പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രം
25, May, 2021
Updated on 18, April, 2025 120
![]() |
കേരളത്തിൽ ഇടുക്കി ജില്ലയിൽ ഉൾപ്പെട്ട തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഭൂപ്രദേശമാണ് മൂന്നാർ. പശ്ചിമഘട്ട മലനിരകളിൽ പെടുന്ന ഈ ഭൂപ്രദേശം പ്രകൃതി രമണീയതയാൽ അനുഗ്രഹീതമാണ്. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള നദികളുടെ സംഗമ സ്ഥാനമാണ് മൂന്നാർ. തെക്കൻ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാർ വിനോദ സഞ്ചാരികളുടെ സ്വപ്ന സങ്കേതമാണ്. മഞ്ഞും, തണുപ്പും, നീലക്കുറിഞ്ഞിയും, വരയാടും, തെയിലത്തോട്ടവുമെല്ലാം മൂന്നാറിനെ പ്രശസ്തമാക്കുന്നു. ലോക വിനോദ സഞ്ചാര ഭൂപടത്തിൽ മൂന്നാർ സ്ഥാനം പിടിച്ചിരിക്കുന്നു. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി ധാരാളം വിനോദ സഞ്ചാരികൾ മൂന്നാറിലേയ്ക്ക് ഒഴുകിയെത്തുന്നു.
ചരിത്രം
ആദിവാസികളായ മലയരയ, മുതുവാൻ വിഭാഗത്തിൽപെട്ടവരായിരുന്നു മൂന്നാറിന്റെ നേരവകാശികൾ. വേട്ടയാടിയും, വന വിഭവങ്ങൾ കണ്ടെത്തിയും ജീവിച്ചുവന്ന ആദിമ വംശജർ. ടിപ്പുവിന്റെ പടയോട്ടകാലത്ത് ടിപ്പുവിനെ തുരത്തി ബ്രട്ടീഷുകാർ തിരുവിതാംകൂറിലെ പലസ്ഥലങ്ങളിലും ആധിപത്യം സ്ഥാപിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെയുള്ള ബ്രട്ടീഷ് അധിനിവേശ കാലത്തെ തുടർന്നാണ് മൂന്നാറിലും ബ്രട്ടീഷുകാർ വന്നെത്തിയത്. അക്കാലത്ത് ബ്രട്ടീഷ് പട്ടാള ഉദ്യോഗസ്ഥനായ കൊളോണൽ ആർതർ വെല്ലസ്ലിയാണ് ഇവിടം സന്ദർശിച്ച ആദ്യ ബ്രട്ടീഷുകാരൻ എന്ന് കരുതപ്പെടുന്നു. പിന്നീട് പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കം 1816, 1817 കാലഘട്ടത്തിൽ ബഞ്ചമിൻ സ്വയിൻ വാർഡ് എന്ന ബ്രട്ടീഷുകാരൻ പശ്ചിമ ഘട്ടത്തിലൂടെ പെരിയാർ നദീതീരം വഴി മൂന്നറെത്തുകയും നല്ലതണ്ണി, കുണ്ടള, മുതിരപ്പുഴ ആറുകളുടെ സംഗമ തീരത്ത് താവളമടിച്ചുവെന്നുമാണ് കണ്ടെത്തൽ. പിന്നെയും അഞ്ചു പതിറ്റാണ്ടുകൾക്കുശേഷം അന്നത്തെ മദ്രാസ് ഗവർണറായ സർ ചാൾസ് ട്രവെലിയൻ പട്ടാള ഉദ്യോഗസ്ഥനായ കൊളോണൽ ഡഗ്ലസ് ഹമിൽട്ടനോട് മദ്രാസ് പ്രൊവിൻസിന്റെ പടിഞ്ഞാറെ ഭാഗമായ മൂന്നാർ പ്രദേശത്ത് ബ്രട്ടീഷുകാർക്കായി ഹെൽത്ത് സെന്ററുകൾ സ്ഥാപിക്കുന്നതിനും പരിസ്ഥിതിയെ നശിപ്പിക്കാതെ ചെയ്യുവാൻ കഴിയുന്ന പദ്ധതികളേപറ്റിയും ഒരു സാധ്യതാ പഠനം നടത്തുവാൻ നിയോഗിച്ചു. പിന്നെയും 15 വർഷങ്ങൾക്കുശേഷം ജോൺ ഡാനിയേൽ മൺറോ എന്ന ബ്രട്ടീഷുകാരൻ ഇവിടം കാപ്പികൃഷിക്ക് പറ്റിയതാണെന്ന് തിരിച്ചറിഞ്ഞു. 