Dr.biju’s replay to adoor gopalakrishnan
4, August, 2025
Updated on 4, August, 2025 1
![]() |
സിനിമാ കോണ്‍ക്ലേവ് വേദിയില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞ വിവാദ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി സംവിധായകന്‍ ഡോ. ബിജു. സ്ത്രീകള്‍ക്കും ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സിനിമ ചെയ്യാന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നതിനെക്കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതിനാണ് ഡോ. ബിജുവിന്റെ മറുപടി. യാതൊരു പരിശീലനവും ഇല്ലാതെ സര്‍ഗശേഷി മാത്രം കൈമുതലാക്കിയ അനേകം മനുഷ്യര്‍ക്ക് ഈ നാട്ടില്‍ സിനിമ ചെയ്യാമെന്നും അതുപോലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും വനിതകള്‍ക്കും സിനിമ ചെയ്യാമെന്നും ഡോ. ബിജു ഫേസ്ബുക്കില്‍ കുറിച്ചു. ഈ വിഭാഗത്തിലുള്ളവര്‍ക്ക് മാത്രം മൂന്നുമാസത്തെ തീവ്രമായ പരിശീലനം വേണമെന്ന് പറയുന്നത് അവരെ നോക്കി കാണാന്‍ പ്രത്യേകതരം കണ്ണാടി ഉപയോഗിക്കുന്നത് കൊണ്ടാണ്. താന്‍ വിവിധ ഭാഷകളിലും രാജ്യങ്ങളിലും 15 സിനിമകള്‍ സംവിധാനം ചെയ്തത് ഒരു പരിശീലനവും ലഭിക്കാതെയാണെന്നും ഡോ. ബിജു എഴുതി. (Dr.biju’s replay to adoor gopalakrishnan)
ഡോ. ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:
യാതൊരു പരിശീലനവും ഇല്ലാതെ സര്‍ഗ്ഗശേഷി മാത്രം കൈമുതലാക്കിയ അനേകം മനുഷ്യന്മാര്‍ക്ക് ഈ നാട്ടില്‍ സിനിമ ചെയ്യാമെങ്കില്‍ , അതേപോലെ തന്നെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട ആളുകള്‍ക്കും വനിതകള്‍ക്കും ഈ നാട്ടില്‍ സിനിമ ചെയ്യാം . അത് അത്രമേല്‍ സ്വാഭാവികമായ ഒന്നാണ് . അല്ലാതെ അവര്‍ക്ക് മാത്രം സിനിമ ചെയ്യണമെങ്കില്‍ മൂന്ന് മാസത്തെ എങ്കിലും തീവ്രമായ പരിശീലനം വേണം എന്നൊക്കെ തോന്നുന്നത് അവരെ നോക്കിക്കാണാന്‍ പ്രത്യേക തരം കണ്ണാടി ഉപയോഗിക്കുന്നത് കൊണ്ടാണ് .
എന്ന് യാതൊരു വിധ പരിശീലനവും ലഭിക്കാതെ ഇതുവരെ 15 സിനിമകള്‍ വിവിധ ഭാഷകളിലും രാജ്യങ്ങളിലും ആയി ചെയ്യുകയും മൂന്ന് ദേശീയ പുരസ്‌കാരങ്ങളും മുപ്പതിലധികം അന്തര്‍ദേശീയ പുരസ്‌കാരങ്ങളും ലഭിക്കുകയും ചെയ്ത പട്ടിക ജാതി വിഭാഗത്തില്‍ പെട്ട ഒരു സംവിധായകന്‍