പുതുവർഷത്തിൽ കുതിക്കാൻ ഐഎസ്ആർഒ; 16 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-62


10, January, 2026
Updated on 10, January, 2026 26


2026ലെ ആദ്യ ബഹിരാകാശ ദൗത്യത്തിന് തയ്യാറെടുത്ത് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ). ജനുവരി 12-ന് രാവിലെ 10.17-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പിഎസ്എൽവി സി-62 കുതിച്ചുയരും. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-എൻ1 ഉൾപ്പെടെ 16 ഉപഗ്രഹങ്ങളാണ് ഈ ദൗത്യത്തിൽ വിക്ഷേപിക്കുന്നത്.


ഐഎസ്ആർഒയുടെ വിശ്വസ്ത വാഹനമായ പിഎസ്എൽവിയുടെ 64-ാമത്തെ ദൗത്യമാണിത്. വാണിജ്യ വിഭാഗമായ ന്യൂസ് സ്‌പേസ് ഇന്ത്യ ലിമിറ്റഡിനാണ് (എൻഎസ്ഐഎൽ) ദൗത്യത്തിന്റെ ചുമതല. സുരക്ഷാ-പ്രതിരോധ മേഖലകളിൽ ഏറെ നിർണ്ണായകമെന്ന് കരുതപ്പെടുന്ന ഇഒഎസ്-എൻ1 ആണ് ഈ വിക്ഷേപണത്തിലെ പ്രധാന ആകർഷണം. ഇതിനുപുറമെ, സ്പാനിഷ് സ്റ്റാർട്ടപ്പ് വികസിപ്പിച്ചതും ദക്ഷിണ പസഫിക് സമുദ്രത്തിൽ തിരിച്ചിറങ്ങാൻ ശേഷിയുള്ളതുമായ കെസ്ട്രൽ ഇനീഷ്യൽ ടെക്നോളജി ഡെമോൺസ്ട്രേറ്റർ എന്ന പ്രത്യേക ഉപഗ്രഹവും റോക്കറ്റിലുണ്ട്.ഈ ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉപഗ്രഹം ഇഒഎസ്-എൻ 1 ആണ്. എന്നാൽ, ഇതിന്റെ ലക്ഷ്യത്തെക്കുറിച്ചോ സവിശേഷതകളെക്കുറിച്ചോ ഉള്ള ഔദ്യോഗിക വിവരങ്ങൾ ഐഎസ്ആർഒ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സുരക്ഷാ-പ്രതിരോധ മേഖലകളുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള നിരീക്ഷണ ഉപഗ്രഹമാണിതെന്നാണ് സൂചനകൾ.


ചന്ദ്രയാൻ-1, മംഗൾയാൻ (ചൊവ്വാ ദൗത്യം), ആദിത്യ എൽ-1, ആസ്ട്രോസാറ്റ് തുടങ്ങിയ ഇന്ത്യയുടെ അഭിമാന ദൗത്യങ്ങളെല്ലാം ബഹിരാകാശത്ത് എത്തിച്ചത് പിഎസ്എൽവി റോക്കറ്റുകളാണ്. 2017-ൽ ഒരൊറ്റ വിക്ഷേപണത്തിലൂടെ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് ലോക റെക്കോർഡ് സ്ഥാപിക്കാനും ഈ വിക്ഷേപണ വാഹനത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ വർഷം മെയ് മാസത്തിൽ നടന്ന പിഎസ്എൽവി-സി61 ദൗത്യം പരാജയപ്പെട്ടത് ഐഎസ്ആർഒയ്ക്ക് വലിയ വെല്ലുവിളിയായിരുന്നു. അന്ന് ഇഒഎസ്-9 ഉപഗ്രഹത്തെ വിക്ഷേപിക്കുന്നതിനിടെ മൂന്നാം ഘട്ടത്തിൽ സോളിഡ് മോട്ടോർ ചേമ്പറിലുണ്ടായ മർദ്ദവ്യത്യാസമാണ് ദൗത്യം പരാജയപ്പെടാൻ കാരണമായത്. ഈ പിഴവുകൾ പൂർണ്ണമായും പരിഹരിച്ചാണ് സി-62 വിക്ഷേപണത്തിനായി ഐഎസ്ആർഒ തയ്യാറെടുക്കുന്നത്.




Feedback and suggestions