13, January, 2026
Updated on 13, January, 2026 19
ന്യൂഡല്‍ഹി: നിരത്തുകളില്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ ഇറക്കുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ പുതിയ നിയമം കൊണ്ടുവരുന്നു. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതുള്‍പ്പെടെ മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ ഭേദഗതി വരുത്താനാണ് നീക്കം. പുതിയ നിര്‍ദേശങ്ങള്‍ വൈകാതെ തന്നെ എല്ലാ സംസ്ഥാനങ്ങളിലേയും ഗതാഗത വകുപ്പുമന്ത്രിമാര്‍ക്കും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാര്‍ക്കും കൈമാറും.
ഇന്ത്യയിലെ നിരത്തുകളില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം. ഇത്തരം വാഹനങ്ങള്‍ക്കെതിരേ നടപടി കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇന്ത്യയിലെ മൊത്തം വാഹനങ്ങളില്‍ 56 ശതമാനത്തിന് ഇന്‍ഷുറന്‍സ് കവറേജ് ഇല്ലാതെയാണ് ഓടുന്നതെന്നും, ഏകദേശം 16.5 കോടിയോളം വാഹനങ്ങള്‍ ഉണ്ടാകുമെന്ന് 2025-ല്‍ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാഹനങ്ങളില്‍ ഏറെയും ഇരുചക്ര വാഹനങ്ങളാണെന്നാണ് നിരീക്ഷണം.
സാധുവായ രജിസ്ട്രേഷന്‍, പെര്‍മിറ്റ് എന്നിവ ഇല്ലാത്ത വാഹനങ്ങളും പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിക്കുന്ന വാഹനങ്ങളും പിടിച്ചെടുക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമുള്ളത്. ഇതേ നിയമമാണ് ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളുടെ കാര്യത്തിലും ബാധകമാകുകയെന്നാണ് വിവരം. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എങ്കിലും ഇല്ലാതെ ഓടുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ ഭേദഗതി കൊണ്ടുവരുന്നത്. നിലവിലെ നിയമം അനുസരിച്ച് ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ആദ്യ തവണ 2000 രൂപയും വീണ്ടും ഇതേ നിയമലംഘനത്തിന് പിടിക്കപ്പെട്ടാല്‍ 4000 രൂപ പിഴ ഈടാക്കുകയും കൂടാതെ മൂന്ന് മാസം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയുമാണുളളത്