മോദി കാൽ തൊട്ടു വന്ദിച്ച മഖൻലാൽ സർക്കാർ ; ബ്രിഗേഡ് പരേഡ് ഗ്രൗണ്ട് സാക്ഷിയായത് ഒരു 98കാരന്റെ പതിറ്റാണ്ടുകളുടെ പോരാട്ടത്തിന്


9, May, 2026
Updated on 9, May, 2026 3



പശ്ചിമ ബംഗാളിൽ അധികാരം നേടിയതിന്റെ ചരിത്രപരമായ ആഘോഷങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു 98-കാരന്റെ കാൽതൊട്ട് വന്ദിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ രാജ്യം മുഴുവൻ ചർച്ചയാകുകയാണ്. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ സുവേന്ദു അധികാരി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ വൈകാരിക നിമിഷം. ആരാണ് പ്രധാനമന്ത്രി പോലും ആദരവോടെ കുമ്പിട്ട ഈ മഖൻലാൽ സർക്കാർ എന്ന് ചോദ്യമാണ് പുതുതലമുറയിൽ നിന്നും ഉയരുന്നത്. പതിറ്റാണ്ടുകൾ നീണ്ട നിസ്വാർത്ഥ സേവനത്തിന് രാജ്യത്തിന്റെ പ്രധാനമന്ത്രി നൽകിയ ആദരവാണ് ഇന്ന് ബംഗാളിലെ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞ വേദിയിൽ കാണാൻ കഴിഞ്ഞത്.


പശ്ചിമ ബംഗാളിലെ ഏറ്റവും മുതിർന്ന ബിജെപി പ്രവർത്തകന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് മഖൻലാൽ സർക്കാർ. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ദേശീയ പ്രസ്ഥാനവുമായി അടുത്ത ബന്ധം പുലർത്ത്തിയിരുന്ന അദ്ദേഹം ഭാരതീയ ജനസംഘം സ്ഥാപകൻ ശ്യാമ പ്രസാദ് മുഖർജിയുടെ അടുത്ത സുഹൃത്തും അനുയായിയും കൂടിയായിരുന്നു. പശ്ചിമ ബംഗാളിലെ സിലിഗുരി സ്വദേശിയായ അദ്ദേഹം ജനസംഘം കാലം മുതൽ പാർട്ടിയുടെ വളർച്ചയ്ക്കായി പ്രവർത്തിച്ച ഒരു താഴെത്തട്ടിലുള്ള നേതാവാണ്. 1952-ൽ, കശ്മീരിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്താനുള്ള പ്രസ്ഥാനത്തിൽ പങ്കെടുക്കുന്നതിനിടെ ശ്യാമ പ്രസാദ് മുഖർജിയോടൊപ്പം മഖൻലാൽ സർക്കാരും അറസ്റ്റിലായിരുന്നു. കശ്മീരിൽ വെച്ച് ദേശീയഗീതം ആലപിച്ചതിന് ഡൽഹി പൊലീസും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ വെച്ച് മാപ്പ് പറയാൻ വിസമ്മതിച്ച അദ്ദേഹം, കോടതിമുറിയിൽ വീണ്ടും അതേ ദേശീയ ഗീതം പാടി പ്രതിഷേധിച്ചത് ഇന്ത്യ ഒരിക്കലും മറക്കാത്ത ചരിത്രമാണ്.


1980-ൽ ബിജെപി രൂപീകരിച്ചപ്പോൾ പശ്ചിമ ബംഗാളിലെ ഉത്തര ദിനാജ്‌പൂർ, ജൽപായ്ഗുരി, ഡാർജിലിംഗ് ജില്ലകളുടെ ഓർഗനൈസേഷണൽ കോർഡിനേറ്ററായി അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ നേതൃത്വപാടവത്തിന്റെയും സംഘടനാ വൈദഗ്ധ്യത്തിന്റെയും സ്വാധീനം ആണ് ബംഗാളിൽ ബിജെപിക്ക് ആദ്യ അടിത്തറ പാകുന്നതിൽ നിർണായക പങ്കുവഹിച്ചത്. കേവലം ഒരു വർഷത്തിനുള്ളിൽ പതിനായിരത്തോളം പുതിയ അംഗങ്ങളെ പാർട്ടിയിലേക്ക് ചേർക്കാൻ അദ്ദേഹത്തിന് സാധിച്ചു. 1981 മുതൽ തുടർച്ചയായി ഏഴ് വർഷം അദ്ദേഹം ജില്ലാ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. പശ്ചിമ ബംഗാൾ പോലുള്ള വെല്ലുവിളി നിറഞ്ഞ ഒരു സംസ്ഥാനത്ത് ബിജെപിയുടെ ആദ്യകാല വികാസത്തിലെ ഒരു പ്രധാന അധ്യായമാണ് മഖൻലാൽ സർക്കാർ. ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിക്കുന്ന ചടങ്ങിൽ മഖൻലാൽ സർക്കാരിന് വേദിയിൽ തന്നെ ഇരിപ്പിടം നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലെത്തിയ ഉടൻ നേരെ മഖൻലാലിന്റെ അടുത്തേക്ക് നീങ്ങുകയും കുനിഞ്ഞ് അദ്ദേഹത്തിന്റെ കാൽതൊട്ട് വന്ദിക്കുകയും ചെയ്തു. തുടർന്ന് മഖൻലാലിനെ ആലിംഗനം ചെയ്ത മോദി അദ്ദേഹത്തിന്റെ ക്ഷേമാന്വേഷണങ്ങൾ നടത്തുകയും ചെയ്തു. പതിറ്റാണ്ടുകളായി സംഘടനയെ പരിപോഷിപ്പിച്ച ഈ മുൻനിര നേതാക്കളെ പാർട്ടിയുടെ ഉന്നത നേതൃത്വം ഇപ്പോഴും ഓർക്കുകയും ആദരിക്കുകയും ചെയ്യുന്ന അതുല്യമായ കാഴ്ചയാണ് ഇന്ന് പശ്ചിമബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മഖൻലാൽ സർക്കാരും തമ്മിലുള്ള ഹൃദയംഗമമായ നിമിഷങ്ങളിലൂടെ രാജ്യം കണ്ടത്.





Feedback and suggestions