10, November, 2026
Updated on 10, November, 2026 2
അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപമുള്ള ലാഫയറ്റ് സ്‌ക്വയറിൽ കാർ സുരക്ഷാ ബാരിക്കേഡിലും നാമഫലകത്തിലും ഇടിച്ചുകയറിയതിനെ തുടർന്ന് വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ ഏർപ്പെടുത്തി. വാഷിംഗ്ടൺ ഡി.സിയിലുള്ള പ്രസിഡൻഷ്യൽ സമുച്ചയത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരാണ് പ്രദേശം ഉടനടി അടച്ചിട്ടത്. സംഭവസമയത്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സുരക്ഷാ ആശങ്കയുയർത്തിയ ഈ സംഭവം നടന്നത്. 16-ാം സ്ട്രീറ്റിനും എച്ച് സ്ട്രീറ്റിനും സമീപമുള്ള നടപ്പാതയിലേക്ക് കയറിയ വെള്ളി നിറത്തിലുള്ള കാർ ബോർഡിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ വാഹനത്തിൽ നിന്നും പുക ഉയർന്നത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. പുറത്തിറങ്ങിയ ഡ്രൈവർ സുരക്ഷാ ഉദ്യോഗസ്ഥരുമായി എതിരിട്ടെങ്കിലും സീക്രട്ട് സർവീസും നാഷണൽ ഗാർഡും ചേർന്ന് ഇയാളെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു.സംഭവത്തെ തുടർന്ന് മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരോട് അകത്തുതന്നെ തുടരാൻ നിർദ്ദേശം നൽകി. പ്രദേശത്ത് വിശദമായ പരിശോധന നടത്തിയ ശേഷം സ്ഥിതിഗതികൾ ശാന്തമാണെന്ന് ഉറപ്പാക്കിയാണ് ലോക്ക്ഡൗൺ പിൻവലിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിൽ ഡ്രൈവറുടെ പേരുവിവരങ്ങളോ വാഹനം ഇടിച്ചുകയറ്റിയതിന് പിന്നിലെ യഥാർത്ഥ ഉദ്ദേശ്യമോ വ്യക്തമായിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.