അസം സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുത്ത് യുഎസ് അംബാസഡർ സെർജിയോ ഗോർ ; ഹിമന്ത യുഗത്തിന് ആശിർവാദവുമായി മോദിയും അമിത് ഷായും


12, May, 2026
Updated on 12, May, 2026 40




ദിസ്പുർ : അസമിൽ വീണ്ടും ഹിമന്ത ബിശ്വ ശർമ്മ യുഗം. തുടർച്ചയായ രണ്ടാം തവണയും അസം മുഖ്യമന്ത്രിയായി ഡോ. ഹിമന്ത ബിശ്വ ശർമ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗുവാഹത്തിയിലെ ഖാനാപാരയിലുള്ള വെറ്ററിനറി കോളേജ് മൈതാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുത്തു. യുഎസ് അംബാസഡർ സെർജിയോ ഗോർ ഉൾപ്പെടെയുള്ള വിദേശ പ്രതിനിധികളും അസമിലെ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുത്തു.


കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി, നിർമ്മല സീതാരാമൻ, സർബാനന്ദ സോനോവാൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. യുഎസ് അംബാസഡർ സെർജിയോ ഗോർ, അദാനി ഗ്രൂപ്പ് ഡയറക്ടർ ജീത് അദാനി എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷികളായി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ തുടങ്ങി നിരവധി എൻഡിഎ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു.


മുഖ്യമന്ത്രിക്കൊപ്പം നാല് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 

​ബിജെപിയിൽ നിന്നുള്ള പ്രമുഖ വനിതാ നേതാവ് അജന്ത നിയോഗ്, മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാമേശ്വർ തേലി, അസം ഗണ പരിഷത്ത് (AGP) അധ്യക്ഷൻ അതുൽ ബോറ, ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (BPF) പ്രതിനിധി ചരൺ ബോറോ എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കൂടാതെ മുതിർന്ന ബിജെപി നേതാവ് രഞ്ജിത് കുമാർ ദാസിനെ അസം നിയമസഭാ സ്പീക്കറായും തിരഞ്ഞെടുത്തു.





Feedback and suggestions