1880 കളിൽ ബ്രട്ടീഷുകാരായ പല വ്യവസായികളും ഇവിടെ വന്ന് തിരുവിതാംകൂർ രാജാവിൽ നിന്നും ഭൂമി കരസ്ഥമാക്കുകയും കാടുതെളിച്ച് വലിയ തോതിൽ തെയില കൃഷി ആരംഭിക്കുകയും ചെയ്തു. തോട്ടം പണികൾക്ക് നേതൃത്വം നല്കുന്നവർക്ക് താമസിക്കുവാൻ ബംഗ്ലാവുകൾ പണിതു. തമിഴ് വംശജരായ തോട്ടം തൊഴിലാളികളെ താമസിപ്പിക്കുവാൻ ചെറിയ ഹട്ടുകളും നിർമ്മിക്കപ്പെട്ടു. ബോഡിനായ്ക്കന്നൂരിലേയ്ക്ക് ചരക്ക് ഗതാഗതത്തിനായി റോഡുകൾ നിർമ്മിച്ചു. കാള വണ്ടികളും, കുതിര വണ്ടികളുമൊക്കെ ഗതാഗതത്തിനായി ഉപയോഗിച്ചു. 26 ഓളം തെയില എസ്റ്റേറ്റുകൾ ഉണ്ടായി. തെയില വൻ വ്യവസായമായി പുരോഗമിച്ചു. 1890 കളുടെ അവസാനമായപ്പോഴേക്കും തെയില വ്യവസായത്തിന് മങ്ങലേറ്റു. ചെല എസ്റ്റേറ്റുകൾ നഷ്ടത്തിലായി. ആ അവസരത്തിലാണ് തോട്ടങ്ങളുടെ നടത്തിപ്പിനായി കണ്ണൻ ദേവൻ ഹിൽസ് കോർപ്പറേഷൻ രൂപീകരിക്കപ്പെടുന്നത്. ഒട്ടുമിക്ക തോട്ടങ്ങളും ഈ കമ്പനി ഏറ്റെടുത്തു. കൂടുതൽ വ്യാപകമായി തെയില കൃഷി ചെയ്തു. 1900 ൽ ചരക്കു ഗതാഗതം സുഗമമാക്കാൻ റോപ് വേയും 1902 ൽ കുണ്ടള വാലി മോണോ റെയിൽ വേയും നിർമ്മിച്ചു. ഒരു പാളം മാത്രമുള്ള റയിൽ വേയിൽ ചരക്ക് കയറ്റിയ ക്യാബിൻ കാളകൾ വലിക്കുന്ന ഒരു സംവിധാനമായിരുന്നു അത്. ഒരു ചക്രം പാളത്തിലൂടെ ഉരുളും. ക്യാബിന്റെ ബാലൻസിങ്ങിനായി മറ്റൊരു ചക്രവും ഉണ്ടാവും. മൂന്നാറിനെയും ടോപ് സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന റയിൽവേ ആയിരുന്നു ഇത്. ടോപ് സ്റ്റേഷനിൽ എത്തുന്ന ചരക്കുകൾ അവിടെ നിന്നും റോപ് വേ വഴി 5 കി.മി അകലെയുള്ള 'ബോട്ടം സ്റ്റേഷൻ' എന്ന് വിളിച്ചിരുന്ന കോട്ടഗുഡിയിൽ എത്തിക്കും. അവിടെ നിന്നും 15 കി.