പരീക്ഷാ പരിഷ്കരണത്തിന് ദൗത്യസേന; നന്ദൻ നിലേക്കനി അധ്യക്ഷൻ: ഇൻസ്റ്റ വിഡിയോയിൽ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി


27, July, 2026
Updated on 27, July, 2026 5


ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ സംവിധാനം കൂടുതൽ വിശ്വസനീയവും സുതാര്യവുമാക്കുന്നതിനായി ഇൻഫോസിസ് സഹസ്ഥാപകനും സാങ്കേതിക വിദഗ്ധനുമായ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ഉന്നതതല ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. നീറ്റ് ഉൾപ്പെടെയുള്ള ദേശീയ പരീക്ഷകളിൽ ഉടനീളം സമഗ്രമായ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനാണ് ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നത്.​വിദ്യാർത്ഥികളുടെ ഭാവിയുമായി കളിക്കുന്ന ക്രമക്കേടുകളിൽ പങ്കാളികളായവരെ ജയിലിലടച്ചിട്ടുണ്ടെന്നും ഇത്തരം കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിച്ചിട്ടുണ്ടെന്നും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിനായി കൂടുതൽ കർശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിർമ്മാണം പാർലമെന്റിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.​ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ എസ്. സോമനാഥ് ഉൾപ്പെടെയുള്ള പ്രമുഖരും ഉയർന്ന സമിതിയിൽ അംഗങ്ങളായിരിക്കും. സാങ്കേതികവിദ്യയുടെ സഹായത്തോടെ പരീക്ഷാ നടത്തിപ്പ് കൂടുതൽ ഭദ്രമാക്കാനും, ചോദ്യപേപ്പർ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് ടാസ്ക് ഫോഴ്സ് സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരാനിരിക്കുന്ന പരീക്ഷകളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.




Feedback and suggestions