53 വര്‍ഷം പഴക്കമുള്ള ബഹിരാകാശ പേടകം ഭൂമിയില്‍ പതിച്ചേക്കും: ഉല്‍ക്കാശില പതിക്കുന്നതിന് സമാനമായ അപകടസാധ്യത

53 വര്‍ഷം പഴക്കമുള്ള ബഹിരാകാശ പേടകം ഭൂമിയില്‍ പതിച്ചേക്കും
25, May, 2025
Updated on 30, May, 2025 23

ഉല്‍ക്കാശില പതിക്കുന്നതിന് സമാനമായ അപകടസാധ്യത

ന്യൂയോർക്ക്: പരാജയപ്പെട്ട ഒരു സോവിയറ്റ് ദൗത്യത്തിന്റെ ഭാഗമായിരുന്ന 53 വര്‍ഷം പഴക്കമുള്ള ബഹിരാകാശ പേടകം വൈകാതെ ഭൂമിയില്‍ പതിച്ചേക്കും. 1972 മാര്‍ച്ച് 31-ന് വിക്ഷേപിച്ച 500 കിലോയോളം ഭാരമുള്ള കോസ്‌മോസ് 482 ഉടന്‍ ഭൂമിയില്‍ പതിക്കുമെന്നാണ് ഡച്ച് സാറ്റലൈറ്റ് ട്രാക്കറായ മാര്‍ക്കോ ലാംഗ്‌ബ്രോക്ക് പറയുന്നത്. മണിക്കൂറില്‍ ഏകദേശം 250 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ഇത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുക. ഇത് ഉല്‍ക്കാശില പതിക്കുന്നതിന് സമാനമായ അപകടസാധ്യത ഉയര്‍ത്തുന്നുവെന്ന് ട്രാക്കറെ ഉദ്ധരിച്ച് ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ടുചെയ്തു.

വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ശുക്രനിലേക്ക് അയച്ചതാണ് ഈ സോവിയറ്റ് പേടകം. എന്നാല്‍ സാങ്കേതിക തകരാര്‍മൂലം ഇത് ഭൂമിയെ ചുറ്റുന്ന സ്ഥിരമായ ഭ്രമണപഥത്തില്‍ അകപ്പെട്ടു. മെയ് 10 ഓടെ നിയന്ത്രണമില്ലാത്ത പുനഃപ്രവേശത്തിലൂടെ ഇത് ഭൂമിയിലേക്ക് തിരികെ പതിക്കാന്‍ തുടങ്ങുമെന്നാണ് ട്രാക്കര്‍ പറയുന്നത്. പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പുനഃപ്രവേശത്തെ കേടുപാടുകള്‍ കൂടാതെ അതിജീവിക്കാനും, ഭൂമിയില്‍ പതിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മിക്ക ബഹിരാകാശ വസ്തുക്കളും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ചിതറിപ്പോകുകയാണ് ചെയ്യുന്നത്. എന്നാല്‍, ശുക്രനിലെ ഉയര്‍ന്ന മര്‍ദ്ദം, കഠിനമായ ചൂട് എന്നിവയെ അതിജീവിക്കാന്‍ കഴിയുന്ന തരത്തില്‍ രൂപകല്‍പ്പനചെയ്ത ഈ പേടകം പുനഃപ്രവേശത്തെ അതിജീവിച്ചേക്കാന്‍ ചെറിയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും ദൈര്‍ഘ്യമേറിയ പുനഃപ്രവേശ പാതയും വസ്തുവിന്റെ പഴക്കവും ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ഈ സാധ്യതയെ തള്ളിക്കളയുന്നതാണ്.

പേടകം ഭൂമിയില്‍ എവിടെ പതിക്കുമെന്ന കാര്യം ഇപ്പോള്‍ പറയാറായിട്ടില്ലെന്നാണ് ഡച്ച് സാറ്റലൈറ്റ് ട്രാക്കര്‍ പറയുന്നത്. പേടകം ഏതെങ്കിലും ജലാശയത്തില്‍ പതിക്കാനാണ് കൂടുതല്‍ സാധ്യതയെങ്കിലും, അത് കരയില്‍ പതിക്കാനും ചെറിയ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.




Feedback and suggestions