Chinese woman suffers severe skin damage after wearing make-up for 22 years without removal
4, July, 2025
Updated on 4, July, 2025 5
![]() |
മേക്കപ്പ് ധരിക്കുന്നത് പോലെ പ്രധാനമാണ് നീക്കം ചെയ്യുന്നതും. സൗന്ദര്യ വസ്തുക്കളുടെ ഉപയോഗം ചര്‍മ്മത്തിന് ദോഷമായി മാറുന്ന വാര്‍ത്തകള്‍ ധാരാളം നമ്മള്‍ കേള്‍ക്കാറുണ്ട്. അത്തരത്തില്‍ ചൈനീസ് യുവതിക്കുണ്ടായ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. വര്‍ഷങ്ങളോളം മേക്കപ്പ് ഉപയോഗിക്കുകയും അത് ശരിയായ രീതിയില്‍ നീക്കം ചെയ്യാതിരിക്കുകയും ചെയ്തതോടെയാണ് യുവതിക്ക് പണി കിട്ടിയത്. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ചൈനയിലെ ജിലിന്‍ പ്രവിശ്യയില്‍ നിന്നുള്ള 37കാരിയായ യുവതി തന്റെ ന്യൂയോമിയന്‍ എന്ന സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അനുഭവം പങ്കുവെച്ചത്. സമൂഹമാധ്യമത്തില്‍ നിരവധി ഫോളോവേഴ്സാണ് ഇവര്‍ക്കുള്ളത്. തനിക്ക് 15 വയസുള്ളപ്പോള്‍ മുതല്‍ മേക്കപ്പ് ഉപയോഗിക്കാറുണ്ടായിരുനെന്നും, മുഖത്തു ഉണ്ടായ മുഖക്കുരു മറയ്ക്കാന്‍ വിലകുറഞ്ഞ ഫൗണ്ടേഷനുകള്‍ ഉപയോഗിച്ചെന്നും അവര്‍ വീഡിയോയില്‍ പറയുന്നു. ഇതിന് ശേഷം മുഖത്തിന്റെ അവസ്ഥ കൂടുതല്‍ വഷളായി. അപ്പോഴും പല ഉല്‍പ്പന്നങ്ങള്‍ മാറി മാറി ഉപയോഗിച്ചു. മേക്കപ്പ് ഇടാന്‍ ഇഷ്ടപ്പെട്ടിരുന്ന താന്‍ അത് തുടച്ചു നീക്കാനായി വെറും പച്ച വെള്ളം മാത്രമാണ് ഉപയോഗിച്ചിരുന്നത്. വര്‍ഷങ്ങളോളം ഇതേ രീതിയാണ് പിന്തുടര്‍ന്നുകൊണ്ടിരുന്നത്. പതിയെ മുഖത്ത് കൂടുതല്‍ കുരുക്കള്‍ രൂപപ്പെടുകയും മുഖം കട്ടിയുള്ളതാവാനും തുടങ്ങി.
ശരിയായ രീതിയില്‍ മേക്കപ്പ് മാറ്റാത്തതിനാല്‍ മുഖത്ത് പാരസൈറ്റുകള്‍ വളരുകയും റോസേഷ്യ, ഡെമോഡെക്സ് മൈറ്റുകള്‍ പോലുള്ള നിരവധി ചര്‍മ്മ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാന്‍ കാരണമായെന്നും അവര്‍ പറയുന്നു. 25 വയസ് വരെ ഹോര്‍മോണ്‍ സ്‌കിന്‍ ഇത്ര വലിയ പ്രശ്‌നമാണെന്ന് കരുതിയിരുന്നില്ല. ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കുന്നതിന് പകരം കോസ്മെറ്റിക് ക്ലിനിക്കുകളില്‍ നിന്ന് സ്‌കിന്‍ ബൂസ്റ്റ് ഫേഷ്യല്‍ ഇഞ്ചക്ഷനുകള്‍ എടുത്തു. ഇത് സ്ഥിതി കൂടുതല്‍ വഷളാകുന്നതിനും, കടുത്ത വേദന അനുഭവപ്പെടുന്നതിനും കാരണമായി. അതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറിനെ കാണണമെന്ന് അവര്‍ പറയുന്നു.