14, February, 2026
Updated on 14, February, 2026 9
അസമിലെ മരാൻഹാട്ടിൽ ദേശീയ പാതയിൽ സജ്ജീകരിച്ചിരിക്കുന്ന അടിയന്തര ലാൻഡിങ് റൺവേ (Emergency Landing Facility) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതോടെ വടക്കുകിഴക്കൻ മേഖലയിൽ ഇന്ത്യയുടെ തന്ത്രപരമായ പ്രതിരോധ ശേഷി പുതിയ തലത്തിലേക്ക് ഉയർന്നിരിക്കുകയാണ്. യുദ്ധകാലസാഹചര്യങ്ങളിലോ പ്രകൃതിക്ഷോഭങ്ങൾ മൂലമോ വ്യോമതാവളങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായാൽ, സുഖോയ്-30 എം.കെ.ഐ, സി-130 ജെ സൂപ്പർ ഹെർക്കുലീസ് തുടങ്ങിയ കരുത്തുറ്റ യുദ്ധവിമാനങ്ങൾക്കും ചരക്ക് വിമാനങ്ങൾക്കും ഈ ഹൈവേ സ്ട്രിപ്പിൽ സുരക്ഷിതമായി ഇറങ്ങാൻ സാധിക്കും. ചൈനയുമായി അതിർത്തി പങ്കിടുന്ന അരുണാചൽ പ്രദേശിനോട് ചേർന്നുള്ള ഈ തന്ത്രപ്രധാനമായ ലാൻഡിങ് സൗകര്യം, അതിർത്തിയിലെ ഏത് വെല്ലുവിളികളെയും അതിവേഗം നേരിടാനുള്ള വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കുന്നതാണ്. ഏകദേശം 3.5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പ്രത്യേക പാത അന്താരാഷ്ട്ര നിലവാരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
ഇന്ത്യൻ വ്യോമസേനയും (IAF) നാഷണൽ ഹൈവേ അതോറിറ്റിയും (NHAI) സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്. ശത്രുരാജ്യങ്ങൾ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയാലും സൈനിക നീക്കം തടസ്സപ്പെടാതിരിക്കാൻ ഇത്തരം റൺവേകൾ സഹായിക്കും. അതിർത്തിയിലേക്ക് അതിവേഗം സൈനികരെയും യുദ്ധസാമഗ്രികളെയും എത്തിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം. പ്രതിരോധ മേഖലയിൽ മാത്രമല്ല, അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ഘട്ടങ്ങളിലും ദുരന്തനിവാരണ പ്രവർത്തനങ്ങളിലും വലിയ വിമാനങ്ങൾ ഇറക്കാൻ സാധിക്കുന്നത് പ്രദേശത്തെ ജനങ്ങൾക്കും വലിയ ആശ്വാസമാകും. ഉത്തർപ്രദേശിലും രാജസ്ഥാനിലും ആന്ധ്രാപ്രദേശിലും സമാനമായ സൗകര്യങ്ങൾ നേരത്തെ പരീക്ഷിച്ചിരുന്നുവെങ്കിലും, വടക്കുകിഴക്കൻ അതിർത്തിയിലെ ഈ റൺവേ ഇന്ത്യയുടെ തന്ത്രപരമായ പ്രതിരോധ നീക്കങ്ങളിൽ അതീവ പ്രാധാന്യമുള്ള ഒന്നായിട്ടാണ് സൈനിക വൃത്തങ്ങൾ വിലയിരുത്തുന്നത്