Harbour Ward 63

വിനോദസഞ്ചാര കേന്ദ്രമായ കോവളം ബീച്ചും വിഴിഞ്ഞം മത്സ്യബന്ധന തുറമുഖവും തിരുവനന്തപുരം കോർപ്പറേഷന്റെ ഹാർബർ വാർഡിലാണ് സ്ഥിതി ചെയ്യുന്നത്.
കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരം കോർപറേഷനിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് വിഴിഞ്ഞം. നഗരമധ്യത്തിൽ നിന്ന് 16 കിലോമീറ്റർ തെക്ക് പടിഞ്ഞാറും എൻ . എച്ച് . 66 - ലൂടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 17 കിലോമീറ്റർ തെക്കും മാറിയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനലായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തിരുവനന്തപുരം വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന് സമീപമാണ്.
വിഴിഞ്ഞത്തിന് ചുറ്റുമുള്ള പ്രദേശം പുരാതന കാലം മുതൽ സമുദ്ര വ്യാപാരത്തിന് പേരുകേട്ടതാണ്. ഈ പ്രദേശത്തു നിന്നു കണ്ടെടുത്ത പുരാതന മൺപാത്രങ്ങൾ സൂചിപ്പിക്കുന്നത് ബിസി രണ്ടാം നൂറ്റാണ്ട് മുതൽ വിഴിഞ്ഞം ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള വ്യാപാരത്തിന്റെ ഭാഗമായിരുന്നു എന്നാണ്.
" പെരിപ്ലസ് ഓഫ് എറിത്രിയൻ സീ" എന്ന ഗ്രീക്ക് യാത്രാവിവരണ ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്ന ബലിറ്റ എന്ന തീരദേശ പട്ടണം വിഴിഞ്ഞം ആണെന്നാണ് ചരിത്രകാരന്മാർ സ്ഥാപിക്കുന്നത് . പുരാതന രേഖകളിൽ വിളിനം, വിലിന്ദ, ബലിന്ദ എന്നീ പേരുകളിൽ അറിയപ്പെടുന്നു .
ചരിത്രാതീതകാലത്ത് കടലിനടിയിൽ നിന്ന് ഉയർന്നുവന്ന പാലിയോ റോക്കുകൾ തിരകളെ ചെറുത്ത് തീരത്തിന് സംരക്ഷണമൊരുക്കുകയും നാവികർക്ക് സുരക്ഷിതമായി നങ്കൂരമിടാൻ കഴിയുന്ന ഇടമായി മാറുകയും ചെയ്തുവെന്ന് ഭൂഗർഭ ശാസ്ത്രജ്ഞർ അനുമാനിക്കുന്നു . ഇന്നത്തെ സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടായിരം വര്ഷം മുൻപ് സമുദ്രനിരപ്പ് കുറവുമായിരുന്നു. അങ്ങനെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാൽ വിഴിഞ്ഞം ഒരു വാണിജ്യ തുറമുഖവും മൽസ്യബന്ധന തുറമുഖവുമായി മാറി .
പുരാതന കാലം മുതൽ മധ്യകാലഘട്ടം വരെയുള്ള വിവിധതരം പുരാവസ്തുക്കൾ വിഴിഞ്ഞത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട് . വിഴിഞ്ഞത്തെ പുരാവസ്തു ഗവേഷണങ്ങളിൽ നിന്ന് ലഭിച്ച പുരാവസ്തുക്കൾ അറേബ്യ, റോം, ചൈന ദേശങ്ങളുമായുള്ള പ്രാചീന വ്യാപാര ബന്ധത്തിന്റെ തെളിവുകളാണ്.
എ . ഡി 7 മുതൽ 11 വരെ നിലനിന്ന ആയ് രാജവംശത്തിന്റെ കോട്ടകെട്ടിയ തലസ്ഥാനമായിരുന്നു വിഴിഞ്ഞം . എ . ഡി 850 -1400 കാലത്തു ചേര - ചോള - പാണ്ഡ്യ യുദ്ധങ്ങളെ കുറിച്ച് രണ്ടാം സംഘകാല കൃതികളിൽ സൂചിപ്പിക്കുന്നുണ്ട് . ചോള, പാണ്ഡ്യ രാജ്യങ്ങളിലെ ശക്തരായ ഭരണാധികാരികളുടെ കീഴിലായി . എട്ടാം ശതകത്തിലെ ശിവരാജമംഗലം ചെപ്പേട് പ്രകാരം പാണ്ഡ്യ രാജാവ് നെടും ചടയൻ വിഴിഞ്ഞത്ത് കോട്ടകെട്ടി ആസ്ഥാനമാക്കിയിരുന്നു . ചോള രാജാവ് ഗംഗൈ കൊണ്ട ചോളൻ എന്ന രാജേന്ദ്ര ചോഴനും വിഴിഞ്ഞം വാണിരുന്നു . മൽസ്യബന്ധന തുറമുഖത്തേക്കുള്ള വഴിയിൽ കാണുന്ന പാറയിൽ കൊത്തിയ ഗുഹാക്ഷേത്രവും പുരാവസ്തു വകുപ്പിന് കീഴിലുള്ളതും കാടുപിടിച്ചു കിടക്കുന്നതുമായ കരിങ്കൽ ക്ഷേത്രാവശിഷ്ടങ്ങളും കാന്തല്ലൂർ ശാലയും ഒക്കെ ഈ പുരാതന തുറമുഖ പട്ടണത്തിന്റെ ചരിത്ര സ്മൃതികളാണ് .
