ഇന്ത്യയെ ആഗോള ടൂറിസം ഭൂപടത്തിൽ മുൻനിരയിലെത്തിക്കാൻ പുതിയ നീക്കം; ഇൻഡിഗോയുമായി കൈകോർത്ത് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം


31, July, 2026
Updated on 31, July, 2026 2


ഇന്ത്യയെ ആഗോളതലത്തിലെ മുൻനിര വിനോദസഞ്ചാര കേന്ദ്രമായി മാറ്റുക ലക്ഷ്യമിട്ട് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയുമായി കൈകോർക്കുന്നു. ഡിജിറ്റൽ, അച്ചടി മാധ്യമങ്ങൾ, എയർപോർട്ട് ബ്രാൻഡിംഗ്, ഫ്ലൈറ്റിനുള്ളിലെ പ്രചാരണ പ്ലാറ്റ്‌ഫോമുകൾ, സോഷ്യൽ മീഡിയ, അന്താരാഷ്ട്ര ട്രാവൽ എക്‌സിബിഷനുകൾ എന്നിവയിലൂടെ വിപുലമായ ക്യാംപെയ്ൻ നടപ്പാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഇരുവിഭാഗങ്ങളും തമ്മിലുള്ള ധാരണാപത്രത്തിൽ ഔദ്യോഗികമായി ഒപ്പുവെച്ചു.കേന്ദ്ര വിനോദസഞ്ചാര-സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിന്റെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്ര കൈമാറ്റം നടന്നത്. മന്ത്രാലയത്തിന്റെ പ്രമുഖ ബ്രാൻഡായ ‘ഇൻക്രെഡിബിൾ ഇന്ത്യ’യും ഇൻഡിഗോയുടെ വിപുലമായ ആഭ്യന്തര-അന്തർദേശീയ സർവീസ് ശൃംഖലയും ഒന്നിക്കുന്നത് രാജ്യത്തിന്റെ ടൂറിസം പ്രചാരണങ്ങൾക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം സഹകരണങ്ങൾ ഇന്ത്യയുടെ ടൂറിസം സന്ദേശം ലോകത്തിന്റെ വിവിധ കോണുകളിലെത്തിക്കാനും, ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ഊട്ടിയുറപ്പിക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ധാരണാപത്രത്തിന്റെ ഭാഗമായി ‘Incredible India by IndiGo’ എന്ന പേരിൽ സംയുക്തമായൊരു ആഗോള ആശയവിനിമയ ക്യാംപെയ്‌ന് തുടക്കമാകും. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം, പ്രകൃതി സൗന്ദര്യം, ആത്മീയ ടൂറിസം, വെൽനസ് ടൂറിസം, സാഹസിക വിനോദസഞ്ചാരം, വന്യജീവി ടൂറിസം തുടങ്ങിയ രാജ്യത്തിന്റെ വൈവിധ്യമാർന്ന ടൂറിസം സാധ്യതകൾ ഇതിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കും.


ഇൻക്രെഡിബിൾ ഇന്ത്യയുടെ ബ്രാൻഡ് മെറ്റീരിയലുകളും പ്രചാരണ ഉള്ളടക്കങ്ങളും ടൂറിസം മന്ത്രാലയം ലഭ്യമാക്കും. കൂടാതെ, ആവശ്യമായ ഘട്ടങ്ങളിൽ വിവിധ വകുപ്പുകളുമായും ഏജൻസികളുമായും ഏകോപനം നടത്തി ക്യാമ്പയിന് പൂർണ്ണ പിന്തുണയും നൽകും. ഇൻഡിഗോ തങ്ങളുടെ ഉപഭോക്തൃ പ്ലാറ്റ്‌ഫോമുകൾ വഴി ഇന്ത്യയുടെ ടൂറിസം സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നതോടൊപ്പം, വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രത്യേക ഉള്ളടക്കങ്ങളും തയാറാക്കും. ആഭ്യന്തര, അന്തർദേശീയ വിപണികളിൽ ഇന്ത്യയുടെ വിനോദസഞ്ചാര സാധ്യതകളുടെ ദൃശ്യപരത വർധിപ്പിക്കുന്നതിനായി സംയുക്ത പ്രചാരണങ്ങളും വിവിധ പരിപാടികളും സംഘടിപ്പിക്കാനും ധാരണയായിട്ടുണ്ട്. രണ്ട് വർഷത്തെ പ്രാരംഭ കാലാവധിയാണ് ഈ ധാരണാപത്രത്തിനുള്ളത്. ഇതിനുമുമ്പ്, ജൂലൈ 27ന് എയർ ഇന്ത്യയുമായും സമാനമായ രീതിയിൽ ഇൻക്രെഡിബിൾ ഇന്ത്യ ബ്രാൻഡിന് കീഴിൽ കേന്ദ്ര ടൂറിസം മന്ത്രാലയം ധാരണാപത്രം ഒപ്പുവെച്ചിരുന്നു.




Feedback and suggestions