18, April, 2026
Updated on 18, April, 2026 3
രാജ്യത്തെ നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ ബില്ലിന് അനുകൂലമായി 298 വോട്ടുകളും എതിരായി 230 വോട്ടുകളുമാണ് ലഭിച്ചത്. ഭരണഘടന ഭേദഗതി ചെയ്യുന്നതിന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം (352 വോട്ടുകൾ) ലഭിക്കാതെ പോയതോടെയാണ് ബിൽ തള്ളപ്പെട്ടത്. ബില്ലിന്റെ പരാജയം ഭരണകക്ഷിയായ എൻഡിഎയും ഐക്യ പ്രതിപക്ഷവും തമ്മിലുള്ള തുറന്ന പോരിന് വഴിവെച്ചിരിക്കുകയാണ്.
സമീപകാലത്ത് ആദ്യമായാണ് നിർണ്ണായകമായ ഒരു സർക്കാർ നീക്കത്തെ ഒന്നിച്ച് നിന്ന് തടയാൻ പ്രതിപക്ഷത്തിന് സാധിക്കുന്നത്. ബില്ലിനെ അട്ടിമറിച്ചതിലൂടെ പ്രതിപക്ഷം സ്ത്രീ ശാക്തീകരണത്തെ പിന്നിൽ നിന്ന് കുത്തിയെന്ന് എൻഡിഎ ആരോപിക്കുമ്പോൾ, ഭരണഘടനാ വിരുദ്ധമായ നീക്കത്തെ തടയാനായതിന്റെ ആവേശത്തിലാണ് പ്രതിപക്ഷ നിര.ബിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ ആക്രമണവുമായി കേന്ദ്രമന്ത്രിമാർ രംഗത്തെത്തി. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, സമാജ്‌വാദി പാർട്ടി എന്നിവരാണ് ബില്ലിനെ പരാജയപ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു.കോൺഗ്രസും സഖ്യകക്ഷികളും ഇത് ആദ്യമായല്ല ഇത്തരത്തിൽ ചെയ്യുന്നത്. അവരുടെ മാനസികാവസ്ഥ സ്ത്രീകൾക്കോ രാജ്യത്തിനോ ഗുണകരമല്ല," അമിത് ഷാ എക്സിൽ കുറിച്ചു. പതിറ്റാണ്ടുകളായി അവകാശങ്ങൾക്കായി കാത്തിരുന്ന സ്ത്രീകളെ പ്രതിപക്ഷം അപമാനിച്ചുവെന്നും ഇതിന് രാഷ്ട്രീയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ഇതൊരു 'കറുത്ത അധ്യായമാണെന്ന്' ബിജെപി അധ്യക്ഷൻ ജെ പി നദ്ദ വിശേഷിപ്പിച്ചു. പ്രതിപക്ഷത്തിന്റേത് ഇടുങ്ങിയ ചിന്താഗതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ സ്ത്രീ വിരുദ്ധ നിലപാടിനെതിരെ ശനിയാഴ്ച മുതൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എൻഡിഎ പ്രഖ്യാപിച്ചു