അമേരിക്കയിൽ ദീപാവലി ആഘോഷത്തിനിടെ വംശീയ അതിക്രമം; ഹിന്ദുക്കൾക്കെതിരെ വിദ്വേഷ മുദ്രാവാക്യവുമായി തീവ്ര വലതുപക്ഷം


8, November, 2026
Updated on 8, November, 2026 4


വാഷിംഗ്ടൺ: അമേരിക്കയിലെ സിയാറ്റിലിൽ ദീപാവലി ആഘോഷങ്ങൾ തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ട് തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങിന്റെ നേതൃത്വത്തിൽ വംശീയ അതിക്രമം. കുട്ടികളടക്കം പങ്കെടുത്ത ദീപാവലി ആഘോഷത്തിനിടെ കടന്നുകയറിയ പ്രതിഷേധക്കാർ, ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് നെറ്റിയിലെ തിലകത്തെ അധിക്ഷേപിക്കുന്ന ‘Deport All Dot Heads’ (എല്ലാ ഡോട്ട് ഹെഡുകളെയും നാടുകടത്തുക) തുടങ്ങിയ വംശീയ മുദ്രാവാക്യങ്ങളുയർത്തി പ്ലക്കാർഡുകൾ പ്രദർശിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ ചിത്രങ്ങൾ എക്സിൽ പങ്കുവെച്ച ജേക്ക് ലാങ്, ഹിന്ദുക്കൾക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ ആവർത്തിക്കുകയും ചെയ്തു.


വംശീയ വിദ്വേഷം പരത്തുന്ന ഈ നീക്കത്തിനെതിരെ യു.എസ് കോൺഗ്രസ് അംഗം പ്രമീള ജയ്പാൽ ഉൾപ്പെടെയുള്ള പ്രമുഖർ ശക്തമായി രംഗത്തെത്തി. ഭയമില്ലാതെ ദീപാവലി ആഘോഷിക്കാൻ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന് സാധിക്കണമെന്ന് പ്രമീള ജയ്പാൽ വ്യക്തമാക്കി. സംഭവത്തെ രൂക്ഷമായി അപലപിച്ച നോർത്ത് അമേരിക്കയിലെ ഹിന്ദുക്കളുടെ കൂട്ടായ്മയായ ‘കോഹ്ലിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക’ (CoHNA), സിയാറ്റിലിലെയും സമീപ പ്രദേശങ്ങളിലെയും ഹിന്ദു സമൂഹത്തോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചു.


‘വൈറ്റ് റീപ്ലേസ്‌മെന്റ്’ സംഘടനയുടെ തലവനായ ജേക്ക് ലാങ്, 2021-ലെ യു.എസ് ക്യാപിറ്റൽ ആക്രമണക്കേസിൽ പ്രതിയായിരുന്നു. 2025-ൽ ട്രംപ് ഭരണകൂടത്തിൽ നിന്ന് മാപ്പ് ലഭിച്ച് പുറത്തിറങ്ങിയ ഇയാൾ, 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്രിമമാണെന്ന് ആരോപിക്കുകയും വീണ്ടും പ്രക്ഷോഭങ്ങൾക്ക് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുള്ളയാളാണ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വാഷിംഗ്ടൺ സ്റ്റേറ്റ് ഗവർണർ ബോബ് ഫെർഗൂസണും ഉന്നതതലങ്ങളിൽ ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനിടെയാണ് തീവ്ര വലതുപക്ഷത്തിൽ നിന്ന് ഇത്തരമൊരു അതിക്രമം ഉണ്ടായിരിക്കുന്നത്.ചിക്കാഗോയ്ക്ക് സമീപമുള്ള ഹിന്ദു ക്ഷേത്രത്തിൽ കൂട്ടവെടിവെപ്പ് നടത്താൻ പദ്ധതിയിട്ട 19-കാരനായ അലക്‌സാണ്ട്രോസ് എന്ന തീവ്ര വലതുപക്ഷ അനുഭാവിയെ അറസ്റ്റ് ചെയ്തതിന് ദിവസങ്ങൾക്കുള്ളിലാണ് സിയാറ്റിലിലും ഹിന്ദു സമൂഹത്തിന് നേരെ വംശീയ അതിക്രമം റിപ്പോർട്ട് ചെയ്യുന്നത്. യു.എസിൽ സമീപകാലത്തായി ഹിന്ദുക്കൾക്ക് നേരെ വർദ്ധിച്ചുവരുന്ന തീവ്ര വലതുപക്ഷ അക്രമങ്ങളിലും വംശീയ അധിക്ഷേപങ്ങളിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.




Feedback and suggestions