മമതയില്ല; ബംഗാള്‍ നിയമസഭയില്‍ ശോഭന്‍ ദേബ് പ്രതിപക്ഷ നേതാവാകും


11, May, 2026
Updated on 11, May, 2026 2


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രതിപക്ഷ നേതാവായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ബലിഗഞ്ച് എംഎല്‍എയുമായ ശോഭന്‍ ദേബ് ചതോപാധ്യായ് ചുമതലയേല്‍ക്കും. ബംഗാളിലെ 18ാം മന്ത്രിസഭയിലെ പ്രതിപക്ഷ നേതാവായാണ് ശോഭന്‍ ദേബ് തിരഞ്ഞെടുക്കപ്പെട്ടത്. ധനേകാലി എംഎല്‍എ അസീമ പത്ര, ചൗരാംഗിയില്‍ നിന്നുള്ള അംഗം നയന ബന്ദേപാധ്യായ എന്നിവരെ പ്രതിപക്ഷ ഉപനേതാക്കളായും നിശ്ചയിച്ചു. ഭവാനിപ്പൂരിലെ എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ട മമതയ്ക്ക് ഇനിമുതല്‍ ബംഗാള്‍ നിയമസഭയില്‍ തുടരാനാവില്ല. കൊല്‍ക്കത്ത പോര്‍ട്ട് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ഫിര്‍ഹാദ് ഹക്കീമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പ്. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്‍ മേയറായിരുന്നു ഹക്കീം. ബംഗാളിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി പുതുതായി നിയമിതരായ നേതാക്കള്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.നിയമസഭ തിരഞ്ഞെടുപ്പില്‍ 61,476 വോട്ടുകള്‍ നേടിയാണ് ശോബന്‍ ദേബ് എംഎല്‍എ സ്ഥാനം നിലനിര്‍ത്തിയത്. 1991 മുതല്‍ ബംഗാള്‍ നിയമസഭയുടെ ഭാഗമാണ് ശോഭന്‍ ദേബ്. കോണ്‍ഗ്രസ് കാലത്ത് മമത ബാനര്‍ജിയുടെ വിശ്വസ്ത അനുയായിയായിരുന്നു ഇദ്ദേഹം. പിന്നീട് ടിഎംസിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായി മാറി. ടിഎംസിയുടെ തൊഴിലാളി വിഭാഗമായ ഇന്ത്യന്‍ നാഷണല്‍ തൃണമൂല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് ശോഭന്‍ ദേബിന്റെ സംഭാവനയാണ്.നിയമസഭാ തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയാണ് നേരിട്ടത്. തിരഞ്ഞെടുപ്പില്‍ മമത പരാജയപ്പെട്ടപ്പോള്‍, തൃണമൂല്‍ കോണ്‍ഗ്രസ് 80 സീറ്റുകളാണ് നേടിയത്. 294 അംഗ നിയമസഭയില്‍ 207 സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലേറുകയും ചെയ്തു. ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരിയെ തിരഞ്ഞെടുത്തതിന് തൊട്ട് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തത്.




Feedback and suggestions