട്രെയിനുകൾക്കും ഒരേസമയം സഞ്ചരിക്കാൻ കഴിയുന്ന സംവിധാനമാണിത്. ഇതോടെ ഡെൽമിയ സർക്കിൾ മുതൽ ഹെബ്ബാൾ വരെയുള്ള ഭാഗം നഗരത്തിലെ തന്നെ ഏറ്റവും നീളമേറിയ ഫ്ലൈഓവറായി മാറും.


ഈ വർഷം ജൂണിൽ തന്നെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ അധികൃതർ പറഞ്ഞു. 2031 മെയ് മാസത്തോടെ ഈ ഘട്ടം പൂർത്തിയാക്കി ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ കഴിയുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ ആകെ ചിലവിൽ വലിയൊരു ഭാഗം ജപ്പാൻ ഇന്റർനാഷണൽ കോഓപ്പറേഷൻ ഏജൻസിയുടെ വായ്പയാണ്. ബാക്കി തുക സംസ്ഥാന-കേന്ദ്ര സർക്കാരുകൾ സംയുക്തമായി വഹിക്കും. ഡബിൾ ഡക്കർ ഫ്ലൈഓവർ നിർമ്മാണത്തിനായി മാത്രം വേണ്ടിവരുന്ന 9,692.33 കോടി രൂപ കർണാടക സർക്കാർ നേരിട്ടാണ് നൽകുന്നത്.




Feedback and suggestions