അത്യാധുനിക സന്നാഹങ്ങൾക്കൊപ്പം കുതിരപ്പട്ടാളവും ബോട്ട് പട്രോളിംഗും; ബ്രിക്‌സ് ഉച്ചകോടിക്കിടെ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്


13, September, 2026
Updated on 13, September, 2026 1



ബ്രിക്‌സ് ഉച്ചകോടിക്കിടെ ഡൽഹിയിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കുതിരപ്പട്ടാളം, ബോട്ട് പട്രോളിങ്, നായകളുടെ സേവനം തുടങ്ങിയ പരമ്പരാഗത സുരക്ഷാ സംവിധാനങ്ങൾ വിന്യസിപ്പിച്ചതായി റിപ്പോർട്ട്. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും ആധുനിക സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തുന്നതിനൊപ്പം തന്നെ, നഗരത്തിലെ ദുർഘടമായ പാതകളും റിഡ്ജ് പ്രദേശങ്ങളും സുരക്ഷിതമാക്കാൻ ഈ പരമ്പരാഗത മാർഗ്ഗങ്ങൾ ഏറെ സഹായിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.


മധ്യ, ദക്ഷിണ ഡെൽഹിയിലെ വനമേഖലകളിലും റിഡ്ജ് പ്രദേശങ്ങളിലും ഇരുപതോളം പരിശീലനം ലഭിച്ച കുതിരകളടങ്ങുന്ന സംഘം രാപ്പകലില്ലാതെ നിരീക്ഷണം നടത്തിവരുന്നുണ്ട്. ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിന് സമീപമുള്ള യമുനാ നദിയിലും സുരക്ഷയുടെ ഭാഗമായി ബോട്ട് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. നദിയുടെ വിവിധ ഭാഗങ്ങളും തീരങ്ങളും നിരീക്ഷിക്കുന്നതിനായി പ്രത്യേക ബോട്ടുകൾ വിന്യദിച്ചിട്ടുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.


ഉച്ചകോടിക്കെത്തുന്ന വിദേശ അതിഥികൾ താമസിക്കുന്ന ഒൻപത് ഹോസ്പിറ്റാലിറ്റി കേന്ദ്രങ്ങൾ, പ്രധാന വിമാനത്താവളങ്ങൾ, നിശ്ചിത യാത്രാമാർഗ്ഗങ്ങൾ എന്നിവിടങ്ങളിൽ കെ-9 വിഭാഗത്തിൽപ്പെട്ട നായകളെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. വാഹനങ്ങൾക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടുള്ള ഇടുങ്ങിയ ഇടവഴികളിലും ജനത്തിരക്കേറിയ പൊതുസ്ഥലങ്ങളിലും സൈക്കിൾ പട്രോളിംഗും കാൽനടയായുള്ള പരിശോധനകളും സജീവമാക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. അന്താരാഷ്ട്ര ഉച്ചകോടികളുടെ സുരക്ഷയ്ക്കായി പൊലീസും അർദ്ധസൈനിക വിഭാഗങ്ങളുമായി ഏകദേശം മുപ്പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിപ്പിച്ചിരിക്കുന്നത്.




Feedback and suggestions