മി അകലെയുള്ള ബോഡിനായ്ക്കന്നൂർ എന്ന സ്ഥലത്തേയ്ക്ക് കാളവണ്ടി വഴി എത്തിക്കും. അവിടെ നിന്നും തൂത്തുകുടി തുറമുഖത്തേയ്ക്ക് എത്തിക്കുകയും കപ്പൽ മാർഗ്ഗം ബ്രിട്ടനിലേയ്ക്ക് അയക്കുകയും ചെയ്യും. ചരക്കു വണ്ടികൾ വലിക്കുന്നതിന് കാളകളെ ഇറക്കുമതി ചെയ്തിരുന്നു. അവയുടെ സംരക്ഷണത്തിനായി ഡോക്ടർമാരെയും കൊണ്ടൂവന്നു. കുണ്ടളയിലായിരുന്നു കാലികൾക്കുവേണ്ടിയുള്ള ഷെഡുകൾ. മാടുകളുടെ ഗ്രാമം എന്നർത്ഥമുള്ള മാട്ടുപ്പെട്ടി കാലി സംരക്ഷണ കേന്ദ്രമായി മാറുകയും പിന്നീട് ഇൻഡോ - സ്വിസ് പ്രോജക്ടിന് തുടക്കമിടാനുമൊക്കെ ഇത് കാരണമായി. കേരളത്തിലെ ധവള വിപ്ലവത്തിന് തിരി തെളിച്ച സുനന്ദിനി എന്ന സങ്കരയിനം പശു മാട്ടുപ്പെട്ടി ഇൻഡോ - സ്വിസ് പ്രോജക്ടിന്റെ സംഭാവനയാണ്. 1908 ൽ മോണോ റെയിലുകൾമാറി നാരോ ഗേജ് പാളങ്ങളും ട്രയിനും വന്നു. 1909 ൽ റെയിൽ വേ സ്റ്റേഷനുകൾ തുറന്നു. ഏഷ്യയിലെ സ്വിറ്റ്സർലന്റ് എന്നാണ് മൂന്നാർ അറിയപ്പെട്ടിരുന്നത്. ബ്രട്ടീഷുകാർക്ക് ഏറെ പ്രിയപ്പെട്ട സ്ഥലം. അനേകം വിനോദ സഞ്ചാരികൾ ഇവിടം സന്ദർശിച്ച് പോയി. അതിനാൽ ഒരു പരിഷ്കൃത പട്ടണമായി മൂന്നാർ വളരുകയായിരുന്നു. 1906 ൽ ആദ്യ ജല വൈദ്യുത പദ്ധതി പെരിയകനാലിൽ പ്രവർത്തനമാരംഭിച്ചു. പിന്നീട് പള്ളിവാസലിലും പവർ ഹൗസ് തുടങ്ങി. ദേവികുളം തടാകത്തിലെ വെള്ളമുപയോഗിച്ചാണ് പവർ ഹൗസുകൾ പ്രവർത്തിച്ചത്. 200 കിലോവാട്ട് ആയിരുന്നു ഉൽപാദന ശേഷി. ഇതാണ് പിന്നീട് സർ സി.പി. രാമസ്വാമി അയ്യർ ദിവാനായിരിക്കെ (1936 - 1947) തിരുവിതാംകൂർ സർക്കാരിന്റെ കീഴിലുള്ള പള്ളിവാസൽ ജലവൈദ്യൂതി പദ്ധതിയായി മാറിയത്. ഈ സമയത്ത് ബ്രട്ടീഷ് കമ്പനിയുടെ ആവശ്യത്തിനായി ടെലഫോൺ, തപാൽ സംവിധാനങ്ങളും ആരംഭിച്ചിരുന്നു. വാർത്താവിനിമയ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ഘടകങ്ങളാണവ.
1911 ആയപ്പോൾ ഏകദേശം 16000 ഹെക്ടർ സ്ഥലത്ത് തെയില കൃഷി ഉണ്ടായിരുന്നു എന്നാണ് കണക്ക്. 1924 ജൂലൈയിൽ നൂറ്റാണ്ടൂ കണ്ട എറ്റവും വലിയ വെള്ളപ്പൊക്കം ഉണ്ടായി. മലയാള മാസം 1099 ൽ നടന്നതിനാൽ 99 ലെ വെള്ളപ്പൊക്കമെന്നും അറിയപ്പെടുന്നു. മൂന്നാഴ്ചയോളം നീണ്ടുനിന്ന കനത്ത പേമാരിയിൽ തിരുവിതാംകൂറിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മൂന്നാറിനെയും അതി ഭയങ്കരമായി ഈ പ്രളയം ബാധിച്ചു. കനത്ത മഴയെ തുടർന്ന് മാട്ടുപ്പെട്ടിയിൽ മലകൾ ചേരുന്നിടത്ത് മണ്ണിടിഞ്ഞ് വീണ് തനിയെ ഒരു ബണ്ട് ഉണ്ടായി. ഇന്ന് മാട്ടുപ്പെട്ടി ഡാം സ്ഥിതി ചെയ്യുന്ന സ്ഥലം. പെയ്യുന്ന വെള്ളം