ഓഫീസ് ജോലികൾ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ക്വാണ്ടസ് ; ഓസ്‌ട്രേലിയയിൽ 850 ജീവനക്കാർക്ക് ജോലി നഷ്ടമാകും


10, November, 2026
Updated on 10, November, 2026 1



ഓസ്‌ട്രേലിയൻ വിമാനക്കമ്പനിയായ ക്വാണ്ടസ് (Qantas) 850 ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചു. കമ്പനിയുടെ പ്രധാന ഓഫീസ് വിഭാഗങ്ങളിലെ ജോലികൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിൽ ഭൂരിഭാഗം ജോലികളും ഇന്ത്യയിലേക്ക് മാറ്റും. സാങ്കേതിക സേവന മേഖലയിലെ പ്രമുഖ കമ്പനിയായ ആക്സെഞ്ചറുമായി (Accenture) ഉണ്ടാക്കിയ പുതിയ ബഹുവർഷ കരാറിന്റെ ഭാഗമായാണ് ഈ തീരുമാനം. ക്വാണ്ടസ് സിഇഒ വനേസ ഹഡ്‌സൺ നവംബർ 10ന് ജീവനക്കാർക്ക് അയച്ച ഇമെയിലിലൂടെയാണ് വിവരം അറിയിച്ചത്. കമ്പനിയുടെ ഓസ്‌ട്രേലിയയിലെ 28,000 ജീവനക്കാരിൽ ഏകദേശം മൂന്ന് ശതമാനത്തെയാണ് തീരുമാനം ബാധിക്കുക. 


ആദ്യഘട്ടത്തിൽ ഫിനാൻസ്, പ്രൊക്യുർമെന്റ്, ഹ്യൂമൻ റിസോഴ്‌സസ്, മാർക്കറ്റിങ് വിഭാഗങ്ങളിലെ ജീവനക്കാരുടെ ജോലികളാണ് ബാധിക്കപ്പെടുക. 2027 പകുതിയോടെ പിരിച്ചുവിടൽ നടപടികൾ ആരംഭിക്കുമെന്നും തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ മാറ്റങ്ങൾ നടപ്പാക്കുമെന്നും കമ്പനി അറിയിച്ചു. കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കാനുമാണ് ഈ നീക്കമെന്നാണ് ക്വാണ്ടസിന്റെ വിശദീകരണം. പതിറ്റാണ്ടുകൾ പഴക്കമുള്ള ആയിരത്തിലധികം സോഫ്റ്റ്‌വെയർ സംവിധാനങ്ങൾ കമ്പനിയിൽ നിലവിലുണ്ട്. ഇവ പരസ്പരം ബന്ധിപ്പിച്ച് പ്രവർത്തിക്കാൻ കഴിയാത്തതിനാൽ പ്രവർത്തനങ്ങളിൽ സങ്കീർണതയുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. പുതിയ കരാറിലൂടെ ഈ സംവിധാനങ്ങൾ നവീകരിക്കാനും ഡാറ്റാ കൈമാറ്റം മെച്ചപ്പെടുത്താനും ഓട്ടോമേഷൻ സംവിധാനങ്ങൾ വ്യാപിപ്പിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. 


ആക്സെഞ്ചറിന്റെ ഇന്ത്യയിലെ ടീമുകളായിരിക്കും ഭൂരിഭാഗം ഔട്ട്‌സോഴ്‌സ് ജോലികളും നിർവഹിക്കുക. ചില ജോലികൾ ഓസ്‌ട്രേലിയയിലും തുടരും. ഭാവിയിൽ കൂടുതൽ ജോലികൾ ഓട്ടോമേഷനും എഐ സംവിധാനങ്ങൾക്കും കൈമാറാനും പദ്ധതിയുണ്ട്. ബാധിക്കപ്പെടുന്ന ജീവനക്കാരിൽ കഴിയുന്നത്ര പേരെ കമ്പനിയിലെ മറ്റ് ഒഴിവുകളിലേക്ക് മാറ്റുമെന്നും ആവശ്യമായ പരിശീലനവും പുനർപരിശീലനവും നൽകുമെന്നും സിഇഒ വ്യക്തമാക്കി. ജീവനക്കാരുടെ സംഭാവനകളെ കുറച്ചുകാണുന്നതല്ല തീരുമാനമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ക്വാണ്ടസിന്റെ തീരുമാനത്തിനെതിരെ ഓസ്‌ട്രേലിയൻ തൊഴിലാളി യൂണിയനുകൾ രംഗത്തെത്തിയിട്ടുണ്ട്.




Feedback and suggestions