അകത്തി അഥവാ അഗസ്തി ചീര
7, May, 2021
Updated on 29, May, 2021 297
![]() |
Kingdom | Plantae |
Family | Fabaceae |
Genus | Sesbania |
Scientific name | Sesbanis Grandiflora |
Common name | Vegetable Humming Bird |
ആറുമുതൽ എട്ട് മീറ്റർ വരെ ഉയരത്തിൽ ചെറു മരമായോ കുറ്റിചെടിയായോ വളരുന്ന അകത്തി ഏറെ ഔഷധ ഗുണമുള്ള സസ്യമാണ്. അകത്തി, അഗസ്തി, അഗസ്തി ചീര, മുനിദ്രുമം, രുദ്രമന്ദാരം, വംഗസേന എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. ചീര എന്ന് വിളിപ്പേരുണ്ടെങ്കിലും പയറു വർഗത്തിൽപെട്ട സസ്യമാണ് അകത്തി. ഇതിന്റെ പൂവും ഇലയും, വിത്തുമെല്ലാം കറി വെക്കുവാൻ ഉപയോഗിക്കുന്നുണ്ട്. ആയുർ വേദത്തിൽ ഇതിന്റെ തൊലി, ഇല, പൂവ്, കായ എന്നിവ ഔഷധമായി ഉപയോഗിക്കുന്നു. ആയുർ വേദ വിധി പ്രകാരം കൈയ്പ് രസവും, ശീത വീര്യവുമാണ് അകത്തിക്കുള്ളത്. പൂവിന്റെ നിറമനുസരിച്ച് വെള്ള, ചുവപ്പ്, മഞ്ഞ, പിങ്ക് എന്നിങ്ങനെ നാലിനം അകത്തികളുണ്ട്. പയർ പോലെയുള്ള കായയുടെ ഉള്ളിലാണ് വിത്തുകൾ. അടുക്കളതോട്ടത്തിൽ ഇടം നല്കാവുന്ന സസ്യമാണ് അകത്തി.
ഇലയിൽ മാംസ്യം, കാൽസ്യം, ഫോസ്ഫറസ്, ലോഹാംശം, എ, ബി, സി, ജീവകങ്ങൾ എന്നിവയും പുഷ്പങ്ങളിൽ ബി, സി, ജീവകങ്ങൾ എന്നിവയും വിത്തിൽ മാംസ്യം കൊഴുപ്പ്, അന്നജം എന്നിവയും അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, ധാരാളമടങ്ങിയിരിക്കുന്നതിനാൽ ആഹാരത്തിന്റെ ഭാഗമാക്കുന്നത് നേത്ര രോഗങ്ങളെ തടയുന്നു. വിറ്റാമിൻ സി നല്ലയൊരു ആന്റി ഓക്സിഡന്റായതിനാൽ അകത്തിയില കഴിക്കുന്നത് രക്ത ധമനികളിൽ കൊഴുപ്പടിയുന്നത് ഇല്ലാതാക്കുവാൻ സഹായിക്കും. ഇതിന്റെ തൊലിയിൽ ധാരാളം ടാനിനും വിത്തിൽ ഒലിയാനോലിക് അമ്‌ളവും അടങ്ങിയിരിക്കുന്നു.
ഉഷ്ണമേഖല പ്രദേശങ്ങളിൽ അകത്തി നന്നായി വളരുന്നു. ഇന്ത്യ, ഇൻഡോനേഷ്യ, ഫിലിപ്പീൻസ്, ശ്രീലങ്ക മലേഷ്യ എന്നിവിടങ്ങളിൽ അകത്തി കൃഷി ചെയ്യുന്നു. ഇന്ത്യയിൽ ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്‌നാട്, എന്നിവിടങ്ങളില്‍ അകത്തി വ്യാപകമായി കൃഷിചെയ്തുവരുന്നു. പറമ്പിന്റെ അതിരിൽ ജൈവ വേലിയായി ഈ ചെടി നട്ടുപിടിപ്പിക്കാം.
പ്രോട്ടീൻ | കൊഴുപ്പ് | ധാതുക്കൾ | നാര് | കാൽസ്യം | ഇരുമ്പ് | ഫോസ്ഫറസ് | അന്നജം | വിറ്റാമിൻ | കരോട്ടിൻ |
8.4 ഗ്രാം | 1.4 ഗ്രാം | 3.1 ഗ്രാം | 2.2 ഗ്രാം | 1.13 ഗ്രാം | 0.003 ഗ്രാം | 0.08 ഗ്രാം | 11.8 ഗ്രാം | 0.17 ഗ്രാം | 5.4 ഗ്രാം |
തൈ മുളപ്പിക്കൽ
ജൂൺ ജൂലായ് മാസങ്ങളിൽ വിത്തുപാകി മുളപ്പിച്ചും, കമ്പുകൾ മുറിച്ച് നട്ടും അകത്തി പിടിപ്പിക്കാം. ഇളക്കിയ മണ്ണിൽ മണലും, ചാണകപ്പൊടിയും, വേപ്പിൻ പിണ്ണാക്കും സമം ചേർത്ത് യോജിപ്പിച്ച് തവാരണയാക്കി അതിൽ തൈകൾ മുളപ്പിക്കാം. നന്നായി നനച്ചുകൊടുക്കണം. അഞ്ചു ദിവസം കൊണ്ട് മുളയ്ക്കും.
നടീൽ
ഒന്നരമാസം പ്രായമായ തൈകൾ പറിച്ചു നടാം. നല്ല വെയിൽ കിട്ടുന്ന പ്രദേശത്ത് നന്നായി മണ്ണിളക്കി ചാണകപ്പൊടി ചേർത്ത് 4 മീറ്റർ അകലത്തിൽ കുഴികൾ എടുത്ത് അതിൽ നടാം. ചുവട്ടിൽ വെള്ളം കെട്ടി നിക്കരുത്. കീടങ്ങളെ പ്രതിരോധിക്കുവാനുള്ള ശേഷി പൊതുവെ അകത്തിക്കുണ്ട്. അധികം ഉയരത്തിൽ വളരാതെ ഇടയ്ക്കിടെ തല നാമ്പ് നുള്ളി വിടാം.
(അമിതമായി അകത്തി ഉപയോഗിക്കുന്നതും നന്നല്ല. സ്ഥിരമായി കഴിക്കുന്നത് രക്ത ദൂഷ്യത്തിനും, വയർ കേടാവുന്നതിനും ഇടയാക്കും)