ഇറാൻ വിഷയം: സമാധാനപരമായ പരിഹാരം ആഗ്രഹിച്ച് ഖത്തറും സൗദിയും; വേണമെങ്കിൽ സൈനികനടപടിയെന്ന് ട്രംപ്


10, November, 2026
Updated on 10, November, 2026 4


വാഷിങ്ടൺ: ഇറാനുമായുള്ള തർക്കത്തിൽ സമാധാനപരമായ പരിഹാരമാണ് ഖത്തറും സൗദി അറേബ്യയും ആഗ്രഹിക്കുന്നതെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, ആവശ്യമെങ്കിൽ ഇറാനെതിരേ വീണ്ടും സൈനികനടപടിക്ക് അമേരിക്ക സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച റോയിട്ടേഴ്സിന് നൽകിയ ഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.ഖത്തർ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനുമായുള്ള വിഷയം ചർച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കാനാണ് ഖത്തറും സൗദി അറേബ്യയും ആഗ്രഹിക്കുന്നത്. അതേസമയം, സൈനികനടപടിക്ക് അമേരിക്ക എപ്പോഴും സജ്ജമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.ഇറാനെതിരേ ഉടനടി ആക്രമണം പുനരാരംഭിക്കാൻ അമേരിക്ക ഉദ്ദേശിക്കുന്നില്ലെന്ന സൂചനയും ട്രംപ് നൽകി. ഹോർമുസ് കടലിടുക്കിൽ ഇറാനെതിരേ ഏർപ്പെടുത്തിയ നാവികോപരോധത്തിൽ തൃപ്തനാണ്. ഉപരോധം തുടരുന്നത് ഇറാനുമേൽ സമ്മർദം ശക്തമാക്കാൻ സഹായിക്കുമെന്നാണ് യു.എസ്. നിലപാട്.ഇറാനുമായുള്ള നിലവിലെ സാഹചര്യം എങ്ങോട്ടാണ് നീങ്ങുന്നതെന്ന് നിരീക്ഷിച്ചുവരികയാണെന്നും നയതന്ത്രചർച്ചകൾക്കുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ സൈനിക നിലപാടും ഖത്തർ, സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളുടെ സമാധാനശ്രമങ്ങളും വരുംദിവസങ്ങളിൽ നിർണായകമാകും.




















Feedback and suggestions