5, October, 2025
Updated on 5, October, 2025 31
![]() |
പരിസ്ഥിതി സൗഹൃദ ഇന്ധനമായ ‘ഹൈഡ്രജൻ’ ഉപയോഗപ്പെടുത്താനൊരുങ്ങി സംസ്ഥാനം. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റും ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനും ഉടൻ യാഥാർത്ഥ്യമാകും. നെടുമ്പാശ്ശേരിയിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള പരിസരത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത്. പദ്ധതി ഉടൻ കമ്മീഷൻ ചെയ്യും. ഇതോടെ കൊച്ചി വാട്ടർ മെട്രോയും കൊച്ചി മെട്രോയുടെ തിരഞ്ഞെടുത്ത ഇ-ഫീഡർ സേവനങ്ങളും ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനാണ് അധികൃതരുടെ ഉദ്ദേശ്യം.
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി (സിയാൽ) സഹകരിച്ച് ബിപിസിഎല്ലാണ് നെടുമ്പാശേരിയിൽ 1,000 കിലോവാട്ട് ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നത്. പ്രതിദിനം 80 കിലോഗ്രാം ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കാനുള്ള പ്രാരംഭ ശേഷി ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷന് ഉണ്ടായിരിക്കും. അനെർട്ടുമായി സഹകരിച്ച് തിരുവനന്തപുരത്ത് ഹൈഡ്രജൻ റീഫ്യുവലിംഗ് സ്റ്റേഷൻ നിർമ്മിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
കൊച്ചിൻ ഷിപ്പ്‌യാർഡ് കൊച്ചി വാട്ടർ മെട്രോക്കായി നിർമ്മിക്കുന്ന ഇലക്ട്രിക്-ഹൈബ്രിഡ് പാസഞ്ചർ ഫെറികൾ ഗ്രീൻ ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കാൻ സാധിക്കുന്ന തരത്തിലാണ് ആസൂത്രണം ചെയ്യുന്നത്. ഹൈഡ്രജൻ റീഫ്യുവലിംഗ് സ്റ്റേഷൻ കമ്മീഷൻ ചെയ്യുന്നതോടെ ഹൈഡ്രജൻ ബസുകൾ വിന്യസിക്കാനും സിയാലിന് പദ്ധതിയുണ്ട്.
ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് (VTOL) സാധ്യമാകുന്ന ചെറു വിമാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയിലും ബി.പി.സി.എൽ പങ്കാളിയാണ്. പത്തിൽ താഴെ ആളുകൾക്ക് കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങൾക്കിടയിൽ വേഗത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന തരത്തിലായിരിക്കും വി.ടി.ഒ.എൽ വിമാനങ്ങളുടെ പ്രവർത്തനം. കൂടാതെ ആവശ്യമെങ്കിൽ എയർ ആംബുലൻസുകളായും ഇത്തരം വിമാനങ്ങൾ ഉപയോഗിക്കാവുന്നതാണ്.