പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണം! പ്രധാനമന്ത്രി നരേന്ദ്ര മോദി


20, March, 2026
Updated on 20, March, 2026 5


പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ രാഷ്ട്രത്തലവന്മാരുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം എന്നിവരുമായാണ് മോദി ആശയവിനിമയം നടത്തിയത്. മേഖലയിലെ സമാധാനവും സുരക്ഷയും എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചർച്ചകളിൽ ഊന്നിപ്പറഞ്ഞു.


മേഖലയിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. ഇത്തരം നീക്കങ്ങൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നും സമാധാന ശ്രമങ്ങളെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതവും സ്വതന്ത്രവുമായി നിലനിർത്തേണ്ടത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം നേതാക്കളെ ഓർമ്മിപ്പിച്ചു.


ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനെ ‘സഹോദരൻ’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ ആശങ്ക രേഖപ്പെടുത്തി. പ്രശ്നപരിഹാരത്തിനായി നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഘർഷ മേഖലകളിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ജോർദാൻ നൽകുന്ന പിന്തുണയ്ക്ക് മോദി പ്രത്യേക നന്ദി അറിയിക്കുകയും നേതാവിന് ഈദ് ആശംസകൾ നേരുകയും ചെയ്തു.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള സംഭാഷണത്തിൽ, പിരിമുറുക്കം കുറയ്ക്കുന്നതിനായി ഇന്ത്യയും ഫ്രാൻസും ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നയതന്ത്ര തലത്തിലുള്ള ഇടപെടലുകൾ അടിയന്തരമായി ഉണ്ടാകണമെന്ന് ഇരുവരും യോജിച്ചു. സമാധാനത്തിനായുള്ള ശ്രമങ്ങളിൽ ഇന്ത്യയുടെ പങ്കിനെ മാക്രോൺ പ്രശംസിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനം തുടരുമെന്ന് അറിയിക്കുകയും ചെയ്തു.


ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായുള്ള ചർച്ചയിൽ, ഒമാന്റെ പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും ലംഘിക്കുന്ന നീക്കങ്ങളെ ഇന്ത്യ എതിർക്കുമെന്ന് മോദി പറഞ്ഞു. ആയിരക്കണക്കിന് ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഒമാൻ ഭരണകൂടം നൽകിയ സഹായത്തെ അദ്ദേഹം അഭിനന്ദിച്ചു. ഖത്തർ അമീറുമായുള്ള സംഭാഷണത്തിലും മേഖലയിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന കരുതലിന് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.


മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായും മോദി സ്ഥിതിഗതികൾ വിലയിരുത്തി. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പശ്ചിമേഷ്യയിൽ സ്ഥിരത കൊണ്ടുവരാൻ സാധിക്കൂ എന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യൻ മേഖലയിലെ സമാധാനം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്കും പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും നിർണ്ണായകമാണെന്ന വിലയിരുത്തലിലാണ് ഇന്ത്യയുടെ ഈ സജീവ നയതന്ത്ര ഇടപെടലുകൾ.




Feedback and suggestions