കരാറൊപ്പിടാൻ മണിക്കൂറുകൾ മാത്രം; "അവർ മോശമായി പെരുമാറിയാൽ ബോംബിടും; ഇറാനെതിരെ ജി7 വേദിയിൽ അലറി വിളിച്ച് ട്രംപ്


17, June, 2026
Updated on 17, June, 2026 2



ഇറാനുമായുള്ള നിർണ്ണായക സമാധാന കരാർ ഔദ്യോഗികമായി ഒപ്പുവെക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, കടുത്ത ഭീഷണിസ്വരവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇറാനുമായി ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്ന ധാരണാപത്രം അന്തിമമല്ലെന്ന് വ്യക്തമാക്കിയ ട്രംപ്, കരാർ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഇറാൻ വീഴ്ച വരുത്തിയാൽ അവരുടെ നെറുംതലയിൽ ബോംബിടുമെന്ന് പരസ്യമായി മുന്നറിയിപ്പ് നൽകി. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ വേദിയിലാണ് ലോകത്തെ ഞെട്ടിച്ച യുഎസ് പ്രസിഡന്റിന്റെ ഈ പ്രതികരണം.ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിക്കൊപ്പം ഇരുന്നുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് തന്റെ നിലപാട് കടുപ്പിച്ചത്. "എനിക്കിത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞങ്ങൾ വെടിവെച്ച് തിരികെപോരും" കരാറിനെക്കുറിച്ച് ഡൊണാൾഡ് ട്രംപിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു:ഈ കരാർ അന്തിമമല്ല. ഇതൊരു ധാരണാപത്രം മാത്രമാണ്. എനിക്ക് ഈ വ്യവസ്ഥകൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞങ്ങൾ അവരെ വെടിവെച്ച് തിരികെപോരും. ഈ ധാരണയിൽ അവർ മോശമായാണ് പെരുമാറുന്നതെങ്കിൽ ഞങ്ങൾ അവരുടെ നെറുംതലയിൽ ബോംബുകൾ വർഷിക്കും. കാരണം അവർ കഴിഞ്ഞ 47 വർഷമായി മോശമായാണ് പെരുമാറിക്കൊണ്ടിരിക്കുന്നത്." ട്രംപ് പറഞ്ഞു.ഭീഷണി മുഴക്കുമ്പോഴും ഈ ഉടമ്പടിയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് ട്രംപ് സംസാരിക്കാൻ മറന്നില്ല. ഒട്ടേറെ കാരണങ്ങളാൽ ഇതൊരു മികച്ച ഉടമ്പടിയാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഈ പുതിയ കരാറിലൂടെ 99.9 ശതമാനവും ഇറാൻ ഇനി ഒരിക്കലും ആണവബോംബ് നിർമ്മിക്കില്ലെന്ന് ഉറപ്പാക്കാൻ സാധിക്കുമെന്നും അവകാശപ്പെട്ടു.














Feedback and suggestions