പാലക്കാട് കോട്ട

ടിപ്പു സുൽത്താന്റെ കോട്ട...
5, May, 2021
Updated on 31, May, 2021 145

പാലക്കാട് നഗരത്തിന്റെ ഹൃദയ ഭാഗത്ത് ചരിത്രവും, പാരമ്പര്യവും, പ്രൗഢിയും വിളിച്ചോതിക്കൊണ്ട് അതി പുരാതനമായ പാലക്കാട് കോട്ട നിലകൊള്ളുന്നു. രാജ ഭരണത്തിന്റെയും യുദ്ധത്തിന്റെയും ചെറുത്തുനിൽപിന്റെയും കഥകളുറങ്ങുന്ന ഈ മണ്ണിൽ കേരള ചരിത്രത്തിന്റെ കൂടി നിത്യ സ്മാരകമായി ഈ കോട്ട അവശേഷിക്കുന്നു.
Tourism information
Visiting time08.00 AM to 06.00 PM
Entrance feeRs. 25
Nearest AirportCoimbatore 55 Kms, Nedumbassery 140 Kms
Nearest Railway stationOlavakkode, Palakkad 6 Kms
Contact0491 2500 171

പാലക്കാട്ടെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ് പാലക്കാട് കോട്ട. നഗരത്തിന്റെ ഭാഗമായതിനാൽ എപ്പോഴും ടൂറിസ്റ്റുകളുടെ തിരക്ക് ഇവിടെ അനുഭവപ്പെടാറുണ്ട്. കോട്ടയ്ക്കുള്ളിൽ ഒരു ഹനുമാൻ ക്ഷേത്രവും, ഏതാനും സർക്കാർ ഓഫീസുകളും സ്ഥിതി ചെയ്യുന്നു. മുൻപ് പാലക്കാട് സബ് ജയിൽ ഇവിടെയായിരുന്നു. കോട്ടയോട് ചേർന്ന് വാടിക എന്ന ഉദ്യാനവും, പാർക്കും, ഒയ്സ്കക മുനിസിപ്പൽ ചിൽഡ്രൻസ് പാർക്കുമുണ്ട്.  നഗരത്തിനുള്ളിലേയ്ക്കും പുറത്തേയ്ക്കുമുള്ള വിവിധ വഴികളെ തമ്മിൽ ബന്ധിച്ചുകൊണ്ട് കോട്ടയ്ക്ക് ചുറ്റും ഒരു വളയം പോലെ ഫോർട്ട്, യാക്കര റോഡുകൾ കിടക്കുന്നു. പാലക്കാടിന്റെ ഭരണ സിരാകേന്ദ്രമായ സിവിൽ സ്റ്റേഷനും, വിവിധ സാംസ്കാരിക പരിപാടികൾ സ്ഥിരമായി നടക്കുന്ന രാപ്പാടി ഓപ്പൺ ഓഡിറ്റോറിയവും, കോട്ടമൈതാനവും , സർക്കാർ വക ഓപ്പൺ വ്യായാമ കേന്ദ്രവുമെല്ലാം  ഈ റോഡുകളുടെ അരികിൽ തന്നെയാണ്. നഗരപ്രദേശത്തുള്ള ധാരാളം പേർ വ്യായാമത്തിനും നടത്തത്തിനുമായി ദിവസേന രാവിലെയും, വൈകുന്നേരവും കോട്ടയിലെത്താറുണ്ട്. നടത്തക്കാരുടെ കൂട്ടയ്മ എന്ന നിലയിൽ ഒരു ഫോർട്ട് വാകേഴ്സ്  ക്ലബ്ബും  ഇവിടെയുണ്ട്. 

കോട്ടയ്ക്കുള്ളിൽ തന്നെ കിഴക്കോട്ട് ദർശനമായി ഒരു ഹനുമാൻ ക്ഷേത്രമുണ്ട്. എല്ലാ ദിവസവും പൂജ നടക്കുന്നു. രാമായണ മാസത്തിൽ അന്നദാനവും രാമായണ പാരായണവും നടത്താറുണ്ട്. വടമാല ഭഗവാന്റെ ഇഷ്ട വഴിപാടാണെന്ന് പറയപ്പെടുന്നു.



