ന്യുയോർക്ക്: പഹൽഗാം ഭീകരാക്രമണത്തിലടക്കമുള്ള പാകിസ്ഥാൻ ഭീകരത ലോകത്തിന് മുന്നിൽ തുറന്നുകാട്ടാനുള്ള തീരുമാനത്തിന്‍റെ ഭാഗമായി അമേരിക്കൻ പിന്തുണ ഉറപ്പിക്കാൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇന്ന് ന്യുയോർക്കിലെത്തും. ഇന്ന് അമേരിക്കയിൽ എത്തുന്ന മിസ്രി യു എസ് നേതാക്കളെ കണ്ട് പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷമുള്ള സാഹചര്യം വിശദീകരിക്കും.
പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തിന് ശേഷം ഇന്ത്യ- അമേരിക്ക ബന്ധത്തിൽ കാണുന്ന ആശയക്കുഴപ്പം പരിഹരിക്കാൻ വിദേശകാര്യ സെക്രട്ടറി ശ്രമിക്കും. ഡെപ്യൂട്ടി ദേശീയ സുരക്ഷ ഉപദേഷ്ടാവ് പവൻ കപൂറും വിക്രം മിസ്രിക്കൊപ്പം ഉണ്ടാകും. അതിനിടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യൻ സന്ദർശനം റദ്ദാക്കി. സുഖമില്ലാത്തതിനാലാണ് സന്ദർശനം റദ്ദാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.