22, February, 2026
Updated on 22, February, 2026 9
നേപ്പാളിലെ മാധേഷ് പ്രവിശ്യയിലെ റൗതഹത് ജില്ലയിൽ വിവാഹ ഘോഷയാത്രയ്ക്കിടെയുണ്ടായ തർക്കം രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് നീങ്ങി. സംഘർഷത്തിന് പിന്നാലെ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയതായി അധികാരികൾ വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി ഇന്ത്യ-നേപ്പാൾ അതിർത്തിക്കടുത്തുള്ള ഗൗർ മുനിസിപ്പാലിറ്റിയിലാണ് സംഭവം. ഘോഷയാത്രയ്ക്കിടെ ഡിജെ ശബ്ദത്തെച്ചൊല്ലിയുണ്ടായ തർക്കം കല്ലെറിയിലേക്ക് നയിച്ചതായും ഇത് രണ്ട് സമുദായങ്ങളിലെ അംഗങ്ങൾക്കിടയിൽ സംഘർഷത്തിന് കാരണമായതായും ഉദ്യോഗസ്ഥർ പറഞ്ഞു.ശനിയാഴ്ച രാവിലെയോടെ പ്രതിഷേധങ്ങൾ ശക്തമായി, പ്രകടനക്കാർ ഒരു പോലീസ് വാഹനത്തിന് തീയിട്ടു. കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ ഗൗർ മുനിസിപ്പാലിറ്റിയുടെ ഗ്രാമപ്രദേശങ്ങളിൽ ഉച്ചയ്ക്ക് 1 മണി മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലാ ഭരണകൂടം കർഫ്യൂ ഏർപ്പെടുത്തി.പോലീസ് പട്രോളിംഗും സുരക്ഷാ സേനയുടെ വിന്യസവും വർദ്ധിപ്പിച്ചുകൊണ്ട് സുരക്ഷ കർശനമാക്കിയിട്ടുണ്ടെന്ന് റൗതഹട്ടിലെ ചീഫ് ജില്ലാ ഓഫീസർ പറഞ്ഞു. മുൻകരുതൽ നടപടിയായി നേപ്പാൾ സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.മുഖ്യ ആസൂത്രകനെന്ന് ആരോപിക്കപ്പെടുന്നയാൾ ഉൾപ്പെടെ 20 ഓളം പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണ്.മാർച്ച് 5 ന് നടക്കുന്ന പ്രതിനിധിസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പാണ് ഈ അസ്വസ്ഥത ഉടലെടുത്തത്. രാഷ്ട്രീയ പാർട്ടികൾ സംഭവത്തിൽ നിന്ന് അകലം പാലിച്ചു.സാധാരണ നില പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുമ്പോൾ, സമാധാനം നിലനിർത്താൻ അധികൃതർ താമസക്കാരോട് അഭ്യർത്ഥിച്ചു.