പോർച്ചുഗീസുകാർക്കും ഡച്ചുകാർക്കും ഇവിടെ വാണിജ്യ സ്ഥാപനങ്ങളുണ്ടായിരുന്നു. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിനടുത്തായി പോർച്ചുഗീസുകാർ ഒരു പള്ളി നിർമ്മിച്ചിട്ടുണ്ട്. അത് പഴയ വിഴിഞ്ഞം പള്ളി (പഴയ സെന്റ് മേരീസ് പള്ളി അഥവാ സിന്ധുമാതാ പള്ളി ) എന്നറിയപ്പെടുന്നു.
ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, ദക്ഷിണേഷ്യയുടെ അങ്ങേയറ്റത്തെ തെക്ക് - പടിഞ്ഞാറൻ അറ്റത്ത് സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം, ഈ പ്രദേശത്തിന്റെ ചരിത്രത്തിലുടനീളം ഒരു പ്രധാന തുറമുഖമായി പ്രവർത്തിച്ചു. തെക്കുകിഴക്കൻ ഏഷ്യയ്ക്കും മിഡിൽ ഈസ്റ്റിനും ഇടയിലുള്ള കപ്പൽ ഗതാഗതത്തെ ബന്ധിപ്പിക്കുന്ന ഒരു പ്രധാന പോയിന്റ് എന്ന നിലയിൽ ഈ സ്ഥലം സാമ്പത്തികമായും രാഷ്ട്രീയമായും പ്രാധാന്യമർഹിക്കുന്നു.
വടക്ക് സമുദ്ര ബീച്ചും തെക്ക് മത്സ്യബന്ധന തുറമുഖവും ഉൾപ്പെടുന്ന ഹാർബർ വാർഡിലാണ് കോവളം ബീച്ച് . റോക്ക്ഹോമുകൾക്കിടയിലുള്ള കടലിലെ മണൽത്തിട്ട രൂപീകരണം നീന്തൽകാർക്ക് സുരക്ഷിതമായ ഒരു സ്ഥലമാക്കി മാറ്റി. ടൂറിസം ഈ തീരമേഖലയെ കേരളത്തിലെ ഏറ്റവും ഉയർന്ന വാണിജ്യ കേന്ദ്രങ്ങളിലൊന്നാക്കി മാറ്റി . മലയാള സാഹിത്യ രംഗത്ത് ഭാരതം പാട്ടും രാമപാട്ടും രചിച്ച കോവളം കവികൾ ഈ തീരത്താണ് ജീവിച്ചിരുന്നത് . തൊട്ടടുത്ത് മത്സ്യബന്ധന തുറമുഖമാകട്ടെ തെക്കൻ കേരളത്തിലെ പ്രധാന മത്സ്യബന്ധന കേന്ദ്രവുമാണ്.
തിരുവനന്തപുരം കോർപറേഷനിലെ 63 - )0 നമ്പർ ഹാർബർ വാർഡ് , കേരള ദൃശ്യ വിജ്ഞാനകോശത്തിലെ ഒന്നാമത്തേതും ഡോക്യുമെന്ററി ഫിലിം പരമ്പരയിലെ ഒന്നാമത്തെ എപ്പിസോഡും ആണ് . നാൽപ്പതോളം വിഷയങ്ങൾ ഇവിടെ അന്വേഷിക്കുന്നു . തൊഴിലവസരങ്ങൾക്കായി സംരംഭങ്ങളെയും സംരംഭകരേയും പ്രോത്സാഹിപ്പിക്കുന്നു. ചരിത്രരേഖകളും ചിത്രങ്ങളും ഉൾപ്പെടുത്തി സമൂഹത്തിനും വരും തലമുറകൾക്കുമായി ഒരു ഡോക്യൂമെന്റേഷൻ നടത്തുന്നു . കേരള പീഡിയ യൂട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്യുന്നു. ലോകമലയാളികൾക്ക് എപ്പോഴും ഉപയോഗിക്കാവുന്ന തരത്തിൽ ഇതൊരു സൗജന്യ റഫറൻസ് ഓൺലൈൻ മാധ്യമ പ്രവർത്തനമാണ് .