കോട്ടയുടെ ചരിത്രം

കോട്ടയുടെ മാത്രം ചരിത്രമായി ഇത് ഒതുങ്ങുന്നില്ല. പാലക്കാട്ട് രാജാവായിരുന്ന ഇട്ടിക്കൊമ്പി അച്ചൻ മുതൽ
ബ്രട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി വരെയുള്ള പ്രാചീന ഭാരതത്തിലെ അധികാര കേന്ദ്രങ്ങൾ പരസ്പരം നടത്തിയ ആക്രമണങ്ങളുടെയും, പ്രത്യാക്രമണങ്ങളുടെയും ചെറുത്തുനില്പിന്റെയുമൊക്കെ കഥകളും കൂടിയാണത് ... 

കോട്ട പണിയുവാനുള്ള തീരുമാനം

പതിനെട്ടാം നൂറ്റണ്ടിൽ പാലക്കാട്ടെ നാട്ടുരാജവായിരുന്നു ഇട്ടിക്കൊമ്പി അച്ചന്‍. കോഴിക്കോട് സാമൂതിരിയുടെ ആശ്രിതനായി രാജ്യം ഭരിച്ച് വന്നെങ്കിലും  പിന്നീട് ഇദ്ദേഹം  പാലക്കാടിന്റെ സ്വതന്ത്ര ഭരണാധികാരിയായി മാറി. സാമൂതിരിയിൽ നിന്നുമുള്ള ആക്രമണത്തെ ഭയന്ന് 1756 ൽ അന്നത്തെ മൈസൂർ രാജവിന്റെ ഡിണ്ടിഗലിലെ സൈന്യാധിപനായിരുന്ന ഹൈദരാലിയുമായി ബന്ധം  സ്ഥാപിക്കുവാൻ രാജാവ് തീരുമാനിച്ചു. തന്ത്രജ്ഞനായ ഹൈദരാലി ആ ബന്ധത്തെ സ്വാഗതം ചെയ്തു. സാമൂതിരിയെ ചെറുക്കുന്നതിന് ഹൈദരാലിയുടെ നിർദ്ദേശ പ്രകാരം പാലക്കാട് ഒരു കോട്ട പണിയുന്നതിന് അച്ചൻ രാജാവ് തീരുമനിക്കുകയായിരുന്നു.  അന്ന്  അച്ചന്‍ രാജാവിന്റെ ഉപദേശകരിൽ മികച്ച ആളായിരുന്നു പണ്ഡിതനായ കല്ലേക്കുളങ്ങര രാഘവ പിഷാരടി. തച്ചുശാസ്ത്രത്തിലും, സാഹിത്യത്തിലും, ജ്യോതി ശാസ്ത്രത്തിലുമൊക്കെ അഗ്രഗണ്യനായിരുന്നു രാഘവ പിഷാരടി. രാജാവ് തന്റെ  തീരുമാനം പിഷാരടിയുമായി പങ്കുവക്കുകയും കോട്ട പണിയുവാൻ സ്ഥലം നോക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു.  ഇന്നു കാണുന്ന പാലക്കാട് കോട്ടയുടെ ചരിത്രം അവിടെ തുടങ്ങുന്നു എന്ന് പറയാം.

