പളനി മുരുകൻ ക്ഷേത്രഭൂമിയിൽ വൻ തട്ടിപ്പ് ; 100 കോടിയുടെ ഭൂമി വെറും 2 കോടി രൂപയ്ക്ക് തട്ടിയെടുത്തു ; വ്യാപക റെയ്ഡുകളും അന്വേഷണവുമായി സിബി-സിഐഡി


19, July, 2026
Updated on 19, July, 2026 2



ചെന്നൈ : പളനി ശ്രീ ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിന്റെ (പളനി മുരുകൻ ക്ഷേത്രം) കോടികൾ വിലമതിക്കുന്ന ഭൂമി വ്യാജ ആധാരമുണ്ടാക്കി സ്വകാര്യ വ്യക്തികൾക്ക് രജിസ്റ്റർ ചെയ്തു നൽകിയ വൻ തട്ടിപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സിബി-സിഐഡി (CB-CID) സംഘം സംസ്ഥാനവ്യാപകമായി വിപുലമായ റെയ്ഡ് ആരംഭിച്ചു. ദിണ്ടിഗൽ, പളനി, ഒട്ടൻഛത്രം, തിരുനെൽവേലി, പാളയംകോട്ടൈ തുടങ്ങി വിവിധ ഇടങ്ങളിലായി പത്തിലധികം കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. പളനി അടിവാരത്ത് ഭക്തരുടെ സൗജന്യ പാർക്കിംഗ് കേന്ദ്രമായി ഉപയോഗിച്ചിരുന്ന, ഏകദേശം 100 കോടി രൂപ വിപണി വിലവരുന്ന 1.40 ഏക്കർ തന്ത്രപ്രധാനമായ ഭൂമിയാണ് കേവലം 2 കോടി രൂപയെന്ന തുച്ഛമായ തുകയ്ക്ക് സ്വകാര്യ വ്യക്തികളുടെ പേരിലേക്ക് മാറ്റി നൽകിയത്. ക്ഷേത്ര അധികൃതർ നടത്തിയ ആഭ്യന്തര പരിശോധനയിലാണ് റവന്യൂ ഉദ്യോഗസ്ഥരുടെയും ഭൂമാഫിയയുടെയും ഒത്താശയോടെ നടന്ന ഈ വൻ കൊള്ള പുറത്തുവന്നത്. തുടർന്നുണ്ടായ വലിയ രാഷ്ട്രീയ പ്രതിഷേധങ്ങളെത്തുടർന്ന് തമിഴ്‌നാട് ഡിജിപി കഴിഞ്ഞ ജൂലൈ 15-നാണ് കേസ് അന്വേഷണം സിബി-സിഐഡിക്ക് കൈമാറി ഉത്തരവിട്ടത്. 

തട്ടിപ്പിന് കൂട്ടുനിന്നതിന് നിലവിൽ സസ്‌പെൻഷനിലുള്ള പളനി ജോയിന്റ്-2 സബ് രജിസ്ട്രാർ ജസ്റ്റിൻ മണികണ്ഠൻ, ഡിസ്ട്രിക്റ്റ് രജിസ്ട്രാർ ശശികല, ഭൂമി ഇടനിലക്കാർ, ആധാരത്തിൽ സാക്ഷികളായി ഒപ്പുവെച്ചവർ എന്നിവരുടെ വസതികളിലാണ് സിബി-സിഐഡി സംഘം ശനിയാഴ്ച പുലർച്ചെ മുതൽ അപ്രതീക്ഷിത റെയ്ഡ് നടത്തിയത്. പളനി സബ് രജിസ്ട്രാർ ഓഫീസിലെ കമ്പ്യൂട്ടറുകളിൽ നിന്നുള്ള ഡിജിറ്റൽ രേഖകളും തട്ടിപ്പ് നടന്ന ദിവസം ഓഫീസിലെത്തിയവരെ തിരിച്ചറിയാനായി സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഈ വ്യാജ ഭൂമി രജിസ്ട്രേഷൻ ഇതിനകം തന്നെ റദ്ദാക്കി ഉത്തരവിട്ടിരുന്നു. ചട്ടങ്ങൾ മറികടന്ന് വ്യാജ ട്രസ്റ്റിന്റെ പേരിൽ ഭൂമി കൈമാറ്റം ചെയ്യാൻ നേതൃത്വം നൽകിയ വില്ലുപുരം സ്വദേശി മുരുകദാസ്, ഉദുമൽപേട്ട സ്വദേശി വെള്ളദുരൈ, പളനി സ്വദേശി സേതുപതി എന്നിവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ കബളിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ഗുരുതര വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്ഷേത്ര ഭൂമി വിഭാഗം സൂപ്രണ്ട് മുരുകാനന്ദൻ നൽകിയ പരാതിയിലാണ് ഈ നടപടി.




​ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലുള്ളതും ഹൈക്കോടതി ഉത്തരവ് പ്രകാരം ജോയിന്റ് കമ്മീഷണറുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതുമായ ഭൂമിയാണ് ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി എഴുതിനൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് വിരമിച്ച തഹസിൽദാർ മാരിയപ്പൻ, വിരമിച്ച വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ചിന്നസാമി എന്നിവരുൾപ്പെടെ അഞ്ച് പ്രമുഖരെ സിബി-സിഐഡി മണിക്കൂറുകളോളം ചോദ്യം ചെയ്തു. സംസ്ഥാനത്തെ പൊതുസ്വത്തുക്കളും ക്ഷേത്രഭൂമികളും കായലുകളും കൈയേറുന്ന മാഫിയകൾക്കെതിരെ കർശന നടപടി തുടരുമെന്ന് തമിഴ്‌നാട് നിയമമന്ത്രി സി.ടി.ആർ. നിർമ്മൽ കുമാർ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷത്തെ ഡിഎംകെ ഭരണകാലത്ത് നടന്ന ഇത്തരം നിരവധി അഴിമതികൾ ഇപ്പോൾ പുറത്തുവരുകയാണെന്നും പ്രതികൾ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മധുരയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ ഉയർന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.





Feedback and suggestions