4, November, 2026
Updated on 4, November, 2026 6
ചിക്കാഗോ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഇല്ലിനോയി സംസ്ഥാനത്തെ യുഎസ് സെനറ്റ് സീറ്റിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജൂലിയാന സ്ട്രാറ്റണ് വിജയം. റിപ്പബ്ലിക്കൻ പാർട്ടിയുടെ മുൻ സംസ്ഥാന അധ്യക്ഷനും അഭിഭാഷകനുമായ ഡോൺ ട്രേസിയെ പരാജയപ്പെടുത്തിയാണ് സ്ട്രാറ്റൺ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് അസോസിയേറ്റഡ് പ്രസ് സ്ട്രാറ്റണിന്റെ വിജയം സ്ഥിരീകരിച്ചത്. ഏകദേശം മൂന്ന് പതിറ്റാണ്ടായി ഇല്ലിനോയിയെ പ്രതിനിധീകരിക്കുന്ന മുതിർന്ന ഡെമോക്രാറ്റിക് നേതാവും സെനറ്ററുമായ ഡിക്ക് ഡർബിൻ വിരമിക്കുന്നതിനെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. 1997 മുതൽ സെനറ്റ് അംഗമായ ഡർബിന്റെ പിൻഗാമിയായാണ് സ്ട്രാറ്റൺ ഇനി വാഷിങ്ടണിലെത്തുന്നത്.ഇതോടെ ഇല്ലിനോയിയിൽനിന്ന് അമേരിക്കൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ കറുത്തവർഗക്കാരിയായ വനിതയെന്ന ചരിത്രനേട്ടവും സ്ട്രാറ്റൺ സ്വന്തമാക്കി. മുൻപ് കരോൾ മോസ്ലി ബ്രൗണാണ് ഈ നേട്ടം കൈവരിച്ചത്.
2019 മുതൽ ഇല്ലിനോയി ലെഫ്റ്റനന്റ് ഗവർണറായി പ്രവർത്തിച്ചുവരുന്ന സ്ട്രാറ്റൺ, ഗവർണർ ജെ.ബി. പ്രിറ്റ്സ്കറുടെ ഭരണസംഘത്തിലെ പ്രമുഖ അംഗമാണ്. 2016-ൽ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അവർ ഇല്ലിനോയി രാഷ്ട്രീയത്തിൽ ശ്രദ്ധേയയായത്.
മാർച്ചിൽ നടന്ന ഡെമോക്രാറ്റിക് പ്രൈമറിയിൽ, ഇന്ത്യൻ വംശജനായ കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി, റോബിൻ കെല്ലി എന്നിവരെ പരാജയപ്പെടുത്തിയാണ് സ്ട്രാറ്റൺ പാർട്ടി സ്ഥാനാർഥിത്വം നേടിയത്. ഗവർണർ പ്രിറ്റ്സ്കർ, മുൻ പ്രസിഡന്റ് ബറാക് ഒബാമ എന്നിവരുടെ ശക്തമായ പിന്തുണയും സ്ട്രാറ്റണിന്റെ പ്രചാരണത്തിന് കരുത്തായി.ഫെഡറൽ മിനിമം വേതനം വർധിപ്പിക്കൽ, ആരോഗ്യപരിരക്ഷ വിപുലീകരിക്കൽ, സ്ത്രീകളുടെ അവകാശസംരക്ഷണം, കുടിയേറ്റനയങ്ങളിൽ ഭേദഗതി വരുത്തൽ തുടങ്ങിയ വാഗ്ദാനങ്ങളാണ് സ്ട്രാറ്റൺ ജനങ്ങൾക്ക് മുന്നിൽ വെച്ചത്. ജീവിതച്ചെലവ് കുറയ്ക്കൽ, സർക്കാർ ചെലവുകൾ നിയന്ത്രിക്കൽ, അതിർത്തിസുരക്ഷ ശക്തമാക്കൽ എന്നിവയിലൂന്നിയായിരുന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോൺ ട്രേസിയുടെ പ്രചാരണം.ജെ.ബി. പ്രിറ്റ്സ്കർ മൂന്നാം തവണയും ഗവർണറായി വിജയിച്ചതിനൊപ്പം സെനറ്റ് സീറ്റ് നിലനിർത്താനായതും സംസ്ഥാനത്ത് ഡെമോക്രാറ്റിക് പാർട്ടിക്ക് മികച്ച നേട്ടമായി.ഡൊണാൾഡ് ട്രംപിന്റെ ഭരണനയങ്ങളും സാമ്പത്തിക-കുടിയേറ്റ വിഷയങ്ങളും ദേശീയതലത്തിൽ പ്രധാന ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് ഈ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. യുഎസ് സെനറ്റിലെ ഭൂരിപക്ഷത്തിനായി ഇരുപാർട്ടികളും വാശിശ്രമം നടത്തുന്നതിനിടെ ഇല്ലിനോയി സീറ്റ് നിലനിർത്താനായത് ഡെമോക്രാറ്റുകൾക്ക് നിർണായകമായി.
വോട്ടെണ്ണലും ഔദ്യോഗിക ഫലപ്രഖ്യാപന നടപടികളും പൂർത്തിയായ ശേഷം 2027 ജനുവരിയിൽ പുതിയ കോൺഗ്രസ് സമ്മേളിക്കുമ്പോൾ സ്ട്രാറ്റൺ സെനറ്റംഗമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.