പരമ്പരാഗതമായി പണിഞ്ഞുവന്ന മൺകോട്ടക്കു പകരം കൂടുതൽ ബലിഷ്ഠമായ കരിങ്കൽ കോട്ട പണിയണമെന്ന് തീരുമാനിച്ചു. അങ്ങിനെ അച്ചൻ രാജാവിന്റെ വിശ്വസ്തനായി മാറിയ ഹൈദരാലിയുടെ  കൂടെയുള്ള മുഖ്റം അലി വടക്കോട്ട് ദർശനമായി കോട്ടയ്ക്ക് തറക്കല്ലിട്ടു. ദർശനം വടക്കോട്ടാണെങ്കിലും വാതിൽ പടിഞ്ഞാറോട്ടാണ്. അന്നുള്ള ഇസ്ലാം ഭരണാധികാരികൾ മക്കയുടെ ദിശനോക്കി കോട്ട വാതിലുകൾ പണിതിരുന്നു. ഒരു ഫ്രഞ്ച് എഞ്ചിനീയറുടെ മേൽനോട്ടത്തിൽ 1757 ൽ കോട്ട പണിയാരംഭിച്ചു. കരിങ്കൽ കെട്ടിൽ തീർത്ത കോട്ടയ്ക്കു ചുറ്റുമുള്ള കിടങ്ങ് പാലക്കാട് കോട്ടയുടെ പ്രത്യേകതയാണ്. എത്ര മികച്ച കുതിര യോദ്ധാവിന്നും ചാടി കടക്കാനാവാത്ത വിധം  വീതിയിൽ തീർത്ത കിടങ്ങാണിത്. നിർമ്മാണത്തിൽ ഹൈന്ദവ മുസ്ലീം കലകൾ തനതായോ സമ്മിശ്രമായോ പല ഇടങ്ങളിലും പ്രയോഗിക്കപ്പെട്ടു. പ്രവേശന കവാടത്തിലെ സ്തംഭങ്ങളും മറ്റും ഹൈന്ദവ കലകളെ അനുസ്മരിപ്പിക്കുമെങ്കിൽ കോട്ടയുടെ ചുറ്റുമതിലുകൾ ആഗ്ര, ശ്രീരംഗം കോട്ടകളിലെപോലുള്ള ഇസ്ലാമിക കലകളെ പ്രതിഫലിപ്പിക്കുന്നു. ആയിരക്കണക്കിന് യോദ്ധാക്കൾക്ക് ദീർഘകാലം യുദ്ധമുഖത്ത് ചെറുത്തു നില്ക്കാനാവും വിധമുള്ള രൂപകല്പനയാണ് കോട്ടയുടേത്. ഒളിയറകളും, പീരങ്കി പ്രയോഗത്തിനുള്ള പൊഴികളും കോട്ട മതിലിൽ തീർത്തിരിക്കുന്നു. 1766 ൽ ഒൻപത് വർഷംകൊണ്ട്  കോട്ടപണി പൂർത്തിയായി. 

ഹൈദരാലി പിടിച്ചെടുക്കുന്നു

തെക്കെ മലബാർ കയ്യടക്കുക എന്നത് ഹൈദരാലിയുടെ ദീർഘവീക്ഷണമായിരുന്നു. ഇതിനിടെ മൈസൂർ രാജാവിന്റെ സൈനാധിപൻ എന്ന നിലയിൽ നിന്നും വളർന്ന ഹൈദരാലി 1761 ൽ  മൈസൂർ രാജാവിനെ പുറത്താക്കുകയും മസൂറിന്റെ ഭരണം കയ്യാളുകയും ചെയ്തു. തന്ത്രശാലിയായ ഹൈദർ കോയമ്പത്തൂർ, ഡിണ്ടിഗൽ എന്നിവിടങ്ങളിൽ നിന്നും മലബാറിലേയ്ക്ക് തന്റെ സാമ്രാജ്യത്തെ വളർത്താനുള്ള ഒരു സങ്കേതമായി പാലക്കാട് കോട്ടയെ  മാറ്റി. ചെറുത്തു നില്ക്കാൻ കഴിയാതെ അച്ചൻ രാജാവ് ഹൈദരിന്റെ പിടിയിലകപ്പെട്ട് ശ്രീരംഗ പട്ടണത്ത് തടവിലാക്കപ്പെട്ടു. ഇട്ടിക്കൊമ്പി അച്ചന്‍ രാജവിന്റെ അടുത്ത അവകാശിയായ ഇട്ടിപൊങ്ങിയച്ചന് ചില അവകാശങ്ങൾ നല്കിക്കൊണ്ട് ഹൈദരാലി പാലക്കാട് തന്റെ ആധിപത്യം ഉറപ്പിച്ചു. ഇട്ടിക്കൊമ്പി അച്ചൻ രാജാവിന്റെ കൂടെ നിന്ന രാഘവ പിഷാരടി കൊച്ചി രാജാവായ വീരകേരള വർമ്മയുടെ  ആശ്രിതനായി ത്രിപ്പൂണിത്തറയിലേയ്ക്ക് പോയി.

