ഇറാന്റെ വധഭീഷണി; അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് സൈനിക താവളത്തിലേക്ക് താമസം മാറ്റിയെന്ന് റിപ്പോര്‍ട്ട്


11, November, 2026
Updated on 11, November, 2026 6


വാഷിംഗ്ടണ്‍: ഇറാനില്‍നിന്ന് വധഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് താമസസ്ഥലത്തുനിന്ന് സൈനിക താവളത്തിലേക്ക് മാറിയതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാവുന്നവരെ ഉദ്ധരിച്ചാണ് പത്രത്തിന്റെ റിപ്പോര്‍ട്ട്. ബെസന്റിനെതിരായ ഭീഷണിയുടെ ഗൗരവം എത്രത്തോളമാണെന്ന് വ്യക്തമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


അമേരിക്കന്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണശ്രമങ്ങള്‍ ശക്തമാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമേരിക്കന്‍ പൗരന്മാര്‍ക്കെതിരെ ഇറാന്‍ ആസൂത്രണം ചെയ്ത മാരകമായ ആക്രമണപദ്ധതികള്‍ വിപുലമായ ഘട്ടത്തിലെത്തിയിട്ടുണ്ടെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ മാസം അവസാനം റോയിട്ടേഴ്‌സിന് ലഭിച്ച ഔദ്യോഗിക മെമ്മോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.


അതേസമയം, അമേരിക്കയിലും വിദേശത്തുള്ള മറ്റ് പ്രദേശങ്ങളിലും വന്‍തോതിലുള്ള ആക്രമണങ്ങള്‍ നടത്താനുള്ള ഇറാന്റെ ശേഷി പരിമിതമാണെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ വിലയിരുത്തലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ മണ്ണില്‍ ഉദ്യോഗസ്ഥരെയും വ്യക്തികളെയും ആക്രമിക്കാന്‍ പദ്ധതിയിട്ടെന്ന ആരോപണം ഇറാന്‍ നേരത്തേ നിഷേധിച്ചിട്ടുണ്ട്. ബെസന്റിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ പ്രതികരിക്കാന്‍ അമേരിക്കന്‍ ട്രഷറി വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.


ഫെബ്രുവരി 28ന് ആരംഭിച്ച അമേരിക്ക-ഇസ്രായേല്‍ യുദ്ധത്തിനിടെ ഇറാനെതിരായ വാഷിങ്ടണിന്റെ സാമ്പത്തിക സമ്മര്‍ദ നീക്കങ്ങളുടെ പ്രധാന മുഖമായിരുന്നു സ്‌കോട്ട് ബെസന്റ്. ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതിനും സമ്മര്‍ദത്തിലാക്കുന്നതിനുമുള്ള അമേരിക്കന്‍ നടപടികളില്‍ നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചുവരുന്നത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ ഭീഷണിയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.


അമേരിക്കയും ഇസ്രായേലും ഇറാനില്‍ നടത്തിയ ആക്രമണങ്ങളിലും യുദ്ധത്തിനിടെ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളിലും ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് പേര്‍ക്ക് വീടും നാടും ഉപേക്ഷിക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനേയി ഉള്‍പ്പെടെയുള്ള ഉന്നത ഇറാന്‍ നേതാക്കളും അമേരിക്കന്‍-ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.





Feedback and suggestions