കെട്ടിനിന്ന് അവിടം ഒരു തടാകം പോലെയായി. പിന്നെയുണ്ടായ ഉരുൾ പൊട്ടലിൽ ശക്തമായി വെള്ളം ഒഴുകിയെത്തുകയും ബണ്ട് പൊട്ടുകയും മൂന്നാർ പട്ടണം ആ കുത്തൊഴുക്കിൽ നശിക്കുകയും ചെയ്തു. ഒപ്പം റോഡുകളും, റെയിൽവെ ട്രാക്കുകളും തോട്ടങ്ങളും തകർന്നു. നശിപ്പിക്കപ്പെട്ടതൊക്കെ വീണ്ടും പടിപടിയായി പുനഃനിർമ്മിച്ചുതുടങ്ങി. 1930 ആയപ്പോഴേക്കും പുതിയ പദ്ധതിയിൽ നിർമ്മിക്കപ്പെട്ട റോഡുകൾ യാത്രയെ കൂടുതൽ സുഗമമാക്കി. അതുകൊണ്ടാവണം പിന്നീട് റയിൽ വേ നിർമ്മിക്കുന്നതിന് ബ്രട്ടീഷുകാർ മെനക്കെടാതിരുന്നത്. 1952 ആയപ്പോഴേക്കും മൂന്നാർ മലനിരകളിൽ 28000 ഏക്കർ സ്ഥലത്ത് തെയിലകൃഷി വ്യാപിച്ചു. സ്വാതന്ത്ര്യത്തിനുശേഷം ഇവിടം കേരളത്തിന്റെ ഭാഗമായി. ഇന്ത്യൻ വ്യവസായികൾ ബ്രട്ടീഷ് ആധിപത്യത്തിൽ നിന്നും തോട്ടങ്ങൾ ഏറ്റെടുത്തു. 1964 ൽ അങ്ങിനെ മൂന്നാർ മലനിരകളുടെ സിംഹഭാഗം കൈവശമുണ്ടായിരുന്ന കണ്ണൻ ദേവൻ ഹിൽസ് കോർപ്പറേഷൻ ടറ്റായുടെ ഭാഗമായി. രാജ്യത്തെ ആദ്യ ഇൻസ്റ്റന്റ് ടീ ഫാക്ടറിക്ക് ടാറ്റ തുടക്കമിട്ടു. തോട്ടം ഉടമകളുടെ കൈവശമുള്ള കൃഷിഭൂമിയല്ലാത്ത സ്ഥലങ്ങൾ 1971 ൽ കേരള സർക്കാർ, വനഭൂമിയായി വീണ്ടെടുക്കുവാൻ തീരുമാനിച്ചൂ. 1962 ലാണ് ഇന്നത്തെ രീതിയിൽ മൂന്നാർ ഗ്രാമ പഞ്ചായത്ത് 21 വാർഡുകളോടെ രൂപം കൊണ്ടത്.
മൂന്നാറിലെ തോട്ടംപണിക്കാർ തമിഴ്‌നാട്ടിൽ നിന്നും തൊഴിലിനായി ഇങ്ങോട്ടു വന്നവരാണ്. ബ്രട്ടീഷുകാർ കൊണ്ടുവന്ന തമിഴരും ഉൾപ്പെടും. ആദ്യകാലം മുതൽ തന്നെ അവഗണനകളും അടിസ്ഥാന സൗകര്യങ്ങൾ പോലും പലപ്പോഴും നിഷേധിക്കപ്പെട്ടവരുമായിരുന്നു ഇവർ. ചാക്കുകൊണ്ട് മറച്ച വീടുകൾ, 12 മണിക്കൂർ വരെയൊക്കെ ജോലി സമയം, ആറുമാസത്തിലൊരിക്കൽ കണക്കു നോക്കി ശമ്പളം ഇതൊക്കെയായിരുന്നു അവസ്ഥ. കങ്കാണി പറയുന്നതായിരുന്നു കൂലിയുടെ കണക്ക്. ആവശ്യങ്ങൾക്ക് മുൻകൂറായി പണം കൈപറ്റിയവർക്ക് കറുത്ത സാലറി സ്ലിപ്. അല്ലാത്തവർക്ക് വെളുത്ത സ്ലിപ്. പലപ്പോഴും തൊഴിലാളി സമരങ്ങൾ നടന്നിട്ടുണ്ട്. ഒട്ടൊക്കെ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴും സംതൃപ്തമായ ജീവിത ചുറ്റുപാടുകൾ ഇവർക്ക് കൈവന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. സമീപകാലത്തും അവകാശ സമരങ്ങൾ മൂന്നാറിൽ നടക്കുകയുണ്ടായി.