ബ്രട്ടീഷുകാരുടെ ആക്രമണം 

1760 കളുടെ അവസാനം ബ്രട്ടീഷുകാർ അവരുടെ ആധിപത്യം ഉറപ്പിക്കുവാൻ പല തവണ ഹൈദരാലിയെ ആക്രമിച്ചു. 1768ൽ കേണൽ വുഡിന്റെ നേതൃത്വത്തിൽ ആദ്യമായി ബ്രട്ടീഷ് സൈന്യം പാലക്കാട് കോട്ട ഹൈദരാലിയിൽ നിന്നും പിടിച്ചെടുത്തു. വൈകാതെ തന്നെ ഹൈദരാലി കോട്ട തിരികെ പിടിച്ചു. പിന്നീട് 1784 വരെ കോട്ട മൈസൂർ രാജാക്കന്മാരുടെ കയ്യിലായിരുന്നു. ഇതിനിടെ 1782 ൽ ഹൈദരാലി വെട്ടിപ്പിടിച്ച വലിയ വിസ്ത്രൃതമായ തന്റെ സാമ്രാജ്യം മകനായ ടിപ്പു സുൽത്താനെ ഏൽപിച്ചു. രണ്ട് ആങ്ക്ലോ-മൈസൂർ യുദ്ധങ്ങൾക്ക് ഇക്കാലയളവിൽ പാലക്കാട് കോട്ട സാക്ഷ്യം വഹിച്ചു.  1784ൽ ബ്രട്ടീഷ് സൈന്യം കോട്ട ആക്രമിക്കുമ്പോൾ ടിപ്പു സുൽത്താനായിരുന്നു മൈസൂർ രാജാവ്. കേണൽ ഫുള്ളർട്ടിന്റെ നേതൃത്വത്തിൽ 11 ദിവസം നീണ്ട യുദ്ധത്തിനൊടുവിൽ ബ്രട്ടീഷ് സൈന്യം കോട്ട കീഴടക്കി.

കോട്ട ടിപ്പു സുൽത്താന്റെ കൈകളിൽ 

ഒരു വർഷത്തിനുശേഷം കോഴിക്കോട് സാമൂതിരിയുടെ സൈന്യത്തെ കാവലേൽപിച്ച് ബ്രട്ടീഷുകാർ പിൻവാങ്ങി. പിന്നീട് സാമൂതിരിയിൽ നിന്നും  ടിപ്പു സുൽത്താൻ വീണ്ടും കോട്ട തിരികെ പിടിച്ചു. ടിപ്പുവിന്റെ കോട്ട എന്ന വിശേഷണത്തെ സാധൂകരിക്കുന്ന പല കാര്യങ്ങളും ഈ അവസരത്തിലാണുണ്ടായത്.  അദ്ദേഹം കോട്ടയെ നവീകരിച്ചു. ഇന്ന് കാണുന്ന കോട്ട മൈതാനം ടിപ്പുവിന്റെ ആനകളുടെയും, കുതിരകളുടെയും ലയമായിരുന്നു.  തന്ത്രപ്രധാനമായ പല തീരുമാനങ്ങൾക്കും ഈ കോട്ട സാക്ഷിയായി. മൈസൂർ സൈന്യം നാണയമടിക്കുന്ന കമ്മട്ടമായിരുന്നു ഈ കോട്ട. അന്നു പ്രചാരത്തിലിരുന്ന വീരരായൻ പണത്തിനു പകരം ഹൈദരി എന്ന സുൽത്താൻ പണമാണ് ഇവിടെ നിന്നും അടിച്ചിറക്കിയത്. 

