25, March, 2026
Updated on 25, March, 2026 27
ന്യൂഡൽഹി : പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കും അതിന്റെ ഫലമായുണ്ടാകുന്ന ആഗോള ഊർജ്ജ പ്രതിസന്ധിക്കും ഇടയിൽ ഭാരതം ഒരു നിർണായക നീക്കം നടത്തുകയാണ്. 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയിൽ തദ്ദേശീയമായി കപ്പലുകൾ വികസിപ്പിക്കുന്നതിനായി
70,000 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ ആണ് ഇക്കാര്യം അറിയിച്ചത്. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആഗോള വ്യാപാര മേഖലയിലുണ്ടായ തടസ്സങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.
നിലവിൽ ഇന്ത്യയുടെ വിദേശ വ്യാപാരത്തിന്റെ 90 ശതമാനവും നടക്കുന്നത് വിദേശ കപ്പലുകൾ വഴിയാണ്. ഇത് ആഗോള പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. "ആത്മനിർഭരത മാത്രമാണ് ആഗോള ആഘാതങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാനുള്ള ഒരേയൊരു വഴി" എന്ന് രാജ്യസഭയിൽ മോദി വ്യക്തമാക്കി. കൂടാതെ വിദേശ കപ്പലുകൾക്ക് വാടകയായി ഇന്ത്യ വർഷം തോറും 75 ബില്യൺ ഡോളർ (ഏകദേശം 6 ലക്ഷം കോടി രൂപ) നൽകുന്നുണ്ട്. കപ്പലുകൾ നാട്ടിൽ നിർമ്മിക്കുന്നതോടെ ഈ വൻ തുക ലാഭിക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു....