21, March, 2026
Updated on 21, March, 2026 3
പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി നിർണായക ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെബ്രുവരി 28-ന് മേഖലയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന രണ്ടാമത്തെ സംഭാഷണമാണിത്. പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും വേഗത്തിൽ പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നതായി ഫോൺ മുഖേനയുള്ള ചർച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഇറാൻ പ്രസിഡന്റിനും ജനങ്ങൾക്കും ഈദ് ആശംസകൾ നേർന്ന മോദി, നിലവിലെ സാഹചര്യത്തിൽ നയതന്ത്രപരമായ ഇടപെടലുകൾ അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചു.
മേഖലയിൽ പൗരന്മാരുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെടുന്നതിലും വർധിച്ചുവരുന്ന ആക്രമണങ്ങളിലും പ്രധാനമന്ത്രി കടുത്ത ആശങ്ക രേഖപ്പെടുത്തി. ആക്രമണങ്ങളെ ശക്തമായി അപലപിച്ച അദ്ദേഹം, അന്താരാഷ്ട്ര നാവിക സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ചയിൽ ഊന്നിപ്പറഞ്ഞു. കപ്പൽ ഗതാഗത പാതകൾ തടസ്സമില്ലാതെ തുറന്നിടേണ്ടത് ആഗോളതലത്തിൽ തന്നെ പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, ഇറാനിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ നൽകുന്ന പിന്തുണയ്ക്ക് ഇറാൻ പ്രസിഡന്റിനോട് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ചർച്ച ഏറെ നിർണായകമാണ്. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾ കാരണം നിലവിൽ ഇരുപതിലധികം ഇന്ത്യൻ കപ്പലുകളാണ് പേർഷ്യൻ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്. ഷിപ്പിങ് പാതകൾ സുരക്ഷിതമായി നിലനിർത്തുക എന്നത് ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ള കാര്യമാണ്. ഈ സാഹചര്യത്തിൽ നാവിക പാതകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പ്രധാനമന്ത്രി ചർച്ചയിൽ പ്രധാന വിഷയമായി ഉന്നയിച്ചു.