ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശങ്ങളിൽ പെടുന്നു.
30, May, 2021
Updated on 18, April, 2025 15
![]() |
ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത് കൊച്ചിയിൽ നിന്നും 200 മുതൽ 440 കി.മി. വരെ അകലത്തിൽ ലക്ഷദ്വീപ് സമുദ്രത്തിൽ 32 ചതുരശ്ര കി.മി വിസ്‌തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ചെറുതും വലുതുമായ ദ്വീപുകൾ ചേർന്നതാണ് ലക്ഷദ്വീപ്. നീലപിടിച്ച സമുദ്രത്തിൽ ചിതറി കിടക്കുന്ന ദ്വീപ സമൂഹം പ്രകൃതിയുടെ അവാച്യമായ സൗന്ദര്യത്തിന്റെ നിർമ്മിതിയാണ്. 36 ഓളം ദ്വീപുകൾ ചേർന്നതാണെങ്കിലും അതിൽ മനുഷ്യവാസമുള്ളവ 10 എണ്ണം മാത്രം. ഇന്ത്യയുടെ കേന്ദ്ര ഭരണ പ്രദേശങ്ങളിലൊന്നായ ലക്ഷദ്വീപ് ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം കൂടിയാണ്. കേരളത്തിനൊപ്പം 1956 നവംബർ 1 നാണ് ലക്ഷദ്വീപിന്റെയും പിറവി. 1973 ലാണ് ഈ ദ്വീപസമൂഹത്തെ ലക്ഷദ്വീപെന്ന് നാമകരണം ചെയ്തത്. കവരത്തിയാണ് തലസ്ഥാനം. 9 ഡിവിഷനുകളും, 10 പഞ്ചായത്തുകളുമുള്ള ഒരു ജില്ല എന്നതാണ് ഭരണ സംവിധാനം. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള അഡ്മിനിസ്‌ട്രേറ്ററാണ് ഭരണം നടത്തുക. നിയമ വ്യവസ്ഥകൾ കേരളാ ഹൈക്കോടതിയുടെ പരിധിയിലാണ്. 2011 ലെ സെൻസസ് പ്രകാരം 64,429 ആണ് ജനസംഖ്യ. മലയാളം ഔദ്യോഗിക ഭാഷയായ ലക്ഷദ്വീപിൽ സാക്ഷരത 91.85 % ആണ്. 93% നിവാസികളും തദ്ദേശീയരും ഇസ്ലാം മതത്തിൽ പെട്ട പട്ടിക വർഗ്ഗക്കാരുമാണ്. ബാക്കി 7% വിവിധ മതസ്ഥരും തൊഴിലുമായി ബന്ധപ്പെട്ട് ഇങ്ങോട്ടുവന്നവരുമാണ്.
തേങ്ങയാണ് പ്രധാന കാർഷികോൽപന്നം. കേരളത്തിലേതിനേക്കാൾ തേങ്ങയ്ക്ക് അല്പം വലിപ്പം കുറവാണ്. 2598 ഹെക്ടർ സ്ഥലത്ത് തെങ്ങ് കൃഷിയുണ്ട്. ഹെക്ടർ ഒന്നിന് 22,310 തേങ്ങകൾ ലഭിക്കുന്നു എന്നാണ് കണക്ക്. കാലാവസ്ഥ കേരളത്തിന്റേതിനു സമാനമാണ്. കടൽ തീരമായതിനാൽ കാറ്റും ഉപ്പുരസം നിറഞ്ഞ അന്തരീക്ഷവുമാണ് തീരപ്രദേശങ്ങളിൽ. 10 ജനവാസമുള്ള ദ്വീപുകളും, 17 ജനവാസമില്ലാത്ത ദ്വീപുകളും, 4 ചെറിയ ദ്വീപുകളും, 5 തുരുത്തുകളും ചേർന്നതാണ് ലക്ഷദ്വീപെന്ന ദ്വീപ സഞ്ചയം. ഇതിൽ തന്നെ 12 എണ്ണം ആഴം കുറഞ്ഞ കടലുള്ള പവിഴ ദ്വീപുകളാണ്. കവരത്തി, അഗത്തി, അമിനി, കട്‌മത്ത്, കിൽത്താൻ, ചെത്‌ലാത്ത്, ബിത്ര, ആന്ത്രോത്ത്, കൽപേനി, മിനിക്കോയ് ദ്വീപുകളാണ് ജനവാസമുള്ളവ. അതിൽ ബിത്രയാണ് ഏറ്റവും ചെറീയ ദ്വീപ്. ഇവിടുത്തെ ജനസംഖ്യ 2011 ലെ സെൻസസ് പ്രകാരം 271 മാത്രമാണ്. ബങ്കാരം എന്ന പവിഴ ദ്വീപ് വിനോദ സഞ്ചാരകേന്ദ്രമാണ്. ഇത് സ്ഥിരതാമസമുള്ള ദ്വീപല്ല.
എല്ലാ ജനവാസ ദ്വീപുകളിലും ബി.എസ്.എൻ.എൽ ടെലിഫോൺ സൗകര്യം നൽകുന്നു. ബി.എസ്.എൻ.എൽ കൂടാതെ കവരത്തി, അഗത്തി ദ്വീപുകളിൽ എയർ ടെല്ലും സേവനം നൽകുന്നു.