1, January, 2026
Updated on 1, January, 2026 89
കേരള പിറവിയുടെ എഴുപതാം വാർഷികം ആഘോഷിക്കുന്ന ഈ പുതുവർഷത്തിൽ ഞാൻ രചിച്ച 'ചരിത്രത്തിനൊപ്പം' എന്ന 125 അദ്ധ്യായങ്ങളുള്ള ഗ്രന്ഥം പുതിയ മുഖ്യമന്ത്രി പ്രകാശനം ചെയ്യും.
ചരിത്രത്തിനൊപ്പം സഞ്ചരിച്ച രാഷ്ട്രീയ ജീവിയായ എൻ്റെ അനുഭവ സാക്ഷ്യം കൂടിയാണിത്. രാഷ്ട്രീയ സംഭവവികാസങ്ങളോടൊപ്പം അവയ്ക്കു പിന്നിലെ അടിയൊഴുക്കുകൾക്കാണ് പ്രാമുഖ്യം. എല്ലാ രാഷ്ട്രീയ കക്ഷികളിലെയും ഗ്രൂപ്പു രാഷ്ടീയത്തിൻ്റെ അണിയറ രഹസ്യങ്ങളും പരിണാമവുമെല്ലാം സത്യസന്ധമായി പ്രതിപാദിക്കുന്നു. വ്യക്തിപരമായി ആരെയും ഹനിക്കരുതെന്ന് നിർബന്ധമുണ്ടെങ്കിലും ചില അപ്രിയ സത്യങ്ങൾ തുറന്നു പറയുന്നില്ലെങ്കിൽ ഈ പുസ്തകത്തിന് ചരിത്രമൂല്യം ഉണ്ടാവുകയില്ല.
കേരളത്തിലെ 12 മുഖ്യമന്ത്രിമാരുമായും പ്രമുഖ രാഷ്ട്രീയ നേതാക്കളുമായും നേരിട്ടു പരിചയമുള്ള ഒരാളെന്ന നിലയിൽ പല ഘട്ടങ്ങളിലായി ഇവരുമായി നടത്തിയ കൂടിക്കാഴ്ചകളുടെ അടിസ്ഥാനത്തിലാണ് പല ചരിത്ര സത്യങ്ങളും കണ്ടെത്തിയത്. ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്ന കേരളത്തിലെ സാമൂഹ്യ, സാംസ്ക്കാരിക, ഉദ്യോഗസ്ഥ, മാധ്യമ മേഖലകളിലെ പ്രമുഖരുമായും സംഭാഷണം നടത്തിയിരുന്നു. അനുഭവങ്ങളുടെയും ഗവേഷണ പഠനങ്ങളുടെയും ഉല്പന്നമാണ് ഈ പുസ്തകം.
കേരളത്തിലെ വിവിധ സർക്കാരുകളുടെയും 12 മുഖ്യമന്ത്രിമാരുടെയും ഭരണ നേട്ടങ്ങളും കോട്ടങ്ങളും സവിസ്തരം പ്രതിപാദിക്കുന്നു. 70 വർഷത്തിനുള്ളിൽ കേരളത്തിലുണ്ടായ വികസന പ്രക്രിയകളും സാമൂഹ്യ മാറ്റങ്ങളും സാംസ്ക്കാരിക ചലനങ്ങളും സൂക്ഷ്മമായി വിലയിരുത്താൻ ശ്രമിച്ചിട്ടുണ്ട്. വിവാദപരമായ അഴിമതി കഥകളും ഉൾപ്പെടുന്നു. ജാതി - മത രാഷ്ട്രീയത്തിൻ്റെയും വർഗ്ഗീയ പ്രീണനത്തിൻ്റെയും അന്തർധാരകളും തുറന്നുകാട്ടുന്നു.
'കേരളം ചുവന്നപ്പോൾ ' എന്നതാണ് പ്രഥമ അദ്ധ്യായം. അവസാന അദ്ധ്യായം നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മേയ് മാസത്തിൽ എഴുതും. ഞാൻ രചിച്ച 'കാൽ നൂറ്റാണ്ട്' ഒരു ഹ്രസ്വകാല പഠന വിവരണമായിരുന്നെങ്കിൽ, 'ചരിത്രത്തിനൊപ്പം' ഞാൻ ജീവിച്ച ഒരു കാലഘട്ടത്തിൻ്റെ ആത്മകഥാംശമുള്ള നേർക്കാഴ്ചയായിരിക്കും.
1982-ൽ 'കാൽ നൂറ്റാണ്ട്' എന്ന കേരള ചരിത്രം അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ പ്രകാശനം ചെയ്തു. എ.കെ.ആൻ്റണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രകാശന ചടങ്ങിൽ ഇം.എ.എസ് നമ്പൂതിരിപ്പാട്, ഇ.കെ.നായനാർ, പി.കെ. വാസുദേവൻ നായർ, സി.എച്ച് മുഹമ്മദ് കോയ, ഉമ്മൻ ചാണ്ടി, കെ.എം. മാണി, ആർ. ബാലകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.1984 -ൽ 'സ്വാതന്ത്ര്യത്തിനു ശേഷം ' എന്ന ഇന്ത്യാ ചരിത്രം രാജിവ് ഗാന്ധി പ്രകാശനം ചെയ്തു. രണ്ടു പുസ്തകങ്ങളിൽ നിന്നും വ്യത്യസ്തമായ രചനാരീതിയാണ് പുതിയ പുസ്തകത്തിൽ സ്വീകരിച്ചിട്ടുള്ളതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.