അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍


19, April, 2026
Updated on 19, April, 2026 2


ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആസ്തി. ലോക സമ്പന്നരില്‍ 19ാം സ്ഥാനത്താണ് അദാനിയുള്ളത്. തൊട്ടുപിന്നാലെ 20ാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്തി 90.8 ബില്യണ്‍ ഡോളറാണ്. അദാനി ഗ്രൂപ്പിന് കീഴിലെ വിവിധ കമ്പനികളുടെ ഓഹരി വിലയിലുണ്ടായ കുതിപ്പാണ് ഗൗതം അദാനിയുടെ സമ്പത്ത് വര്‍ധിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സീപോര്‍ട്ട്, എയര്‍പോര്‍ട്ട് നടത്തിപ്പുകാരും പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദകരും ലോകത്തെ തന്നെ ഏറ്റവും വലിയ കല്‍ക്കരി വ്യാപാരികളുമാണ് അദാനി ഗ്രൂപ്പ്. അദാനി എനര്‍ജിയുടെ ഓഹരി കഴിഞ്ഞ ഒരാഴ്ചക്കിടെ 14 ശതമാനമാണ് ഉയര്‍ന്നത്. അദാനി ഗ്രീന്‍ എനര്‍ജി എട്ട് ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 14.19 ശതമാനവും ഉയര്‍ന്നു. ഫ്‌ലാഗ്ഷിപ്പ് സ്ഥാപനമായ അദാനി എന്റര്‍പ്രൈസിന്റെ ഓഹരിവില ഒരാഴ്ചക്കിടെ ഒമ്പത് ശതമാനമാണ് ഉയര്‍ന്നത്. 2023ന്റെ തുടക്കത്തിലും അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവിയിലെത്തിയിരുന്നു. എന്നാല്‍, ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ഉന്നയിച്ച അഴിമതിയാരോപണങ്ങള്‍ അദാനിക്ക് തിരിച്ചടിയായി. ഓഹരിവിലകള്‍ ഇടിഞ്ഞതോടെയാണ് ഏഷ്യയിലെ സമ്പന്നനെന്ന പദവി അദാനിക്ക് നഷ്ടമായത്. 2024 മധ്യത്തോടെ ഈ പദവി അദാനി തിരിച്ചുപിടിച്ചെങ്കിലും 2025ല്‍ അംബാനി വീണ്ടും അദാനിക്ക് മുന്നിലെത്തുകയായിരുന്നു. അതേസമയം, ലോകസമ്പന്നരില്‍ ടെസ്ല-സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് എതിരാളികളില്ലാതെ ഒന്നാംസ്ഥാനത്ത് തുടരുകയാണ്. 656 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ സഹസ്ഥാപകനായ ലാറി പേജാണ് 286 ബില്യണ്‍ ഡോളര്‍ സമ്പത്തുമായി രണ്ടാമതുള്ളത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് 269 ബില്യണ്‍ ഡോളര്‍ സമ്പത്തുമായി മൂന്നാംസ്ഥാനത്തുണ്ട്.




Feedback and suggestions