ശക്തൻ തമ്പുരാന്റെ സദസ്യനായിരുന്ന പണ്ഡിതനായ മച്ചാട്ട് ഇളയതുമായി ബന്ധപ്പെട്ട ടിപ്പു സുൽത്താന്റെ ഒരു കഥയും വളരെ പ്രശസ്തമാണ്. ഒരിക്കൽ ടിപ്പു ശക്തൻ തമ്പുരാന്റെ കൊട്ടാരം സന്ദർശിക്കാനിടയായി.  ടിപ്പുവിനൊപ്പം ഒരു തത്ത ഉണ്ടായിരുന്നു. സ്വർണ്ണ  ചങ്ങലയിൽ കെട്ടിയിട്ട തത്തയെ നോക്കി ഇതെത്ര കാലം വരെ ജീവിക്കുമെന്ന് അവിടെ ഉണ്ടായിരുന്ന ജ്യോതിഷിയായ ഇളയതിനോട് പരിഹാസമെന്നോണം  സുൽത്താൻ  ചോദിച്ചു. ഉടൻ മരണമില്ലെന്ന് ഇളയതിന്റെ മറുപടി. ഉടൻ ടിപ്പു തന്റെ വാളെടുത്ത് തത്തയെ വെട്ടി. പക്ഷെ വാൾ ചങ്ങലയിൽ തട്ടി ചങ്ങല മുറിയുകയും തത്ത പറന്ന് പോവുകയും ചെയ്തു. ഇളയതിന്റെ പ്രവചനത്തിൽ ആകൃഷ്ടനായ ടിപ്പു ഇളയതിനോട് തന്റെ ജാതകം എഴുതാൻ ആവശ്യപ്പെട്ടു എന്നാണ് കഥ. പാലക്കാട് കോട്ട അത്ര സുരക്ഷിതമല്ലെന്ന ഇളയതിന്റെ വാക്കുകേട്ടാണ് ടിപ്പു സുൽത്താൻ  പാലക്കാടുനിന്നും പിൻമാറിയതെന്ന് മറ്റൊരു ഭാഷ്യം. 

