9, November, 2026
Updated on 9, November, 2026 3
വാഷിങ്‌ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരേ സ്വന്തം പാളയത്തിൽത്തന്നെ വിമർശനം ശക്തമാകുന്നു. ഒരുകാലത്ത് മാഗ (മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ) പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ കരുത്തായി ട്രംപിനെ കണ്ടിരുന്ന അനുയായികളിൽ ചിലർ ഇപ്പോൾ അദ്ദേഹം പ്രസ്ഥാനത്തിന്റെ തന്നെ ഏറ്റവും വലിയ ബാധ്യതയായി മാറിയോ എന്ന സംശയത്തിലാണ്.ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ രാജ്യവ്യാപകമായി റിപ്പബ്ലിക്കൻ പാർട്ടി പരാജയം നേരിട്ടതോടെ ഡാലസിൽ സെനറ്റ് സ്ഥാനാർഥി കെൻ പാക്സ്റ്റണിന്റെ വിജയാഘോഷത്തിനായി എത്തിയ ട്രംപ് അനുകൂലികളും നിരാശരായി മടങ്ങി. "ജനങ്ങൾക്ക് ട്രംപിനോട് രോഷമുണ്ട്. ട്രംപ് ഞങ്ങളെ തോൽപ്പിച്ചു", 59-കാരനായ വ്യവസായി മൈക്കൽ ലിറ്റിൽ പ്രതികരിച്ചു. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മാഗ ക്യാമ്പിൽ ഉയരുന്ന വികാരമാണ് ഇത് വ്യക്തമാക്കുന്നത്.തിരഞ്ഞെടുപ്പ് തിരിച്ചടി ട്രംപിനെതിരായ ജനവിധി മാത്രമല്ലെന്നും അദ്ദേഹം കെട്ടിപ്പടുത്ത രാഷ്ട്രീയ-സാംസ്‌കാരിക പ്രസ്ഥാനത്തിനുള്ള വിലയിരുത്തലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2016-ൽ ഉയർന്നുവന്ന മാഗ പിന്നീട് യു.എസ്. രാഷ്ട്രീയത്തിലെ നിർണായക ശക്തിയായി മാറുകയായിരുന്നു. എന്നാൽ ഇന്ധനവില വർധന, ഇറാൻ യുദ്ധം, അഴിമതി ആരോപണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങൾക്കിടയിലുണ്ടായ അതൃപ്തി ഡെമോക്രാറ്റുകൾക്ക് കോൺഗ്രസിൽ നിർണായക ഭൂരിപക്ഷം നേടിക്കൊടുത്തു.തിരഞ്ഞെടുപ്പിന് പിന്നാലെ നിലപാട് മാറ്റുന്നതിന് പകരം മാഗയുടെ അടിസ്ഥാന അജണ്ടയിൽ കൂടുതൽ ഉറച്ചുനിൽക്കാനാണ് ട്രംപിന്റെ ശ്രമം. കുടിയേറ്റ നിയന്ത്രണ നടപടികളുടെ പ്രധാന ശില്പിയായ സ്റ്റീഫൻ മില്ലറെ പുതിയ ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചതും ഇതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. സൂസി വൈൽസിന് പകരമാണ് മില്ലറുടെ നിയമനം. ഇതിനെ തീവ്ര കുടിയേറ്റ വിരുദ്ധ നിലപാടുകളിലേക്കുള്ള തിരിച്ചുപോക്കായാണ് ഒരുവിഭാഗം കാണുന്നത്.അതേസമയം, തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചും തെറ്റായ 2020-ലെ തിരഞ്ഞെടുപ്പ് അവകാശവാദങ്ങളെ പിന്തുണച്ച സ്ഥാനാർഥികളുടെ തോൽവിയെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് വൈറ്റ് ഹൗസ് നേരിട്ട് മറുപടി നൽകിയില്ല. താൻ മത്സരരംഗത്തുണ്ടായിരുന്നെങ്കിൽ പാർട്ടി ജയിക്കുമായിരുന്നുവെന്നും ഇറാൻ യുദ്ധവും ഇന്ധനവില വർധനയും തോൽവിക്ക് കാരണമായിട്ടുണ്ടാകാമെന്നും ട്രംപ് പ്രതികരിച്ചു.ജീവിതച്ചെലവ് കുറയ്ക്കുമെന്ന വാഗ്ദാനം പാലിക്കാത്തതും ഇറാൻ യുദ്ധവും ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടുന്നതിലെ കാലതാമസവും ചൂണ്ടിക്കാട്ടിയാണ് അനുയായികൾ ഇപ്പോൾ ട്രംപിനെയും ഉപദേശകരെയും വിമർശിക്കുന്നത്. പ്രസ്ഥാനത്തെ ഒരു വ്യക്തിയിൽ മാത്രം കേന്ദ്രീകരിക്കാതെ മുന്നോട്ടുകൊണ്ടുപോകണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുമ്പോൾ, മാഗയുടെ യുഗം അവസാനിച്ചതായി കരുതുന്നവരുമുണ്ട്.സോഷ്യൽ മീഡിയ വിശകലന സ്ഥാപനമായ പീക്ക്‌മെട്രിക്സ് നടത്തിയ പഠനത്തിൽ സ്വയം മാഗ അനുയായികളെന്ന് വിശേഷിപ്പിക്കുന്നവരിൽ 20 ശതമാനത്തിലധികം പേർ നേതൃത്വത്തെയും പ്രസ്ഥാനത്തിന്റെ ദിശയെയും ചോദ്യം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.