കാലാവസ്ഥ
മൂന്നാർ പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമാണ്. സമുദ്ര നിരപ്പിൽ നിന്നും 5200 അടി ഉയരത്തിലാണ് മൂന്നാറിന്റെ ഭൂപ്രദേശം. സാധാരണ നിലയിൽ 9 ഡിഗ്രി മുതൽ 27 ഡിഗ്രിവരെയുള്ള പൊതുവെ തണുപ്പുള്ള കാലാവസ്ഥ. ഡിസംബർ ജനുവരി മാസങ്ങളിൽ -4 ഡിഗ്രി വരെ തണുപ്പുവരാറുണ്ട്. മഴയും, മഞ്ഞും, തണുപ്പുമാസ്വദിക്കാൻ സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. തെയിലത്തോട്ടങ്ങളും, തടാകങ്ങളും, പ്ലാന്റേഷനുകളും, നീലക്കുറിഞ്ഞി മലകളും, വരയാടുമൊക്കെയായി വന്നെത്തുന്ന സഞ്ചാരികൾക്ക് സുഖാനുഭവങ്ങളുടെ ഒരു കലവറ തന്നെ സമ്മാനിക്കും മൂന്നാർ. സീസൺ സമയങ്ങളിൽ പലപ്പോഴും എത്തിച്ചേരുന്ന സഞ്ചാരികളെ ഉൾക്കൊള്ളാനുള്ള സൗകര്യം മൂന്നാറിനില്ല. അത്രമേൽ ടൂറിസ്റ്റുകൾ ഇവിടെ വന്നു പോകുന്നു.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ
മൂന്നാർ ലോക ഭൂപടത്തിൽ സ്ഥാനം നേടിയിട്ടുള്ള വിനോദ സഞ്ചാര കേന്ദ്രമാണ്. മൂന്നാറിൽ നിന്നും പുറത്തേയ്ക്ക് പോകുന്ന നാലു വഴികളിലും വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളും, വ്യൂ പോയിന്റുകളും ചേർന്ന് ചേർന്ന് കിടക്കുന്നു. അതിൽ ഡാമുകളും, തടാകങ്ങളും, പാർക്കുകളും, തോട്ടങ്ങളും, മലനിരകളും, വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളും, ആരാധനാലയങ്ങളുംമൊക്കെ ഉൾപ്പെടുന്നു.
1. തേക്കടി ഭാഗത്തേയ്ക്ക്
ലാക്കാട് ടീ ഫാക്ടറി, ലാക്കാട് ടീ ഫാക്ടറി മ്യൂസിയം, ലാക്കാട് ഗ്യാപ് വ്യൂ പോയിന്റ്, ദേവികുളം, ചിന്നക്കനാൽ വെള്ളച്ചാട്ടം, അനയിറങ്ങൽ ഡാം.
2. അടിമാലി ഭാഗത്തേയ്ക്ക്
ഹൈഡൽ ടൂറിസം പാർക്, പോതമേട് വ്യൂ പോയിന്റ് (സൂര്യാസ്തമയം), ആറ്റുകാട് വെള്ളച്ചാട്ടം, ചെങ്കുളം ഡാം.
3. മാങ്കുളം ഭാഗത്തേയ്ക്ക്
വിരിപാറ വെള്ളച്ചാട്ടം, മാങ്കുളം, ആനക്കുളം.
4. ടോപ് സ്റ്റേഷൻ ഭാഗത്തേയ്ക്ക്
ഫ്ലവർ ഗാർഡൻ, ഫോട്ടോ പോയിന്റ്, മാട്ടുപട്ടി ഡാം, ഇൻഡോ - സ്വിസ് പ്രോജക്ട്, കൊരണ്ടിക്കാട് ആന സവാരി, ബോട്ടാണിക്കൽ ഗാർഡൻ, എക്കോ പോയിന്റ്, കുണ്ടള ട്രൈബൽ വില്ലേജ് വ്യൂ, കുണ്ടള ഡാം, ടോപ് സ്റ്റേഷൻ.
5. കോയമ്പത്തൂർ ഭാഗത്തേയ്ക്ക്
നൈമക്കാട് വെള്ളച്ചാട്ടം, ടീ മ്യൂസിയം, ലക്കൻ വെള്ളച്ചാട്ടം, ഇരവികുളം നാഷണൽ പാർക് (നീലക്കുറിഞ്ഞി പൂക്കുന്ന രാജമല), ആനമുടി, മുനിയറ, മറയൂർ ചന്ദന മരങ്ങൾ.