ചൈനീസ് ചാരവനിതയുമായി ബന്ധമെന്ന് ആരോപണം; എന്‍വിഡിയ ജീവനക്കാരോട് ക്ഷമാപണം നടത്തി ജെന്‍സന്‍ ഹുവാങ്


9, November, 2026
Updated on 9, November, 2026 3


വാഷിംഗ്ടണ്‍: ലോകത്തെ മുന്‍നിര ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയയുടെ (Nvidia) മേധാവി ജെന്‍സന്‍ ഹുവാങ് ചൈനീസ് ചാരവനിതയുമായി ബന്ധപ്പെട്ട വിവാദത്തില്‍. ചൈനീസ് ചാരയെന്ന് സംശയിക്കപ്പെടുന്ന ആലീസ് ഹുവാങ്ങുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന്, സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ച് കമ്പനി ബോര്‍ഡ്.വിഷയം അമേരിക്കന്‍ ദേശീയ സുരക്ഷാതലത്തിലും വലിയ ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനിടെ, ഭാര്യയോട് അവിശ്വസ്തത കാണിച്ചതായി സമ്മതിച്ച ജെന്‍സന്‍ ഹുവാങ് ജീവനക്കാരോട് പരസ്യമായി മാപ്പുപറഞ്ഞു. ഞായറാഴ്ച എന്‍വിഡിയ ജീവനക്കാര്‍ക്ക് അയച്ച ഔദ്യോഗിക പ്രസ്താവനയിലാണ് അദ്ദേഹം തന്റെ ഖേദം പ്രകടിപ്പിച്ചത്. "ഞാന്‍ ചെയ്തത് ന്യായീകരിക്കാന്‍ ഒരു കാരണവുമില്ല. അതില്‍ അഗാധമായി ഖേദിക്കുന്നു," ഹുവാങ് വ്യക്തമാക്കി. ജീവനക്കാരുടെയും ഡയറക്ടര്‍ ബോര്‍ഡിന്റെയും ഓഹരി ഉടമകളുടെയും വിശ്വാസം കാത്തുസൂക്ഷിക്കുന്നതില്‍ താന്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളെ തുടര്‍ന്ന് എന്‍വിഡിയ ഡയറക്ടര്‍ ബോര്‍ഡ് സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയ ഹുവാങ്, അമേരിക്കയോടും കമ്പനിയോടും തനിക്ക് വലിയ സ്‌നേഹമുണ്ടെന്നും എന്‍വിഡിയയുടെ സംരക്ഷണത്തിനും നേതൃത്വത്തുടര്‍ച്ചയ്ക്കും പ്രതിജ്ഞാബദ്ധനാണെന്നും അറിയിച്ചു.




​മൈക്രോസോഫ്റ്റ്, ഓപ്പണ്‍എഐ, മെറ്റ തുടങ്ങിയ വമ്പന്‍മാര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) വികസനാവശ്യത്തിനുള്ള ചിപ്പുകള്‍ നല്‍കി ആഗോള വിപണിയില്‍ ട്രില്യണ്‍ കണക്കിന് ഡോളറിന്റെ മൂല്യമുള്ള സാമ്രാജ്യമാണ് ഹുവാങ് കെട്ടിപ്പടുത്തത്. മൂന്ന് പതിറ്റാണ്ടിലേറെയായി കമ്പനിയുടെ അമരത്തുള്ള അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ ഈ വെളിപ്പെടുത്തല്‍ ടെക് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ആലീസ് ഹുവാങ് എന്ന ചൈനീസ് വ്യവസായ വനിത ബെയ്ജിങ്ങിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ചാരയാണെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. ജെന്‍സന്‍ ഹുവാങുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇവരെ ഏജന്‍സികള്‍ നിരീക്ഷിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ആശയവിനിമയങ്ങള്‍ പരിശോധിച്ചതിലൂടെയാണ് ജെന്‍സന്‍ ഹുവാങ് നിരീക്ഷണ വലയത്തിലായത്.ആരോപണങ്ങള്‍ ഗൗരവമായി കാണുന്നതായി എന്‍വിഡിയ പ്രതികരിച്ചു. ബാഹ്യ നിയമവിദഗ്ധരെ നിയോഗിച്ച് ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്നും എന്നാല്‍ ഇതുവരെ കമ്പനിയുടെ രഹസ്യവിവരങ്ങളോ അമേരിക്കയുടെ ദേശീയ സുരക്ഷയോ അപകടത്തിലായതിന് തെളിവുകളൊന്നുമില്ലെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, ഹുവാങ് കമ്പനിയുടെ നേതൃത്വത്തില്‍ തുടരുമെന്ന നിലപാടിലാണ് ഡയറക്ടര്‍ ബോര്‍ഡ്. ചാരവൃത്തി ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ചൈനയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.




​








​




​




​




​




Feedback and suggestions