9, November, 2026
Updated on 9, November, 2026 6
മകളുടെ ദാരുണാന്ത്യത്തിന് കാരണമായ വാഹനാപകടത്തിന് പിന്നാലെ, ഗതാഗത നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ ഒറ്റയാൾ പോരാട്ടവുമായി ഒരു പിതാവ്. തെക്കുകിഴക്കൻ ചൈനയിലെ ജിയാങ്സി പ്രവിശ്യയിലാണ് വു ഷിഷെങ് എന്ന പിതാവിന്റെ കണ്ണീരണിയിക്കുന്ന ഈ പോരാട്ടം നടക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ഭാര്യയും രണ്ടു പെൺമക്കളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അമിതഭാരം കയറ്റിയ ടിപ്പർ ലോറിയിടിച്ചാണ് വുവിന്റെ ഒൻപതു വയസ്സുകാരി മകൾ സംഭവസ്ഥലത്തുതന്നെ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യയും അഞ്ചു വയസ്സുകാരിയായ ഇളയ മകളും ചികിത്സയിലാണ്.
അനുവദനീയമായതിലും 92 ശതമാനം അധികഭാരം കയറ്റിയതും ബ്രേക്ക് തകരാറിലായതുമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും, ഉത്തരവാദികളായ ട്രക്കിങ് കമ്പനിക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ തെളിവുകളില്ലെന്ന അധികൃതരുടെ നിലപാടാണ് വുവിനെ പ്രകോപിപ്പിച്ചത്. ഇതോടെ സ്വന്തം ബിസിനസ് താൽക്കാലികമായി നിർത്തിവെച്ച അദ്ദേഹം, റോഡുകളിലെ നിയമലംഘനങ്ങൾ വെളിച്ചത്തുകൊണ്ടുവരാൻ മുഴുവൻ സമയവും ഇറങ്ങിത്തിരിക്കുകയായിരുന്നു. സ്കൂളുകൾക്കും തിരക്കേറിയ ജംഗ്ഷനുകൾക്കും സമീപം കാവലിരുന്ന് ടിപ്പർ ലോറികളുടെയും ചരക്കുവാഹനങ്ങളുടെയും അമിതവേഗത, സിഗ്നൽ ലംഘനം, അമിതഭാരം തുടങ്ങിയ ഗുരുതര വീഴ്ചകൾ അദ്ദേഹം ക്യാമറയിൽ പകർത്തി ട്രാഫിക് പൊലീസിനും സോഷ്യൽ മീഡിയയ്ക്കും കൈമാറുന്നു.ഇതുവരെ ഇരുപതിലേറെ ഭാരവാഹനങ്ങളുടെ നിയമലംഘനങ്ങളാണ് വു ഈ രീതിയിൽ കണ്ടെത്തുകയും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തത്. എന്നാൽ, നവംബർ രണ്ടിന് നടന്ന കേസിന്റെ വിചാരണയിൽ അപകടമുണ്ടാക്കിയ ഡ്രൈവർ കുറ്റം നിഷേധിക്കുകയും വുവിന്റെ ഭാര്യയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ആരോപിക്കുകയുമാണുണ്ടായത്. നീതി ലഭിക്കാനായി ഡ്രൈവർക്കും ഇൻഷുറൻസ് കമ്പനിക്കുമെതിരെ സിവിൽ കേസ് ഫയൽ ചെയ്യാനൊരുങ്ങുന്ന ഈ പിതാവ്, മറ്റൊരച്ഛനും തന്റേതിന് സമാനമായ അവസ്ഥ വരാതിരിക്കാനാണ് ഈ പോരാട്ടം തുടരുന്നതെന്ന് വ്യക്തമാക്കുന്നു.