13, March, 2026
Updated on 13, March, 2026 1
ഗൾഫ് മേഖലയിലെ സംഘർഷം മൂലം രാജ്യത്തുണ്ടായ പാചകവാതക വിതരണ പ്രതിസന്ധിയെ സർക്കാർ സജീവമായി നേരിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടന്ന നെക്സ്റ്റ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യ സാധ്യമായ എല്ലാ വഴികളും തേടുന്നുണ്ടെന്നും എന്നാൽ ചിലർ ബോധപൂർവം പരിഭ്രാന്തി സൃഷ്ടിച്ച് സ്വന്തം രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം പ്രവർത്തികൾ രാജ്യത്തിന് ദോഷം ചെയ്യുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കാൻ ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി ചർച്ചകൾ നടത്തിവരികയാണ്. നിലവിലെ സാഹചര്യം മുതലെടുത്ത് എൽപിജി ഉൽപ്പന്നങ്ങൾ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. കോവിഡ് കാലത്തെ പ്രതിസന്ധികളെ രാജ്യം ഒത്തൊരുമയോടെ നേരിട്ടതുപോലെ, നിലവിലെ ഊർജ്ജ പ്രതിസന്ധിയെയും മറികടക്കുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പുനൽകി.ഊർജ്ജ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. എത്തനോൾ മിശ്രിത ശേഷി വർദ്ധിപ്പിച്ചത് വഴി വലിയ തോതിൽ എണ്ണ ഇറക്കുമതി കുറയ്ക്കാൻ സാധിച്ചു. കഴിഞ്ഞ 11 വർഷത്തിനിടെ ഇതിലൂടെ മാത്രം ഒന്നര ലക്ഷം കോടി രൂപ ലാഭിക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിന് വിവിധ ഊർജ്ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.