‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമര്‍’: വിവരങ്ങല്‍ പുറത്തുവിട്ട് പെന്‍റഗണ്‍, 25 മിനിറ്റ് കൊണ്ട് ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി

'Operation Midnight Hammer': Pentagon releases details, operation completed in 25 minutes
23, June, 2025
Updated on 23, June, 2025 7

'Operation Midnight Hammer': Pentagon releases details, operation completed in 25 minutes

ന്യൂയോര്‍ക്ക്: ഇസ്രയേലിനൊപ്പം ചേർന്ന് പുലർച്ചെ അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണത്തിന്‍റെ പേരടക്കമുള്ള കൂടുതൽ വിവരങ്ങല്‍ പുറത്തുവിട്ട് പെന്‍റഗണ്‍. ‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമര്‍’ എന്നാണ് ഇറാൻ ആക്രമണത്തിന് അമേരിക്ക പേരിട്ടത്. അതീവരഹസ്യമായിട്ടാണ് ഇറാനിലെ ആക്രമണം നടപ്പാക്കിയതെന്നും പെന്‍റഗണ്‍ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അമേരിക്കയുടെ വ്യോമസേന ജനറൽ ഡാൻ കെയ്ൻ വിവരിച്ചു.

ഇറാനിൽ വൻ നാശനഷ്ടങ്ങളുണ്ടായെന്ന് ഡാൻ കെയ്ൻ പറഞ്ഞു. എന്നാൽ ഫോർദോ അടക്കം ഇറാന്‍റെ ആണവകേന്ദ്രങ്ങൾ പൂർണമായും തകർന്നെന്ന് പറഞ്ഞില്ലെന്നത് ശ്രദ്ധേയമായി. ഇറാന്‍റെ ആണവശേഷി പൂർണമായും നിർവീര്യമായോ എന്ന് പറയാറായിട്ടില്ല. അത് പഠിക്കാൻ സമയമെടുക്കുമെന്നും ഡാൻ കെയ്ൻ പറഞ്ഞു. അമേരിക്കയുടെ ആക്രമണം ആണവശേഷിക്കെതിരെയാണെന്നും അധികാര മാറ്റത്തിനുള്ള സൈനിക നീക്കമായിരുന്നില്ലെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

ഇറാന്റെ ആണവ നിലയങ്ങള്‍ തകര്‍ത്തെന്നും ഇറാന്‍ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ കനത്ത നടപടിയെടുക്കുമെന്നും അമേരിക്ക പറഞ്ഞു. ബി 2 ബോംബര്‍ ഉപയോഗിച്ചാണ് അമേരിക്ക ഇറാനില്‍ ആക്രമണം നടത്തിയത്. 18 മണിക്കൂര്‍ പറന്നാണ് ഇവ ലക്ഷ്യസ്ഥാനത്തെത്തിയത്. വിമാനങ്ങള്‍ ഇറാന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയപ്പോള്‍ അന്തര്‍വാഹിനിയില്‍ നിന്ന് ആക്രമിച്ചു. ടോമഹോക് ദീര്‍ഘദൂര മിസൈലുകള്‍ പ്രയോഗിച്ചു. ഇസ്ഫഹാനില്‍ ആക്രമണം നടത്തിയത് അന്തര്‍വാഹിനിയില്‍ നിന്ന് മിസൈല്‍ അയച്ചാണ്. രണ്ട് ഡസനിലധികം മിസൈലുകള്‍ ഉപയോഗിച്ചു. 25 മിനിറ്റ് കൊണ്ട് ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി വ്യോമാതിര്‍ത്തി കടന്നുവെന്നും അമേരിക്ക വ്യക്തമാക്കി.


Feedback and suggestions

Related news