മണിപ്പൂരിൽ വീണ്ടും സംഘർഷം, കുക്കി മേഖലകളിൽ ഇന്ന് സമ്പൂര്‍ണ അടച്ചുപൂട്ടൽ


6, February, 2026
Updated on 6, February, 2026 15


ന്യൂഡൽഹി: രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും അശാന്തി പടരുന്നു. കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധമാണ് അക്രമാസക്തമായത്. കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂരിലാണ് പൊലീസുമായി സംഘർഷമുണ്ടായത്. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞു. റോഡിൽ ടയർ കത്തിച്ചു. വാഹനഗതാഗതം തടഞ്ഞും പ്രതിഷേധിച്ചു.ഇന്ന് കുക്കി മേഖലകളിൽ സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ചുരചന്ദ്പൂർ കേന്ദ്രീകരിച്ച് പ്രതിഷേധ റാലിയും നടക്കും. കൂടുതൽ സുരക്ഷ സേനയെ ഇവിടേക്ക് വിന്യസിച്ചിട്ടുണ്ട്. പുതിയ സർക്കാരിൽ നിന്ന് കുക്കി അംഗങ്ങൾ പുറത്തുവരുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് വിവിധ സംഘടനകൾ പറയുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് രാഷ്ട്രപതി ഭരണത്തിന് വിരാമമിട്ടുകൊണ്ട് മണിപ്പൂരിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതലയേറ്റത്. ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതാ നേതാവ് നെംചാ കിപ്ജെനും നാഗ വിഭാഗത്തിൽ നിന്നുള്ള ലോസി ദിഖോയും ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു. ബിജെപിയിൽ നിന്നും നാഗ പീപ്പിൾസ് പാർട്ടിയിൽ നിന്നും ഒരോ എംഎൽഎ മാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.കഴിഞ്ഞ വർഷം ഫെബ്രുവരി 13ന് ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണമാണ് ഔദ്യോഗികമായി പിൻവലിച്ചത്. 2023 മെയ് മാസത്തിൽ പൊട്ടിപ്പുറപ്പെട്ട മെയ്തി – കുക്കി വിഭാഗങ്ങളിലെ അക്രമം കൈകാര്യം ചെയ്തതിനെതിരെ വിമർശനങ്ങൾ ഉയർന്നതിനെത്തുടർന്ന് എൻ ബിരേൻ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.










Feedback and suggestions