വീണ്ടും ബ്രട്ടീഷ് അധിനിവേശം  

ടിപ്പുവിന്റെ ചെറുത്തുനില്പ് പോലെ ഇന്ത്യയിൽ മറ്റൊരിടത്തുനിന്നും ബ്രട്ടീഷ് സൈന്യത്തിന് ഒരു വെല്ലുവിളി നേരിട്ടിട്ടില്ല. കോഴിക്കോട് സാമൂതിരിയുമായി ചേർന്ന് ബ്രട്ടീഷ് സൈന്യം നടത്തിയ നിരന്തരമായ ആക്രമണങ്ങൾക്കൊടുവിൽ 1790 ൽ കേണൽ സ്റ്റുവർട്ടിന്റെ സൈന്യം ടിപ്പുവിൽ നിന്നും  വീണ്ടും പാലക്കാട് കോട്ട കയ്യടക്കി. മൈസൂർ രാജാവായ ടിപ്പുവിന്റെ അധീനതയിലുള്ള ശ്രീരംഗപട്ടണം ആക്രമിക്കുവാനുള്ള ഒരു താവളമായി ഈ കോട്ടയെ ബ്രട്ടീഷുകാർ ഉപയോഗിച്ചു. ടിപ്പു ഭരണം അവസാനിപ്പിക്കുന്ന ശ്രീരംഗപട്ടണം ഉടമ്പടി 1792 ഫെബ്രുവരി 22 ന് ഒപ്പുവച്ചു. 1792 ഓഗസ്റ്റിൽ കോഴിക്കോട് സാമൂതിരിയും, ബ്രട്ടീഷുകാരും വച്ച ഉടമ്പടിയുടെ ഭാഗമായി, ഹൈദരാലി ശ്രീരംഗ പട്ടണത്ത് തടവിലാക്കിയ പാലക്കാട് രാജാവ് ഇട്ടിക്കൊമ്പി അച്ചന് താല്ക്കാലികമായി ഒരു വർഷത്തേയ്ക്ക് നികുതി പിരിക്കുവാനും നീതി നടപ്പിലാക്കാനുമുള്ള അനുവാദം ബ്രട്ടീഷുകാർ നല്കി. 1793 ആഗസ്റ്റിൽ അച്ചൻ രാജാവിന് പാലക്കാട് ദേശം ഭരിക്കുന്നതിന് ഉടമ്പടിയോടെ  ബ്രട്ടീഷുകാർ അനുമതി നല്കിയെങ്കിലും അത് അധിക നാൾ തുടർന്നില്ല. 1796 ഒക്ടോബറിൽ അച്ചൻ രാജവിന്റെ സകല അധികാരങ്ങളും ബ്രട്ടീഷുകാർ അവസാനിപ്പിച്ചു. 1798 ൽ അച്ചൻ രാജവിനെതിരെ രണ്ട് ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെട്ടു. ഉള്ളാട്ടിൽ കണ്ണൻ നായരെ വധിച്ചു എന്നതും, ബ്രഹ്മണനായ പരമേശ്വരന്റെ കണ്ണുകൾ ചൂഴ്ന്നെടുത്തു എന്നതുമായിരുന്നു കുറ്റം. 1798 ജൂലായ് 7 ന് കല്പാത്തിയിലെ തന്റെ വസതിയിൽ നിന്നും  രാജാവ് ഒളിവിൽ  പോയി. രാജാവിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് അയ്യായിരം രൂപ സമ്മാനമായി പ്രഖ്യാപിച്ചു. അവസാനം അച്ചൻ രാജാവ് 1798 സെപ്റ്റമ്പർ 6 ന് പാലക്കാട് ഫോർട്ട് കമാണ്ടന്റ് മേജർ ജയിംസ് റോംനി മുമ്പാകെ കീഴടങ്ങുകയായിരുന്നു. അദ്ദേഹം തലശ്ശേരി കോട്ടയിലെ ജയിലിൽ അടയ്ക്കപ്പെട്ടു. 1799 മാർച്ച് 2 ന് ജയിലിൽ മരണമടഞ്ഞു എന്നാണ് രേഖകൾ. 1799 ഓക്ടോബർ 10 ന് പാലക്കാട് ദേശത്തിന്റെ എല്ലാ അധികാരങ്ങളും, ഭരണവും  ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിലാക്കി. പിന്നെ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം വരെ അത് ബ്രട്ടീഷുകാരുടെ കയ്യിലായിരുന്നു. അവർ കോട്ടയെ പുനരുദ്ധരിച്ചു. കോട്ടയെ കേന്ദ്രമാക്കി സർക്കാർ ഓഫീസുകൾ സ്ഥാപിച്ചു. 

ഇപ്പോൾ കോട്ടയുടെ സ്ഥിതി 

ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് കോട്ട. വിനോദ സഞ്ചാരികൾക്കായി  തുറന്നുകൊടുത്തിരിക്കുന്നു. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും കോട്ടയ്ക്ക് ചുറ്റും നടക്കുന്നതിനുമെല്ലാം സൗകര്യമുണ്ട്. പുൽ തകിടികളും, ചെടികളും, കൽഭിത്തികളിൽ തീർത്ത കിടങ്ങുകളുമെല്ലാം നല്ല രീതിയിൽ പരിപാലിക്കപ്പെടുന്നു.          






Feedback and suggestions