പരസ്യകലയിലെ കുലപതി ശങ്കർ കൃഷ്ണമൂർത്തി അന്തരിച്ചു

Advertising pioneer Shankar Krishna Moorthi passes away
12, September, 2025
Updated on 12, September, 2025 42

Advertising pioneer Shankar Krishna Moorthi passes away

ചെന്നൈ: മലയാള പരസ്യകലയിലെ ആധുനികതയുടെ ആദ്യ പ്രയോക്താവും പ്രശസ്ത പരസ്യ കോപ്പി റൈറ്ററുമായിരുന്ന ശങ്കർ കൃഷ്ണമൂർത്തി (ശിവ കൃഷ്ണമൂർത്തി-85) ചെന്നൈ സാലിഗ്രാമിൽ അന്തരിച്ചു. അദ്ദേഹത്തിൻ്റെ നിര്യാണം പരസ്യകലാരംഗത്തിന് വലിയൊരു നഷ്ടമാണ്.

1939-ൽ ആലപ്പുഴയിൽ ജനിച്ച കൃഷ്ണമൂർത്തി, എഴുപതുകളിൽ കോട്ടയത്തേക്ക് താമസം മാറ്റി. ഈ കാലഘട്ടത്തിലാണ് മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ഭാഗ്യചിഹ്നങ്ങളിലൊന്നായ ഭീമ ജ്വല്ലറിയുടെ ‘ഭീമ ബോയ്’ അദ്ദേഹത്തിൻ്റെ ഭാവനയിൽ പിറന്നത്. എൺപതുകളിൽ മലയാളത്തിലെ പ്രമുഖ പരസ്യ കമ്പനിയായിരുന്ന കെ.പി.ബി-യുടെ ക്രിയേറ്റീവ് ഡയറക്ടറും കോപ്പി റൈറ്ററുമായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ‘പാലാട്ട്’ അച്ചാർ, ‘വി ഗൈഡ്’ തുടങ്ങി അനേകം ബ്രാൻഡുകൾക്ക് പേര് നൽകിയതും, ‘മഴ മഴ, കുട കുട’ (സെൻ്റ് ജോർജ്/പോപ്പി), ‘പുറത്ത് ചെറിയ കട, അകത്ത് അതിവിശാലമായ ഷോറൂം’ (കോട്ടയം അയ്യപ്പാസ്) എന്നിങ്ങനെ മലയാളികൾ ഇന്നും ഓർക്കുന്ന നിരവധി പരസ്യവാചകങ്ങൾ സൃഷ്ടിച്ചതും അദ്ദേഹമാണ്.

തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ അദ്ദേഹത്തിന് വലിയ പ്രാവീണ്യമുണ്ടായിരുന്നു. പരസ്യങ്ങൾക്കപ്പുറം, തമിഴ് പ്രസിദ്ധീകരണങ്ങളിൽ മുന്നൂറിലധികം ചെറുകഥകൾ എഴുതിയിട്ടുണ്ട്. കൂടാതെ ‘കാലചക്രം'(2002) എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും അദ്ദേഹമാണ് രചിച്ചത്.

പിന്നീട് അദ്ദേഹം ചെന്നൈയിലെ പ്രമുഖ പരസ്യ കമ്പനിയിൽ ജോലി സ്വീകരിച്ച് അങ്ങോട്ട് താമസം മാറ്റുകയായിരുന്നു. ജീവിതത്തിൻ്റെ അവസാന കാലം വരെയും സജീവമായിരുന്ന അദ്ദേഹത്തിൻ്റെ ഒരു പുതിയ കഥ ഏതാനും മാസങ്ങൾക്ക് മുൻപ് ‘വുമൺസ് എറ’ ഇംഗ്ലീഷ് മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു.

ഭാര്യ: ശാന്താ കൃഷ്ണമൂർത്തി. മക്കൾ: വിജയ് ശങ്കർ (സിനിമ എഡിറ്റർ), അജയ് ശങ്കർ (അമേരിക്ക). മരുമക്കൾ: വൈജയന്തി, മായ.

സംസ്കാരം പിന്നീട് നടക്കും.




Feedback and suggestions