തീരുവയിൽ തട്ടി വ്യാപാര ചർച്ചകൾ തകർന്നു! അമേരിക്കൻ ഉൽപ്പന്നങ്ങൾക്കും പണികൊടുക്കാൻ കാനഡ?


22, August, 2026
Updated on 22, August, 2026 1


അമേരിക്ക – കാനഡ വ്യാപാര കരാർ ചർച്ചകൾ അന്തിമഘട്ടത്തിൽ പരാജയപ്പെട്ടതോടെ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്താൻ അമേരിക്കൻ ഭരണകൂടം തീരുമാനിച്ചു. അമേരിക്കയിൽ മൂന്ന് ദിവസമായി നടന്ന നയതന്ത്ര ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് സെക്ഷൻ 338 പ്രകാരമുള്ള പുതിയ തീരുവ അമേരിക്ക പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 22 (ശനിയാഴ്ച) അർധരാത്രിക്ക് ശേഷം ഏകദേശം 20 ബില്യൺ ഡോളർ മൂല്യമുള്ള കനേഡിയൻ ഉൽപന്നങ്ങൾക്ക് മേൽ സെക്ഷൻ 338 താരിഫുകൾ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.അമേരിക്കൻ നടപടിയെത്തുടർന്ന് അമർഷം രേഖപ്പെടുത്തിയ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ താത്കാലികമായി നിർത്തിവെച്ചതായി അറിയിച്ചു. അമേരിക്കൻ അവസാന നിമിഷം മുന്നോട്ടുവെച്ച നിബന്ധനകൾ അന്യായവും കാനഡയുടെ സാമ്പത്തിക താല്പര്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കയുടെ ഓരോ നടപടിയെയും “ഡോളറിന് ഡോളർ” എന്ന കണക്കിൽ കാനഡ തിരിച്ചടിക്കുമെന്നും, അമേരിക്കയുമായുള്ള ചർച്ചാ പ്രതിനിധികളോട് ഉടൻ തിരിച്ചെത്താൻ നിർദേശിച്ചതായും കാർണി വ്യക്തമാക്കി.സ്റ്റീൽ, തടി, വാഹനങ്ങൾ തുടങ്ങിയ പ്രധാനം മേഖലകളെ ലക്ഷ്യമിട്ടുള്ള ഈ തീരുവ പ്രഖ്യാപനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-വ്യാപാര ബന്ധത്തെ വൻ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അമേരിക്കയുടെ ഏകപക്ഷീയമായ നിലപാട് കാനഡയുടെ സാമ്പത്തിക വീണ്ടെടുപ്പിന് തിരിച്ചടിയാകുമെങ്കിലും, രാജ്യത്തിന്റെ താല്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്ത് ഒരു കരാറിനും തങ്ങളില്ലെന്നാണ് കനേഡിയൻ ഭരണകൂടത്തിന്റെ വ്യക്തമായ നിലപാട്.






Feedback and suggestions