How to Deal with Premenstrual Mood Swings
4, June, 2025
Updated on 4, June, 2025 23
![]() |
ആര്‍ത്തവകാലത്തെ ശാരീരിക അസ്വസ്ഥതകളേക്കാള്‍ പലര്‍ക്കും പേടിയാണ് ആര്‍ത്തവത്തോട് അനുബന്ധിച്ച് വരുന്ന മൂഡ് സ്വിങ്‌സ്. എല്ലാവര്‍ക്കും മൂഡ് സ്വിങ്‌സ് രൂക്ഷമാകാറില്ലെങ്കിലും ചിലരുടെ മൂഡ് സ്വിങ്‌സ് എങ്കിലും അവരുടെ വീടിന്റെ മനസമാധാനം തന്നെ താറുമാറാക്കുന്ന വിധത്തിലാകും. ആരെന്ത് പറഞ്ഞാലും അസ്വസ്ഥത തോന്നുന്ന, ചെറിയ കാര്യത്തില്‍ വരെ വല്ലാതെ ആകുലത തോന്നുന്ന, ദേഷ്യം വളരെയെളുപ്പത്തില്‍ സങ്കടത്തിനും കുറ്റബോധത്തിനും വഴിവയ്ക്കുന്ന, സന്തോഷവും സങ്കടവും മാറിമാറി വന്ന് ആശയക്കുഴപ്പത്തിലാക്കുന്ന മൂഡ് സ്വിങ്‌സ് നിങ്ങളോ നിങ്ങളുടെ പരിചയത്തിലുള്ള സ്ത്രീകളോ എപ്പോഴെങ്കിലും അനുഭവിച്ചിട്ടില്ലേ? വന്‍ പ്രശ്‌നങ്ങളില്‍ ചെന്ന് ചാടാതെ മാറിമാറി വരുന്ന ഇത്തരം വികാരങ്ങളെ എങ്ങനെ മെരുക്കിയെടുക്കാമെന്ന് പരിശോധിക്കാം. (How to Deal with Premenstrual Mood Swings)
മൂഡ് സ്വിങ്‌സിന് കാരണം?
ആര്‍ത്തവ ചക്രത്തിന്റെ രണ്ടാം പകുതിയില്‍ അണ്ഡോത്പാദനത്തിന് ശേഷം ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനമാണ് ആര്‍ത്തവത്തോട് അനുബന്ധിച്ചുള്ള മൂഡ്‌സ്വിങ്‌സിന് കാരണം. അണ്ഡോത്പാദനത്തിന് ശേഷം ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ അളവുകള്‍ കുറയുന്നു. ഇത് ഹാപ്പി ഹോര്‍മോണായ സെറോടോണ്‍ അളവില്‍ വ്യതിയാനങ്ങള്‍ വരുത്തുന്നതാണ് മൂഡ് സ്വിങ്‌സിന് കാരണമാകുന്നത്.
വികാരങ്ങളെ മെരുക്കിയെടുക്കാന്‍ ചില ടിപ്‌സ്
അകാരണമായ സങ്കടം തോന്നുകയും അപ്രതീക്ഷിതമായി കരച്ചില്‍ വരികയും ചെയ്യുമ്പോള്‍
സെറോടോണ്‍ അളവില്‍ കുറവ് വരുമ്പോഴാണ് ഇത്തരം അവസ്ഥയുണ്ടാകുന്നത്. എന്തെങ്കിലും ലഘുവ്യായാമങ്ങള്‍ ചെയ്യുക വഴി ഈ അവസ്ഥയെ വളരെ വേഗം മറികടക്കാനാകും. ഒപ്പം ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഉപകരിക്കും.
ദേഷ്യം, പെട്ടെന്ന് അസ്വസ്ഥയാകല്‍
കുറച്ച് വിശ്രമം വേണമെന്ന് ശരീരം നിങ്ങളെ ഓര്‍മിപ്പിക്കുന്നതാകാം. വേണമെങ്കില്‍ അല്‍പ സമയം ഉറങ്ങാന്‍ ശ്രമിക്കാം, മെഡിറ്റേഷന്‍, ശ്വസന വ്യായാമങ്ങള്‍ എന്നിവ ചെയ്യുന്നത് നല്ല ആശ്വാസം നല്‍കും.
ചിന്തകള്‍ക്ക് വ്യക്തതയില്ലായ്മ, ഓര്‍മക്കുറവ്
ഈ ഓര്‍മക്കുറവും ബ്രെയിന്‍ ഫോഗും താത്ക്കാലികമാണെന്ന് മനസിലാക്കുക. ഒരു പേപ്പറും പേനയുമെടുത്ത് അന്നേ ദിവസം ചെയ്യേണ്ട കാര്യങ്ങള്‍ അക്കമിട്ട് എഴുതി വയ്ക്കുക, ചെറുതായി നടക്കാന്‍ പോകുക, ചെറു വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക.
മൂഡ് സ്വിങ്‌സ് കുറയ്ക്കാന്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ്, കാത്സ്യം, വിറ്റമിന്‍ ബി-6 മുതലായവ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.