പുതിയ കോവിഡ് വ്യാപനം: രാജ്യത്ത് ഏഴു മരണം, 1000 കോവിഡ് ബാധിതർ
27, May, 2025
Updated on 30, May, 2025 19
![]() |
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധന. ഒരാഴ്ച്ചയ്ക്കുള്ളിൽ 1000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴു മരണവും റിപ്പോർട്ട് ചെയ്തു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായത്. അതിനു സമാനമായ രീതിയാണ് ഇപ്പോൾ ഇന്ത്യയിലും ഉണ്ടായിട്ടുളളത്. രാജ്യത്ത് കേരളം, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇന്നലെ വരെ ഇന്ത്യയിൽ 1,009 കേസുകളുണ്ട്, കഴിഞ്ഞ ആഴ്ചയിൽ മാത്രം 700 ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഡയറക്ടർ ജനറൽ ഡോ. രാജീവ് ബെഹൽ പറഞ്ഞു. “ഇപ്പോൾ, വന്നിട്ടുള്ള കോവിഡ് വേരിയന്റുകൾക്ക് തീവ്രത പൊതുവെ കുറവാണ്. ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാൽ, ജാഗ്രത പാലിക്കണം, എപ്പോഴും സജ്ജരായിരിക്കണം,” ഐസിഎംആർ ഡയറക്ടർ ജനറൽ പറഞ്ഞു.
തുടക്കത്തിൽ തെക്ക്, പിന്നീട് പടിഞ്ഞാറ്, ഇപ്പോൾ വടക്കേ ഇന്ത്യ എന്നിങ്ങനെയാണ് കേസുകളുടെ വർദ്ധനവ് ഡോ. ബെഹൽ ചൂണ്ടിക്കാട്ടി. ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം (ഐ ഡി എസ് പി) വഴി എല്ലാ കേസുകളും നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ കോവിഡ്-19 കേസുകളുടെ വർദ്ധനവ് ഹോങ്കോംഗ്, സിംഗപ്പൂർ, ചൈന, തായ്‌ലൻഡ് തുടങ്ങിയ നിരവധി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകളുടെ കുത്തനെയുള്ള വർദ്ധനവിന് തുല്യമാണ്.